കോഴിക്കോട്: ജനാധിപത്യത്തില്‍ വിമത സ്വരങ്ങളും വിമര്‍ശനങ്ങളും അനിവാര്യതയാണെന്ന് രമ്യ ഹരിദാസ് എം.പി. ഏതൊരു സര്‍ക്കാറിനും പ്രതിപക്ഷത്തോടൊപ്പം ഉള്‍പാര്‍ട്ടി ചര്‍ച്ചയില്‍ ഭരണകക്ഷിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ ചോദ്യങ്ങള്‍ ഉണ്ടായിരിക്കണമെന്നും രമ്യ ഹരിദാസ് പറഞ്ഞു. സ്വര്‍ണക്കടത്തു കേസില്‍ മഖ്യമന്ത്രിക്കെതിരെ ആരോപണമുയര്‍ന്നിട്ടും ഇടതുനേതൃത്വം ചോദ്യം ചെയ്യുന്നില്ലെന്നും രമ്യ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രമ്യ ഹരിദാസിന്റെ പ്രതികരണം.
കേന്ദ്രത്തിലും കേരളത്തിലും ഭരണം ഏകാധിപത്യത്തിലേക്ക് നീങ്ങാന്‍ പ്രധാന കാരണം ചോദ്യം ചെയ്യാനും വിമര്‍ശിക്കാനും ഭരണകക്ഷിയില്‍ ആരും ഇല്ലാതെ പോയതാണ്. തെറ്റുകള്‍ക്കെതിരെ വിമര്‍ശനം ഉണ്ടായിരിക്കണം. അതില്ലാതെയാകുമ്പോഴാണ് ഏകാധിപതികള്‍ വളരുന്നത്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എന്നും തിരുത്തല്‍ ശക്തികളുണ്ടായിരുന്നു. ബഹുമാന്യരായ എം.വി.രാഘവനും കെ.ആര്‍. ഗൗരിയമ്മയടക്കമുള്ള മണ്‍മറഞ്ഞ നേതാക്കളും നല്ലകാര്യങ്ങളുടെ അനുകൂലികളായിരുന്ന പോലെ തെറ്റുകള്‍ക്കെതിരെ എതിര്‍ ശബ്ദങ്ങളുമായിരുന്നു. പുറത്തറിയുന്നതും അറിയാത്തതുമായ എതിര്‍ ശബ്ദങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എന്നുമുണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി ബഹു.അച്ചുതാനന്ദന്‍ ഭരിച്ചിരുന്ന കാലം വരെ. ഇന്നെന്താണ് സ്ഥിതി? പാര്‍ട്ടി സെക്രട്ടറി മുതല്‍ മുന്നണി കണ്‍വീനര്‍ വരെ, യുവജന കമ്മിറ്റി സെക്രട്ടറിമാര്‍ മുതല്‍ ബഹുജന കമ്മിറ്റികളുടെ സെക്രട്ടറിമാര്‍ വരെ പാര്‍ട്ടി വേദികളിലും യോഗങ്ങളിലും നിശബ്ദരാണെന്നും രമ്യ ഹരിദാസ് പറഞ്ഞു.
ഇത്രയധികം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മിക്ക ആരോപണങ്ങളും ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയോട് ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിക്കാനും വസ്തുത വിവരിക്കാനും ആവശ്യപ്പെടാനുള്ള ധൈര്യമില്ലാത്തവരായി മാറിയിരിക്കുന്നു. പാര്‍ട്ടി വ്യക്തികേന്ദ്രീകൃത അടിമത്വത്തിലേക്ക് നീങ്ങിയിരിക്കുന്നു. അവിടെയാണ് ധാര്‍ഷ്ട്യവും ധിക്കാരവും ഏകാധിപതികളും പിറവികൊള്ളുന്നത്. ഇങ്ങനെയാണ് കിങ് ജോങ് ഉന്നുമാരും മുസോളനിമാരും പിറവികൊള്ളുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു.
ജനാധിപത്യ സംവാദങ്ങള്‍ നടക്കേണ്ടുന്ന ,ആരോപണങ്ങളും ജനകീയപ്രശ്‌നങ്ങളും വസ്തുതാപരമായി ചര്‍ച്ച ചെയ്യേണ്ടുന്ന നിയമസഭയില്‍ ഭരണകക്ഷിക്കാരുടെ ചര്‍ച്ച കേവലം പുകഴ്ത്തി പാട്ടുകള്‍ മാത്രമായി മാറിയിരിക്കുന്നു.ജനാധിപത്യത്തിന്റെ മരണമണിയാണത്.തിരുത്താനും ചോദ്യങ്ങള്‍ ഉന്നയിക്കാനും ധാര്‍മിക ഉത്തരവാദിത്വമുള്ള മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ കുറ്റകരമായ നിശബ്ദതയിലാണ്.
‘ഉയരാന്‍ മടിക്കുന്ന കൈയും പറയാന്‍ മടിക്കുന്ന നാവും അടിമത്വത്തിന്റേതാണ്’..
സമ്മേളനവേദികളിലെ മുദ്രാവാക്യത്തിനും ഡയലോഗിനുമപ്പുറം ഈ വാചകങ്ങള്‍ മുഖ്യമന്ത്രിയെ കാണുമ്പോള്‍ കൂടി ഓര്‍ക്കണമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
CONTENT HIGHLIGHTS: Ramya Haridas says Fearing the communist party would question the chief minister Pinarayi Vijayan