രണ്ടാം സ്വാതന്ത്ര്യസമരം നയിക്കാന്‍ കഴിവുള്ളവരാണ് പുതുതലമുറയെന്ന് രമ്യാ ഹരിദാസ്; സ്ത്രീകള്‍ക്കും തലച്ചോറുണ്ട് എന്ന കാര്യം മനസിലാക്കണമെന്ന് അദീല അബ്ദുല്ല
Kerala News
രണ്ടാം സ്വാതന്ത്ര്യസമരം നയിക്കാന്‍ കഴിവുള്ളവരാണ് പുതുതലമുറയെന്ന് രമ്യാ ഹരിദാസ്; സ്ത്രീകള്‍ക്കും തലച്ചോറുണ്ട് എന്ന കാര്യം മനസിലാക്കണമെന്ന് അദീല അബ്ദുല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th August 2019, 7:32 pm

കൊച്ചി: രണ്ടാം സ്വാതന്ത്ര്യസമരം നയിക്കാന്‍ പോലും കഴിവുള്ളവരാണ് പുതുതലമുറയെന്ന് ആലത്തൂര്‍ എം.പി രമ്യാ ഹരിദാസ്. എല്ലാ വിഷയങ്ങളിലും വ്യക്തിപരമായ അഭിപ്രായങ്ങളുള്ളവരാണ് യുവതലമുറയെന്നും രമ്യ പറഞ്ഞു.

‘മൊബൈല്‍ ഫോണില്‍ കുത്തിക്കൊണ്ടിരിക്കുന്നവരാണ് എന്ന ആക്ഷേപം പുതുതലമുറ എപ്പോഴും കേള്‍ക്കാറുണ്ട്. പക്ഷേ, അതു മാത്രമല്ല, എല്ലാ വിഷയങ്ങളിലും വ്യക്തിപരമായ അഭിപ്രായങ്ങളുള്ളവരാണവര്‍.’ രമ്യ പറഞ്ഞു.

സ്വതന്ത്രചിന്തയാണ് പുതുതലമുറയുടെ അടയാളമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അദീല അബ്ദുല്ല പറഞ്ഞു. കാര്യം നടക്കണം, സീന്‍ ഉണ്ടാകരുത് എന്ന ചിന്തയാണ് പുതുതലമുറക്കെന്നും അവര്‍ പറഞ്ഞു. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരികുകയായിരുന്നു രമ്യയും അദീലയും.

‘ഈ സ്വതന്ത്രചിന്തകള്‍ നിങ്ങളുടേതു തന്നെയാണോ എന്ന് അന്വേഷിക്കണം. നമ്മുടെ അഭിപ്രായങ്ങള്‍ പലപ്പോഴും മറ്റുള്ളവരാല്‍ സ്വാധീനിക്കപ്പെടാറുണ്ട്. ആ അച്ചടക്കത്തിലേക്ക് പുതുതലമുറ എത്തിയിട്ടില്ല.’ അദീല പറഞ്ഞു.

എന്റെ അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയുമൊക്കെ എനിക്കു തന്ന സ്‌പേസ് ഉണ്ട്. അത്തരത്തിലൊരു സ്‌പേസാണ് പുതുതലമുറക്ക് വളരാനാവശ്യം. സോഷ്യല്‍ മീഡിയ ഒരു പരിധി വരെ അതിനുള്ള അവസരം സൃഷ്ടിക്കുന്നുണ്ട്. വരാനിരിക്കുന്ന കാര്യങ്ങളെ നേരിടുക എന്നതാണ് പുതുതലമുറ നേരിടുന്ന വെല്ലുവിളിയെന്നും രമ്യ ഹരിദാസ് പറഞ്ഞു.

‘സ്ത്രീകള്‍ക്കും തലച്ചോറുണ്ട് എന്ന കാര്യവും മനസിലാക്കണം. നാല്‍പതു വയസു കഴിഞ്ഞാല്‍ സ്ത്രീകളെ നിലയ്ക്ക് നിര്‍ത്താം എന്ന ചിന്ത ചിലര്‍ക്കുണ്ട്. എന്നാല്‍ നിങ്ങള്‍ പഠിച്ച അതേ പുസ്തങ്ങള്‍ തന്നെയാണ്, തിയറികള്‍ തന്നെയാണ് ഞങ്ങളും പഠിച്ചത്.

കലക്ടറൊക്കെയായില്ലേ, വിവാദങ്ങള്‍ക്കൊന്നും പോകരുതെന്ന് വീട്ടില്‍ നിന്നും ഉപദേശിച്ചു. പക്ഷേ, എനിക്ക് ചോദ്യങ്ങളുണ്ട്, ഇനിയും ചോദിച്ചുകൊണ്ടേയിരിക്കും’ അദീല കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയ നല്ല ആയുധം തന്നെയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അഭിലാഷ് ടോമി പറഞ്ഞു. എന്റെ കപ്പല്‍ യാത്രകളുടെ വിഡിയോകള്‍ക്ക് ആയിരക്കണക്കിന് ഹിറ്റ്‌സുകള്‍ കിട്ടാറുണ്ട്. അതെക്കുറിച്ച് ആളുകള്‍ സംസാരിക്കാറുണ്ട്. ഇതില്ലാത്ത ലോകത്ത് ഒരുപക്ഷേ അതിജീവനം സാധിക്കില്ല, പക്ഷേ ആവശ്യത്തിന് ഉപയോഗിക്കണമെന്നും അഭിലാഷ് ടോമി പറഞ്ഞു.