| Sunday, 17th March 2019, 12:19 am

രമ്യാ ഹരിദാസ്: കോണ്‍ഗ്രസിന്‍റെ പുറത്തുവന്ന സ്ഥാനാര്‍ത്ഥി പട്ടികയിലെ ഏക സ്ത്രീ സാന്നിധ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

17ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക പുറത്തു വന്നപ്പോള്‍ അതിലെ ഏക സ്ത്രീ സാന്നിധ്യമായി മാറിയിരിക്കുകയാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ്. ആലത്തൂര്‍ എല്‍.ഡി.എഫിന്റെ പി.കെ ബിജുവിനെതിരെയാണ് രമ്യാ ഹരിദാസ് തന്റെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.

2013ല്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്തത്തില്‍ നടന്ന ടാലന്റ് ഹണ്ടിലൂടെയാണ് രമ്യാ ഹരിദാസ് എന്ന ബി.എ സംഗീത വിദ്യാര്‍ത്ഥി ശ്രദ്ധയാകര്‍ഷിക്കുന്നത്. പരിപാടിയിലെ പ്രകടനത്തിലൂടെ തന്റെ നേതൃത്വപാടവം തെളിയിച്ച രമ്യ 2015 മുതല്‍ കോഴിക്കോട്ടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്.

2008ലെ മണ്ഡലം പുനക്രമീകരണത്തില്‍ രൂപീകൃതമായ സംവരണമണ്ഡലമായ ആലത്തൂരില്‍ നടന്ന രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും സി.പി.ഐ.എമ്മിന്റെ പി.കെ. ബിജുവായിരുന്നു വിജയി എന്നിരിക്കെ രമ്യാ ഹരിദാസിന് വിജയം എളുപ്പമാവില്ലെന്നാണ് കണക്കു കൂട്ടല്‍.

Also Read കെ.വി തോമസിന് സീറ്റ് നിഷേധിച്ചത് മോദിയെ പ്രശംസിച്ചതിനാല്‍, മോദി ആരാധനയുടെ പേരില്‍ ഇനിയും ആളുകള്‍ പുറത്തുവരും; ബി. ഗോപാലകൃഷ്ണന്‍

ആലപ്പുഴ, വയനാട് എന്നീ സീറ്റുകളില്‍ ഷാനി മോള്‍ ഉസ്മാന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും ഈ സീറ്റുകളിലെ സ്ഥാനാര്‍ത്ഥിത്തത്തെ പറ്റി ഇനിയും സ്ഥിരീകരണം ആയിട്ടില്ല.

അതേസമയം കോണ്‍ഗ്രസിന്റെ എറണാകുളത്തേയും, കാസര്‍ഗോഡേയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിനു പിന്നാലെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കാസര്‍ഗോഡ് സുബയ്യ റാവുവിനെ തഴഞ്ഞ് രാജ്മോഹന്‍ ഉണ്ണിത്താനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് ഡി.സി.സി ഭാരവാഹികള്‍ രാജിക്കൊരുങ്ങുകയാണെന്നാണ് വിവരം.

എറണാകുളത്ത് സിറ്റിങ്ങ് എം.പിയായ കെ.വി തോമസിനെ മാറ്റി ഹൈബി ഈഡനെ മത്സരിപ്പിച്ചതില്‍ കെ.വി തോമസ് പ്രതിഷേധം അറിയിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു.

സാധ്യതാ പട്ടിക
കാസര്‍കോട്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കണ്ണൂര്‍, കെ. സുധാകരന്‍
കോഴിക്കോട്, എം.കെ.രാഘവന്‍
ആലത്തൂര്‍, രമ്യ ഹരിദാസ്
പാലക്കാട്, വി.കെ. ശ്രീകണ്ഠന്‍
ചാലക്കുടി, ബെന്നി ബെഹനാന്‍
തൃശൂര്‍, ടി.എന്‍. പ്രതാപന്‍
എറണാകുളം, ഹൈബി ഈഡന്‍
ഇടുക്കി, ഡീന്‍ കുര്യാക്കോസ്
മാവേലിക്കര, കൊടിക്കുന്നില്‍ സുരേഷ്
പത്തനംതിട്ട, ആന്റോ ആന്റണി
തിരുവനന്തപുരം, ശശി തരൂര്‍

We use cookies to give you the best possible experience. Learn more