ചെറിയ കഥാപാത്രങ്ങളിലൂടെ തന്റെ സിനിമ ജീവിതം തുടങ്ങിയ നടിയാണ് രമ്യ നമ്പീശൻ. 2006ൽ ഇറങ്ങിയ ആനചന്തം എന്ന ചിത്രത്തിലാണ് പ്രധാന നായികയായി രമ്യ മാറുന്നത്. എന്നാൽ പിന്നീട് മലയാളത്തിലും തമിഴിലും തിരക്കുള്ള നടിയായി മാറാൻ രമ്യ നമ്പീശന് കഴിഞ്ഞു.
ആ കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഫഹദ് ഫാസിൽ നായകനായി എത്തിയ ചാപ്പാ കുരിശ്. സമീർ താഹിർ സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ പുതിയൊരു ശൈലി കൊണ്ടുവന്ന സിനിമയായിരുന്നു. ചിത്രത്തിലെ ഒരു പ്രധാന സീനായിരുന്നു രമ്യയും ഫഹദും തമ്മിലുള്ള ലിപ് ലോക്ക് രംഗം.
ആ സീൻ ചെയ്യാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും എന്നാൽ കഥാപാത്രത്തിന്റെ പൂർണതയ്‌ക്ക് വേണ്ടി അത് തന്നോട് ചെയ്യാൻ പറഞ്ഞത് രക്ഷിതാക്കളാണെന്നും രമ്യ പറയുന്നു. ആ സീൻ ഇല്ലെങ്കിൽ ചാപ്പാ കുരിശിന് റലവൻസ് ഇല്ലെന്നും അത് ഒഴിവാക്കാൻ പറ്റില്ലെന്നും രമ്യ പറയുന്നു. വനിത മാഗസിനോട് സംസാരിക്കുകയായിരുന്നു രമ്യ.
‘കരിയറിൽ മാറ്റം വരുന്നത് ട്രാഫിക് സിനിമ മുതലാണ്. ബോബി സഞ്ജയ്, രാജേഷ് പിള്ള ലിസ്‌റ്റിൻ സ്‌റ്റീഫൻ എന്നിവർക്ക് അവർ ആ റോളിലേക്ക് എന്നെ തീരുമാനിച്ചതിൽ നന്ദി പറയുകയാണ്. ചാപ്പാ കുരിശ്, ഈ അടുത്ത കാലത്ത്, തമിഴിൽ പിസ ഒക്കെ പിന്നെയാണ് സംഭവിക്കുന്നത്. പലരും വേണ്ടെന്നുവച്ച റോളുകൾ എന്നിലേക്കെത്തിയിട്ടുണ്ട്. അവ കരിയറിലെ ഓർക്കപ്പെടുന്ന സിനിമകളുമായി. തമിഴിൽ സേതുപതി അങ്ങനെയൊന്നാണ്.
ചാപ്പാ കുരിശ് സിനിമയിലെ ലിപ് ലോക്ക് സീൻ ചെയ്യാൻ അൽപം ടെൻഷനുണ്ടായിരുന്നു. പലരോടും ഉപദേശം തേടി. കഥയ്ക്ക് ആവശ്യമെങ്കിൽ നീയതു ചെയ്യണം എന്ന് തീർത്തു പറഞ്ഞത് അച്ഛനും അമ്മയുമാണ്. ഏറ്റെടുത്ത കഥാപാത്രം പൂർണതയോടെ ചെയ്യാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നാണ് അച്ഛൻ പറഞ്ഞത്.
റിയൽ ലൈഫും റീൽ ലൈഫും ഒന്നായിക്കാണുന്നതെന്തിന് ? റീൽ ലൈഫിൽ ആ കഥാപാത്രം അങ്ങനെ ചെയ്യുന്നത് റിയൽ ലൈഫുമായി ബന്ധപ്പെടുത്തേണ്ടതില്ല. ആ സീൻ ഇല്ലെങ്കിൽ ചാപ്പാക്കുരിശ് എന്ന സിനിമയ്ക്ക് റെലവൻസില്ല.
അതിനാൽ ആ സീൻ മാറ്റുകയല്ല, എന്നെ ഒഴിവാക്കുകയെന്നതാണു പോംവഴി. അപ്പോൾ നഷ്‌ടം എനിക്കാണ്. നല്ലൊരു കഥാപാത്രം കൈവിട്ടു പോകും അങ്ങനെയൊരു സാഹചര്യത്തിൽ, ബാക്കിയുള്ളവർ എന്തു പറഞ്ഞാലും, ഹൗ യു ടേക്ക് ഇറ്റ് എന്നേയുള്ളൂ,’രമ്യ നമ്പീശൻ പറയുന്നു.
Content Highlight: Ramya Nambeeshan Talk About Chappakurish Movie