|

ആ നടനും ഞാനും തമ്മില്‍ നല്ല കെമിസ്ട്രിയുണ്ട്; അയാള്‍ നല്ലൊരു അഭിനേതാവും മനുഷ്യനുമാണ്: രമ്യ നമ്പീശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് സേതുപതി നല്ലൊരു അഭിനേതാവും വ്യക്തിയുമാണെന്ന് പറയുകയാണ് നടി രമ്യ നമ്പീശന്‍. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോള്‍ അഭിനയത്തിന്റെ ടെക്‌നിക്കുകള്‍ ധാരാളം മനസിലാക്കാനാവുമെന്നും ഒപ്പം അഭിനയിക്കുന്നവരെ പ്രോത്സാഹിപ്പിച്ച് അവരുടെ കഴിവുകള്‍ക്ക് അദ്ദേഹം ഐഡന്റിറ്റി ഉണ്ടാക്കിക്കൊടുക്കുമെന്നും നടി പറഞ്ഞു.

വിജയ് സേതുപതിയോടൊപ്പം ഇതുവരെ മൂന്ന് തമിഴ് സിനിമകളില്‍ അഭിനയിക്കാന്‍ രമ്യ നമ്പീശന് സാധിച്ചിരുന്നു. തങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രിയുണ്ടെന്നും വിജയ് നല്ല നടന്‍ മാത്രമല്ല, നല്ല മനുഷ്യന്‍ കൂടെയാണെന്നും രമ്യ നമ്പീശന്‍ പറയുന്നു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഞാന്‍ മാത്രമല്ല, ആരോട് ചോദിച്ചാലും വിജയ് സേതുപതി നല്ലൊരു അഭിനേതാവും വ്യക്തിയുമാണ് എന്നേ എല്ലാവരും പറയുകയുള്ളൂ. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോള്‍ അഭിനയത്തിന്റെ ടെക്‌നിക്കുകള്‍ ധാരാളം മനസിലാക്കാനാവും.

അദ്ദേഹം തന്നോടൊപ്പം അഭിനയിക്കുന്നവര്‍ക്ക് അഭിനയത്തിന്റെ ചില ടിപ്‌സുകള്‍ നല്‍കും. ഒപ്പം അഭിനയിക്കുന്നവരെ പ്രോത്സാഹിപ്പിച്ച് അവരുടെ കഴിവുകള്‍ക്ക് അദ്ദേഹം ഐഡന്റിറ്റി ഉണ്ടാക്കിക്കൊടുക്കും. ഞങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രിയുണ്ട്. നല്ല നടന്‍ മാത്രമല്ല, നല്ല മനുഷ്യന്‍ കൂടെയാണ് അദ്ദേഹം,’ രമ്യ നമ്പീശന്‍ പറഞ്ഞു.

സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ ഹീറോ ആരാണെന്ന് നോക്കാറില്ലെന്നും ആ കഥയും അതിലെ കഥാപാത്രവും ഇഷ്ടപ്പെട്ടാല്‍ താന്‍ അഭിനയിക്കാന്‍ സമ്മതിക്കുമെന്നും നടി അഭിമുഖത്തില്‍ പറയുന്നു. കൂടെ അഭിനയിക്കുന്നത് പുതിയ ഹീറോ ആണെങ്കില്‍ ഏറെ അഭിനയ സാധ്യതയുണ്ടാവുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

‘ഒരു സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ തന്നെ ഹീറോ ആരാണ് എന്ന് നോക്കാറില്ല. ആദ്യം ആ കഥയും അതിലെ കഥാപാത്രവും എനിക്ക് ഇഷ്ടപ്പെട്ടാല്‍ ഞാന്‍ അഭിനയിക്കാന്‍ സമ്മതിക്കും. പിന്നെ പുതിയ ഹീറോ ആണെങ്കില്‍ ഏറെ അഭിനയ സാധ്യതയുണ്ടാവും. ആര്‍ക്കൊപ്പം എന്നതിനേക്കാള്‍ എന്റെ കഥാപാത്രം എന്താണ് എന്നതിനാണ് പ്രാധാന്യം കൊടുക്കുക,’ രമ്യ നമ്പീശന്‍ പറയുന്നു.

Content Highlight: Ramya Nambeesan Talks About Vijay Sethupathi

Video Stories