ആലത്തൂര്‍: മറുനാടന്‍ മാത്രമല്ല എതിര്‍ക്കുന്നവരെ മുഴുവന്‍ പൂട്ടിക്കുക എന്നത് കമ്മ്യൂണിസത്തിന്റെ വര്‍ഗസ്വഭാവമാണെന്ന് രമ്യ ഹരിദാസ് എം.പി. കേവലം ഒരു മറുനാടന്‍ മലയാളിയില്‍ കമ്മ്യൂണിസ്റ്റുകളുടെ മാധ്യമ വേട്ട തീരുമെന്ന് കരുതരുതെന്നും ആലത്തൂര്‍ എം.പി വിമര്‍ശിച്ചു.
മുസ്‌ലിം വിരുദ്ധ വാര്‍ത്തകളും തെറ്റായ വാര്‍ത്തകളും നല്‍കുന്നുവെന്ന ആക്ഷേപം ഉയര്‍ത്തി കമ്മ്യൂണിസം ഒരുക്കുന്ന ചതിയുടെ ലക്ഷ്യം അവരെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ വേട്ടയാടുക എന്നതാണെന്നും രമ്യ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അറിഞ്ഞോ അറിയാതെയോ സാധാരണക്കാര്‍ ആ ചതിക്കുഴിയില്‍ പെട്ടുപോകുന്നു എന്നതാണ് അങ്ങേയറ്റം ദുഃഖകരമെന്നും കോണ്‍ഗ്രസ് നേതാവ് വിമര്‍ശിച്ചു.
മറുനാടന്‍ മലയാളി പേജില്‍ വരുന്ന എല്ലാ വാര്‍ത്തകളെയും കണ്ണടച്ചു വിശ്വസിക്കുന്ന ഒരാളല്ല താനെന്നും രമ്യ പറഞ്ഞു. ‘പക്ഷേ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്ന ഉറച്ച നിലപാടുണ്ട്. നമുക്കെതിരെ വാര്‍ത്ത കൊടുക്കുന്നവരെ മുഴുവന്‍ ഒറ്റുകാരും നമ്മെ ദ്രോഹിക്കുന്നവരുമായി ചിത്രീകരിക്കുന്നത് ജനാധിപത്യത്തില്‍ എത്രമാത്രം ശരിയാണ്?
ഇന്ന് മറുനാടന്‍ പൂട്ടും നാളെ അത് മലനാടനോ ഇടനാടനോ ആയിരിക്കും. കമ്മ്യൂണിസ്റ്റുകാരുടെ അഴിമതിയും സ്വജന പക്ഷപാതവും ക്രൂരതകളും ജനദ്രോഹങ്ങളും പറയാന്‍ ആരുമില്ലാതെയാവും. മറക്കേണ്ട, ഇത് കമ്മ്യൂണിസത്തിന്റെ പുതിയ അടവാണ്.
ആട്ടിന്‍ തോലണിഞ്ഞ ചെന്നായകളായി വിമര്‍ശകരെ മുഴുവന്‍ വേട്ടയാടുക എന്നത്. അതിന് നമ്മളും കൂടെ നിന്നാല്‍ നാളെ സാധാരണക്കാര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുമില്ലാതെയാകും,’ എം.പി വിമര്‍ശിച്ചു.
രമ്യ ഹരിദാസിന്റെ എഫ്.ബി പോസ്റ്റിന്റെ പൂര്‍ണരൂപം:
മറുനാടന്‍ മാത്രമല്ല, എതിര്‍ക്കുന്നവരെ മുഴുവന്‍ പൂട്ടിക്കുക എന്നത് കമ്മ്യൂണിസത്തിന്റെ വര്‍ഗ്ഗ സ്വഭാവമാണ്. ജനാധിപത്യവാദികള്‍ ഈ കെണിയില്‍ വീഴരുത്. മറുനാടന്‍ മലയാളി പേജില്‍ വരുന്ന എല്ലാ വാര്‍ത്തകളെയും കണ്ണടച്ചു വിശ്വസിക്കുന്ന ഒരാളല്ല ഞാന്‍, പക്ഷേ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്ന ഉറച്ച നിലപാടുണ്ട്.
നമുക്കെതിരെ വാര്‍ത്ത കൊടുക്കുന്നവരെ മുഴുവന്‍ ഒറ്റുകാരും നമ്മെ ദ്രോഹിക്കുന്നവരുമായി ചിത്രീകരിക്കുന്നത് ജനാധിപത്യത്തില്‍ എത്രമാത്രം ശരിയാണ്? കമ്മ്യൂണിസത്തിന്റെ വര്‍ഗ്ഗ സ്വഭാവമാണ് എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരെ ഒറ്റപ്പെടുത്തുക എന്ന നയം.
