| Tuesday, 8th August 2023, 8:44 am

പടയപ്പയിലെ കഥാപാത്രം ചെയ്തപ്പോൾ ഞാൻ സന്തോഷവതിയായിരുന്നില്ല: രമ്യ കൃഷ്ണൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പടയപ്പയിലെ നീലാംബരി എന്ന കഥാപാത്രം ചെയ്തപ്പോൾ താൻ അത്ര സന്തോഷവതി ആയിരുന്നില്ലെന്ന് നടി രമ്യ കൃഷ്ണൻ. തന്റേത് ഒരു അഹങ്കാരിയായ കഥാപാത്രം ആയിരുന്നെന്നും നടി സൗന്ദര്യയുടെ മുഖത്ത് ചവിട്ടുന്ന സീൻ വരെ ഉണ്ടായിരുന്നെന്നും രമ്യ പറഞ്ഞു. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

തന്റെ അഭിനയത്തിലെ ഫ്ലെക്സിബിലിറ്റി പല തരത്തിലുള്ള വേഷങ്ങൾ ചെയ്യാൻ സഹായിച്ചിട്ടുള്ളതായി തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘ചില വേഷങ്ങളോട് എനിക്ക് നോ പറയാൻ പറ്റില്ലായിരുന്നു. അത് ചിലപ്പോഴൊക്കെ പോസിറ്റീവായി തന്നെ വന്നിട്ടുമുണ്ട്. നെഗറ്റീവ് റോൾ ആണെങ്കിൽകൂടിയും എങ്ങനെയാണ് പടയപ്പ പോലെയൊരു സിനിമയിലെ കഥാപാത്രത്തോട് ഞാൻ നോ പറയുക?

ഞാൻ സൗന്ദര്യയ്ക്കൊക്കെ തുല്യമാണ് അതുകൊണ്ട് നെഗറ്റീവ് റോളുകൾ ഒന്നും ചെയ്യില്ലെന്ന് എങ്ങനെയാണ് ഞാൻ പറയുക? അന്നൊക്കെ വില്ലൻ കഥാപാത്രങ്ങൾ നായകനേക്കാൾ അല്ലെങ്കിൽ നായികയേക്കാൾ ഒരു സ്റ്റെപ്പ് താഴെയാണെന്നാണ് കരുതിയിരുന്നത്. ‘വില്ലൻ’ എന്ന് പറയുന്നതുപോലെ സ്ത്രീകൾ ‘വില്ലി’ ആയിരുന്നു (ചിരിക്കുന്നു). എനിക്ക് അത്തരം കഥാപാത്രങ്ങളോട് നോ പറയാൻ പറ്റുകയുമില്ല ഞാൻ നോ പറയുകയുമില്ല, അതുപോലുള്ള സിനിമകളാണ് വേണ്ടത്. നെഗറ്റിവ് റോളുകൾ എനിക്ക് വർക്കാകുമോ എന്നൊന്നും അറിയിലായിരുന്നു പക്ഷെ അന്ന് ആ കഥാപാത്രം എനിക്ക് ആവശ്യമായിരുന്നു.

ഫസ്റ്റ് ഹീറോയിനോ അല്ലെങ്കിൽ സെക്കൻഡ് ഹീറോയിനോ എന്നൊന്നും അന്നെനിക്കില്ലായിരുന്നു. സൂപ്പർ സ്റ്റാർ രജിനിയുടെ ചിത്രത്തിൻറെ ഭാഗമാകുക എന്നുള്ളതായിരുന്നു എന്റെ ലക്ഷ്യം. അതെന്റെ കരിയർ ചോയ്സ് ആയിരുന്നു. ആളുകൾ എന്നെ ശ്രദ്ധിക്കണം, അതൊരു വലിയ ചിത്രം ആയിരുന്നല്ലോ, അതുകൊണ്ട് ഞാൻ അതുപോലൊരു തീരുമാനം എടുത്തു. ഭാഗ്യവശാൽ അത് വർക്കായി. എന്റെ കരിയറിലെ ബെസ്റ്റ് ചോയ്സ് ആയിരുന്നു അത്.

പക്ഷെ ആ കഥാപാത്രം തെരഞ്ഞെടുത്തതിൽ ഞാൻ അത്ര സന്തോഷവതി ആയിരുന്നില്ല. എന്റെ കാല് സൗന്ദര്യയുടെ മുഖത്ത് വെക്കുന്ന സീൻ, ‘വയസാനാലും ഉങ്കളുടെ സ്റ്റൈൽ ഉന്ന വിട്ട് പോകലെ’ എന്ന ഡയലോഗെല്ലാം അഹങ്കാരത്തിന്റെ അങ്ങേയറ്റമാണ്‌. നീലാംബരി എന്ന കഥാപാത്രം തന്നെ അഹങ്കാരത്തിന്റെ പ്രതീകമായിരുന്നു (ചിരിക്കുന്നു).

ദൈവമേ ഞാൻ ഇതൊക്കെ എങ്ങനെ ചെയ്യും എന്നൊക്കെ അന്ന് എന്റെ തലയിലൂടെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. റിലീസിന് ശേഷം അത് വർക്കായി എന്നറിഞ്ഞപ്പോൾ എനിക്ക് സന്തോഷമായി. അതെനിക്ക് പോസിറ്റിവായ അനുഭവം ആയിരുന്നു,’ രമ്യ കൃഷ്ണൻ പറഞ്ഞു.

Content Highlights: Ramya Krishnan on Padayappa Movie

We use cookies to give you the best possible experience. Learn more