വിക്രത്തിന് ശേഷം തമിഴകത്ത് നിന്നുമെത്തിയ മാസ് ആക്ഷന്‍ ചിത്രം ജയിലര്‍ കൊണ്ടാടുകയാണ് ഇന്ത്യന്‍ സിനിമ ലോകം. പരാജയത്തില്‍ നിന്നും രജിനികാന്തിന് ഉയര്‍പ്പ് നല്‍കിയ ചിത്രത്തിലെ മള്‍ട്ടി സ്റ്റാര്‍ കാമിയോകളും ചര്‍ച്ചയാവുന്നുണ്ട്.
ഇന്ത്യന്‍ മാസ് സിനിമകള്‍ക്ക് പൊതുവേ ഉണ്ടാവാറുള്ള ഒരു കുറവ് അതില്‍ ശക്തരായ സ്ത്രീ കഥാപാത്രങ്ങളില്ല എന്നതാവും. ജയിലറിലും അത് തന്നെ ആവര്‍ത്തിക്കുന്നുണ്ട്. ആ കുറവ് മുഴച്ചുനില്‍ക്കുന്നത് രമ്യ കൃഷ്ണന്റെ കാസ്റ്റിങ്ങിലാണ്. ചിത്രത്തിലെ മറ്റ് സ്ത്രീ കഥാപാത്രങ്ങളെന്ന പോലെ രമ്യ കൃഷ്ണനും ഒന്നും ചെയ്യാനില്ല. കുടുംബത്തിന് വെച്ചുവിളമ്പികൊടുക്കുന്ന, ഭര്‍ത്താവിന്റെ വീരപരാക്രമങ്ങള്‍ കണ്ട് ഭയക്കുന്ന ഒരു സാദാ വീട്ടമ്മയാണ് അവര്‍.
രജിനികാന്തിനെതിരെ മുമ്പ് വില്ലത്തിയായി നിന്ന രമ്യ കൃഷ്ണന് ടിഷ്യു പേപ്പറെടുത്ത് മുഖത്തെ രക്തം തുടക്കുന്നതിനപ്പുറം ഇംപാക്ടുള്ള മറ്റൊരു രംഗവും ജയിലറിലില്ല. രജിനികാന്ത് ചിത്രങ്ങളുടെ ചരിത്രം തന്നെയെടുത്താല്‍ നായകകഥാപാത്രത്തിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ എതിരാളി ആയിരിക്കും പടയപ്പയിലെ നീലാംബരി. പകയും പ്രതികാരവും ആളിക്കത്തിയ ആ കണ്ണുകള്‍ ഏത് രജിനി ആരാധകര്‍ക്കാവും മറക്കാനാവുക.
ബാഹുബലിയുടെ അടിത്തറകളിലൊന്ന് ശിവകാമി ദേവി എന്ന കഥാപാത്രമാണ്. അതുപോലെ ഐക്കോണിക്കായ കഥാപാത്രങ്ങളെ അവതരിപ്പിച്ച രമ്യ കൃഷ്ണനെ ഇത്തരമൊരു ചെറിയ റോളിലേക്ക് കാസ്റ്റ് ചെയ്തത് നെല്‍സണ് പറ്റിയ ഒരു പാളിച്ചയാണ്.
ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്കാര്‍ക്കും തന്നെ ഒന്നും ചെയ്യാനില്ലാതെ ആണ്‍കോയ്മയുടെ ആഘോഷമായി മാത്രം ജയിലര്‍ ചുരുങ്ങിയത് ഒരു പോരായ്മ തന്നെയാണ്. മുന്‍ ചിത്രമായ ബീസ്റ്റിലും ഇതേ പ്രശ്‌നമുണ്ട്. തീവ്രവാദികള്‍ വളഞ്ഞിരിക്കുന്ന മാളില്‍ നായകനോട് പൊസസീവ്‌നെസ് കാണിക്കുന്നതിനപ്പുറം നായികക്ക് ഒന്നും ചെയ്യാനില്ലായിരുന്നു.
തന്റെ ആദ്യചിത്രത്തില്‍ ഒരു സ്ത്രീയെ കേന്ദ്രകഥാപാത്രമാക്കി ഹിറ്റാക്കിയ നെല്‍സന്റെ ഭാഗത്ത് നിന്ന് തന്നെ ഇത് സംഭവിക്കുന്നത് നിരാശയുളവാക്കുന്നതാണ്.
Content Highlight: Ramya Krishnan’s charecterisation in Jailer movie