ക്യൂബയിലായാലും ചൈനയിലായാലും ഉത്തരകൊറിയയിലായാലും അധികാരമുള്ളിടത്തെല്ലാം കമ്മ്യൂണിസം ആദ്യം പയറ്റുന്ന അടവ് മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുക എന്നതാണ്. കേരളത്തിലും നിരവധി തവണ അതിന് ശ്രമമുണ്ടായി.
ആട്ടിന്‍ തോലണിഞ്ഞ കമ്മ്യൂണിസം ഒരുക്കുന്ന ‘കെണി’ കൃത്യമായി തിരിച്ചറിയാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പോലും കഴിയാതെ പോകുന്നു എന്നതാണ് സങ്കടകരം. മാധ്യമപ്രവര്‍ത്തകരായ ഷാനി പ്രഭാകറും വിനു വി. ജോണും ഷാനി പ്രഭാകറും സിന്ധു സൂര്യകുമാറും സൈബര്‍ വെട്ടുകിളികളുടെ ചൂടറിഞ്ഞവരാണ്.
കാരണം സര്‍ക്കാറിന്റെ പല അഴിമതികഥകളും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യിച്ചത് ഇവരാണ്. സ്മൃതി പരുത്തിക്കാടും ടി.വി പ്രസാദുമൊക്കെ പഴയ കമ്മ്യൂണിസ്റ്റ് പിന്‍ബലം ഉണ്ടായിട്ടു കൂടി സൈബറിടങ്ങളില്‍ വ്യക്തിപരമായി പോലും ആക്ഷേപിക്കപ്പെടുന്നത് പിണറായി സര്‍ക്കാരിനെതിരെയും കമ്മ്യൂണിസ്റ്റുകളുടെ ക്രൂരതക്കെതിരെയും ശബ്ദമുയര്‍ത്തിയതിന്റെ പേരിലാണ്.
കേവലം ഒരു മറുനാടന്‍ മലയാളിയില്‍ കമ്മ്യൂണിസ്റ്റുകളുടെ മാധ്യമ വേട്ട തീരും എന്ന് കരുതരുത്. മുസ്‌ലിം വിരുദ്ധ വാര്‍ത്തകളും തെറ്റായ വാര്‍ത്തകളും നല്‍കുന്നു എന്ന ആക്ഷേപം ഉയര്‍ത്തി കമ്മ്യൂണിസം ഒരുക്കുന്ന ചതിയുടെ ലക്ഷ്യം അവരെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ വേട്ടയാടുക എന്നതാണ്. അറിഞ്ഞോ അറിയാതെയോ സാധാരണക്കാര്‍ ആ ചതിക്കുഴിയില്‍ പെട്ടുപോകുന്നു എന്നതാണ് അങ്ങേയറ്റം ദുഃഖകരം.
തെറ്റായ വാര്‍ത്തകളെയും വര്‍ഗീയ പരാമര്‍ശങ്ങളെയും വ്യക്തിഹത്യകളെയും നിരോധിക്കാന്‍ സര്‍ക്കാരിനും കമ്മ്യൂണിസ്റ്റുകള്‍ക്കും താല്‍പര്യമുണ്ടായിരുന്നെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് സൈബറിടത്തില്‍ വ്യക്തിവിദ്വേഷവും വിഭാഗീയതയും പടര്‍ത്തുന്ന പോരാളി ഷാജിമാരുടെയും സൈബര്‍ സഖാക്കളുടെയും പേജുകളാണ്.
വര്‍ഗ്ഗീയത മാത്രം പോസ്റ്റ് ചെയ്യുന്ന സംഘപരിവാര്‍ പേജുകളാണ്. അതിന് മുതിരാതെ വിമര്‍ശിക്കുന്നവരെ പൂട്ടാനുള്ള നീക്കത്തിന് ജനാധിപത്യ മതേതര വിശ്വാസികളായവര്‍ പിന്തുണ നല്‍കേണ്ടതുണ്ടോ?
ഇന്ന് മറുനാടന്‍ പൂട്ടും നാളെ അത് മലനാടനോ ഇടനാടനോ ആയിരിക്കും..
കമ്മ്യൂണിസ്റ്റുകാരുടെ അഴിമതിയും സ്വജന പക്ഷപാതവും ക്രൂരതകളും ജനദ്രോഹങ്ങളും പറയാന്‍ ആരുമില്ലാതെയാവും. മറക്കേണ്ട, ഇത് കമ്മ്യൂണസത്തിന്റെ പുതിയ അടവാണ്. ആട്ടിന്‍ തോലണിഞ്ഞ ചെന്നായകളായി വിമര്‍ശകരെ മുഴുവന്‍ വേട്ടയാടുക എന്നത്. അതിന് നമ്മളും കൂടെ നിന്നാല്‍ നാളെ സാധാരണക്കാര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുമില്ലാതെയാകും.