|

മമ്മൂക്കയുടെ അന്നത്തെ ചോദ്യങ്ങള്‍ എന്നെ ഞെട്ടിച്ചു; അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ലായിരുന്നു: റംസാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ ഡാന്‍സറും നടനുമാണ് റംസാന്‍ മുഹമ്മദ്. 2014ല്‍ ഇന്ത്യന്‍ ടെലിവിഷന്‍ റിയാലിറ്റി ഷോയായ ഡി4 ഡാന്‍സ് സീസണ്‍ വണ്ണിന്റെ വിജയി കൂടിയായിരുന്നു റംസാന്‍. 2017ല്‍ അദ്ദേഹം നിസാര്‍ സംവിധാനം ചെയ്ത ഡാന്‍സ് ഡാന്‍സ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ നായകനായി എത്തിയിരുന്നു.

എന്നാല്‍ അതിനുമുമ്പ് മമ്മൂട്ടി നായകനായ ഈ പട്ടണത്തില്‍ ഭൂതം (2009) എന്ന സിനിമയില്‍ ഉള്‍പ്പെടെ ബാലതാരമായി അഭിനയിച്ചിരുന്നു. ഇപ്പോള്‍ മമ്മൂട്ടി തന്നെ തിരിച്ചറിഞ്ഞതിനെ കുറിച്ചും ആ സിനിമയെ കുറിച്ച് തന്നോട് ഇങ്ങോട്ട് സംസാരിച്ചതിനെ കുറിച്ചും പറയുകയാണ് റംസാന്‍ മുഹമ്മദ്. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റംസാന്‍.

ഭീഷ്മപര്‍വം കഴിഞ്ഞിട്ട് ഞാന്‍ അബ്രോഡില്‍ ഒരു ഷോയ്ക്ക് വേണ്ടി പോയിരുന്നു. അന്ന് മമ്മൂക്കയും കൂടെ ഉണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ കുറച്ച് ഫ്രീ ആകുമ്പോള്‍ മമ്മൂക്കയെ ചുറ്റിപ്പറ്റി നില്‍ക്കുമായിരുന്നു. അദ്ദേഹത്തെ ദൂരെ നിന്ന് കാണുകയായിരുന്നു എന്റെ പണി.

അങ്ങനെ ഒരിക്കല്‍ മമ്മൂക്ക എന്നെ വിളിച്ചിട്ട് ‘ഇങ്ങോട്ട് വാ’ എന്ന് പറഞ്ഞു. എന്നോട് അന്ന് കുറച്ച് നേരം സംസാരിച്ചു. പക്ഷെ അപ്പോഴും ഞാന്‍ മുമ്പ് ഈ പട്ടണത്തില്‍ ഭൂതം സിനിമയില്‍ അഭിനയിച്ച കാര്യം അദ്ദേഹത്തോട് പറഞ്ഞിട്ടില്ലായിരുന്നു. ഒരുമിച്ച് അഭിനയിച്ച കാര്യം അദ്ദേഹത്തോട് പറഞ്ഞില്ല.

അഥവാ ഞാന്‍ മമ്മൂക്കയോട് ആ കാര്യം പറഞ്ഞാല്‍ അദ്ദേഹത്തിന് ഓര്‍മയില്ലെങ്കിലോ. പിന്നെ അത് എനിക്കൊരു വിഷമമാകും. അതുകൊണ്ടായിരുന്നു ഞാന്‍ ആ കാര്യം പറയാതിരുന്നത്. പക്ഷെ അന്ന് മമ്മൂക്ക ഇങ്ങോട്ട് അതിനെ പറ്റി സംസാരിച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി.

‘നീയൊക്കെ അന്ന് ചെറിയ പയ്യനായിരുന്നു. ഒക്കത്ത് എടുത്തു കൊണ്ട് നടന്ന ചെറുക്കനായിരുന്നു. പക്ഷെ ഇപ്പോള്‍ വളര്‍ന്ന് വലുതായി’ എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. അതുമാത്രമല്ല, ആ സിനിമയില്‍ കൂടെ അഭിനയിച്ചിരുന്ന ബാക്കിയുള്ളവരുടെ കാര്യവും അദ്ദേഹം ചോദിച്ചു.

‘അന്ന് വേറെ കുട്ടിയുണ്ടായിരുന്നല്ലോ. അവന്‍ അല്ലെങ്കില്‍ അവള്‍ എന്തുചെയ്യുന്നു’ എന്നൊക്കെയായിരുന്നു മമ്മൂക്ക ചോദിച്ചത്. ആ ചോദ്യങ്ങള്‍ എന്നെ ശരിക്കും ഞെട്ടിച്ചു. എല്ലാവരും മമ്മൂക്കയെ കുറിച്ച് പറഞ്ഞു കേട്ടിട്ടേയുള്ളൂ. ഞാന്‍ ആദ്യമായി അന്ന് എക്‌സ്പീരിയന്‍സ് ചെയ്തു. ഞാന്‍ അങ്ങോട്ട് പറയാതെ എന്നെ കുറിച്ച് ഓര്‍ത്തുവെക്കുക എന്നത് ചെറിയ കാര്യമല്ല. അദ്ദേഹത്തിന് സത്യത്തില്‍ അതിന്റെ ആവശ്യമില്ല,’ റംസാന്‍ മുഹമ്മദ് പറഞ്ഞു.

Content Highlight: Ramzan Muhammed Talks About Mammootty