Entertainment
ആ സൂപ്പര്‍സ്റ്റാര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഭയം തോന്നി; വേറെ ചോയ്‌സില്ലാത്തത് കൊണ്ട് മാത്രം ചെയ്തു: രമ്യ കൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 31, 07:32 am
Friday, 31st January 2025, 1:02 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് രമ്യ കൃഷ്ണന്‍. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച നേരം പുലരുമ്പോള്‍ എന്ന മലയാള ചിത്രമായിരുന്നു നടി നായികയായി ഷൂട്ട് ചെയ്യപ്പെട്ട ആദ്യ സിനിമ. എന്നാല്‍ 1985ല്‍ ഷൂട്ട് ചെയ്ത ചിത്രം റിലീസിന് എത്തിയത് 1986ലായിരുന്നു.

വൈ.ജി. മഹേന്ദ്രക്കൊപ്പം അഭിനയിച്ച വെള്ളൈ മനസ് ആയിരുന്നു രമ്യ കൃഷ്ണന്റേതായി ആദ്യമായി റിലീസ് ചെയ്യപ്പെട്ട സിനിമ. പിന്നീട് തെലുങ്കിലും തമിഴിലും മലയാളത്തിലുമായി മികച്ച സിനിമകളുടെ ഭാഗമാകാന്‍ രമ്യക്ക് സാധിച്ചിരുന്നു.

എന്നാല്‍ രജിനികാന്ത് ചിത്രമായ പടയപ്പയിലെ നെഗറ്റീവ് കഥാപാത്രമായിരുന്നു നടിയുടെ കരിയറില്‍ എന്നും ഓര്‍ക്കപ്പെടുന്ന ഒരു കഥാപാത്രം. തന്റെ ഇരുപത്തിയൊമ്പതാം വയസിലായിരുന്നു രമ്യ കൃഷ്ണന്‍ നീലാംബകി എന്ന ആ കഥാപാത്രം ചെയ്യുന്നത്.

മാസും ക്ലാസും സ്ത്രീ കഥാപാത്രങ്ങള്‍ക്കും വഴങ്ങുമെന്ന് നീലാംബരിയിലൂടെ രമ്യ തെളിയിക്കുകയായിരുന്നു. എന്നാല്‍ നീലാംബരിയെ കുറിച്ച് തന്നോട് പറയുമ്പോള്‍ തനിക്ക് വളരെയധികം ഭയം തോന്നിയിരുന്നെന്ന് പറയുകയാണ് നടി. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രമ്യ കൃഷ്ണന്‍.

‘ഇന്നത്തെ നായികമാരോട് എനിക്ക് പറയാനുള്ള ഒരു കാര്യമുണ്ട്. ഈ ക്യാരക്ടര്‍ മാത്രമേ ചെയ്യൂ, ആ ക്യാരക്ടര്‍ ചെയ്യില്ല എന്നൊന്നും ഒരിക്കലും പറയരുത്. മനസ് തുറന്ന് വെച്ചോളൂ. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തത് കൊണ്ട് ആ ക്യാരക്ടര്‍ നല്ലതാവില്ല എന്നില്ല.

എന്തുകൊണ്ടെന്നാല്‍ നീലാംബരിയെ കുറിച്ച് എന്നോട് പറയുമ്പോള്‍ എനിക്ക് വളരെയധികം ഭയം തോന്നിയിരുന്നു. എന്നാല്‍ ആ സമയത്ത് വേറെ ചോയ്‌സ് എനിക്ക് ഇല്ലാത്തത് കൊണ്ടാണ് ഞാന്‍ അത് ചെയ്തത്. പക്ഷേ ആ കഥാപാത്രമായി ഞാന്‍ ആത്മാര്‍ത്ഥമായി അഭിനയിച്ചു.

അതായിരുന്നു എന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറിയത്. അതുപോലെ നമ്മള്‍ പ്രതീക്ഷിക്കാത്ത ചിലതൊക്കെ നടക്കും. വ്യത്യസ്തമായ കഥാപ്രാത്രം അഭിനയിക്കാനായി നിങ്ങളെ സമീപിച്ചാല്‍, എന്തു കൊണ്ടാണ് അങ്ങനെ ആവശ്യപ്പെടുന്നതെന്ന് ആലോചിച്ച് വേണം തീരുമാനമെടുക്കാന്‍. അല്ലാതെ മനസിനെ ബ്ലോക്ക് ചെയ്ത് വയ്ക്കരുത്,’ രമ്യ കൃഷ്ണന്‍ പറഞ്ഞു.

Content Highlight: Ramya Krishnan Talks About Padayappa Movie