| Saturday, 28th December 2024, 7:34 am

ഡാന്‍സ് ഓറിയന്റഡായ സിനിമ വരികയാണെങ്കില്‍ നായകനായി ഞാന്‍ ആഗ്രഹിക്കുന്നത് ആ മലയാള നടനെ: റംസാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് റൈഫിള്‍ ക്ലബ്. ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നായിരുന്നു ഈ സിനിമക്ക് കഥ എഴുതിയത്.

വിജയരാഘവന്‍, വാണി വിശ്വനാഥ്, ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, ഹനുമാന്‍കൈന്‍ഡ്, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, പൊന്നമ്മ ബാബു, സുരഭി ലക്ഷ്മി തുടങ്ങിയ മികച്ച താരനിരയായിരുന്നു റൈഫിള്‍ ക്ലബിനായി ഒന്നിച്ചത്. അവര്‍ക്ക് പുറമെ ഡാന്‍സറും നടനുമായ റംസാന്‍ മുഹമ്മദും സിനിമയില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

ഇപ്പോള്‍ മലയാളത്തില്‍ പൂര്‍ണമായും ഒരു ഡാന്‍സ് ഓറിയന്റഡായ സിനിമ വരികയാണെങ്കില്‍ ആരെയാകും നായകനായി ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് റംസാന്‍. റൈഫിള്‍ ക്ലബിന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റംസാന്‍ മുഹമ്മദ്.

‘അങ്ങനെയൊരു സിനിമ കൊറിയോഗ്രഫി ചെയ്യാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ചെയ്യും. അതില്‍ ലീഡ് റോളില്‍ ആരെ വേണമെന്ന് ചോദിച്ചാല്‍, എനിക്ക് കുറേ ആളുകളെ ഒന്ന് പോളിഷ് ചെയ്ത് എടുക്കാന്‍ ആഗ്രഹമുണ്ട്.

കുറച്ചധികം കപ്പാസിറ്റിയുള്ള ആളുകള്‍ നമ്മുടെ ഇന്‍ഡസ്ട്രിയിലുണ്ട്. ബോഗെയ്ന്‍വില്ല എന്ന സിനിമയില്‍ ചാക്കോച്ചന്റെ മറ്റൊരു തരത്തിലുള്ള പെര്‍ഫോമന്‍സ് നമ്മള്‍ കണ്ടു. അതിന്റെ അപ്പുറത്തേക്ക് എങ്ങനെ എത്തിക്കാന്‍ സാധിക്കും എന്നാണ് ചിന്തിക്കേണ്ടത്.

ഞാന്‍ മലയാള സിനിമയില്‍ നോക്കികാണുന്ന ഒരാള്‍ ചാക്കോച്ചനാണ്. അദ്ദേഹത്തിന്റെ കൂടെ ഞാന്‍ ഒരു വര്‍ക്ക് ചെയ്തിട്ടുണ്ട്. എങ്കിലും ചാക്കേച്ചനെ എനിക്ക് വ്യത്യസ്തമായ പെര്‍ഫോമന്‍സിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹമുണ്ട്,’ റംസാന്‍ മുഹമ്മദ് പറഞ്ഞു.

Content Highlight: Ramzan Muhammed Talks About Kunchacko Boban

We use cookies to give you the best possible experience. Learn more