| Tuesday, 26th March 2019, 8:54 pm

ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ എന്റെ കയ്യിലുള്ളൊരു ആയുധമാണ് പാട്ട്: രമ്യ ഹരിദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ടെന്ന് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ഞാന്‍ വലിയൊരു ആശയപരമായ യുദ്ധത്തിനാണ് തയ്യാറെടുത്തിരിക്കുന്നതെന്നും രമ്യ പറഞ്ഞു.

ഞാന്‍ ഒരു ദളിത് കുടുംബത്തില്‍ ജനിച്ച ഒരു ആളാണെന്നു വലിയ പണം ചെലവഴിച്ചല്ല ഞാന്‍ പാട്ട് പഠിച്ചതെന്നും രമ്യ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.

അരി വാങ്ങാന്‍ പോലും കാശില്ലാത്ത കാലത്ത് എന്നെ പാട്ട് പഠിപ്പിച്ച മാഷിന് ഒരു രൂപ പോലും കൊടുക്കാന്‍ എന്റെ അമ്മക്ക്  സാധിച്ചിട്ടില്ല. മാഷൊന്നും കാശ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. കഴിവിനെ അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ആലത്തൂരിലെ ജനങ്ങള്‍ എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ മനസ്സില്‍ ഞാന്‍ ഇടം നേടിയിട്ടുണ്ട്. ആ ഇടം ഒന്നും ഇല്ലാതാക്കാന്‍ ആര് വിളിച്ചാലും കഴിയില്ലെന്നും രമ്യ പറഞ്ഞു.

Read Also : അല്‍ഫോണ്‍സ് കണ്ണന്താനം സ്ഥാനാര്‍ത്ഥിയായത് ക്രൈസ്തവരില്ലാത്ത സ്ഥാനാര്‍ത്ഥി പട്ടിക മോദി തള്ളിയതിനാല്‍: ശ്രീധരന്‍പിള്ള

രമ്യ ഹരിദാസിന്റെ പ്രചരണ രീതിയെ കുറിച്ച് ദീപനിഷാന്ദിട്ട പോസ്റ്റ് നേരെ വിവാദമായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് രമ്യയുടെ കുറിപ്പ്. ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കു വേണ്ടി ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേജില്‍ വന്ന രമ്യ തെരഞ്ഞെടുക്കപ്പെട്ടാല്‍ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം പി ആവും എന്ന വാചകത്തെ ചൂണ്ടിക്കാട്ടിയും രമ്യയുടെ വോട്ടഭ്യര്‍ത്ഥന രീതിയെയും വിമര്‍ശിച്ചായിരുന്നു ദീപയുടെ പോസ്റ്റ്.

ദീപയുടെ പോസ്റ്റിനെതിരെ അനില്‍ അക്കര, ശബരിനാഥന്‍, വിടി ബല്‍റാം എന്നീ എം.എല്‍.എമാരടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് മറുപടിയുമായി രമ്യ എത്തിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണം

ഞാന്‍ വലിയൊരു ആശയപരമായ യുദ്ധത്തിനാണ് തയ്യാറെടുത്തിരിക്കുന്നത്. ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ട്. പ്രസംഗം ഒരു ആയുധമാണ്. എന്റെ സ്വഭാവം ഒരു ആയുധമാണ്. എന്റെ സമീപനം ഒരു ആയുധമാണ്. ആ ആയുധങ്ങള്‍ എന്ന് പറയുന്നത് വലിയ പോരാട്ടത്തിന് നേതൃത്വം നല്‍കുമ്പോള്‍ പല തരത്തിലാണ് ആളുകള്‍ സ്വീകരിക്കുക. ഞാന്‍ ഒരു ദളിത് കുടുംബത്തില്‍ ജനിച്ച ഒരു ആളാണ്.

വലിയ പണം ചെലവഴിച്ചല്ല ഞാന്‍ പാട്ട് പഠിച്ചത്. എന്നിലുണ്ടായിരുന്ന ഒരു കഴിവിനെ ഒരു പാട് കഷ്ടപ്പെട്ടാണ്, അധ്വാനിച്ചാണ് ഇപ്പോള്‍ പാടുന്ന തരത്തിക്ക് മാറ്റിയത്. അരി വാങ്ങാന്‍ പോലും കാശില്ലാത്ത കാലത്ത് എന്നെ പാട്ട് പഠിപ്പിച്ച മാഷിന് എന്റെ അമ്മക്ക് ഒരു രൂപ പോലും കൊടുക്കാന്‍ സാധിച്ചിട്ടില്ല. മാഷൊന്നും കാശ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. കഴിവിനെ അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അത് ആലത്തൂരിലെ ജനങ്ങള്‍ എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ മനസ്സില്‍ ഞാന്‍ ഇടം നേടിയിട്ടുണ്ട്. ആ ഇടം ഒന്നും ഇല്ലാതാക്കാന്‍ ആര് വിളിച്ചാലും കഴിയില്ല.

ദീപ നിഷാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കു വേണ്ടിയുള്ള വോട്ടഭ്യര്‍ത്ഥനയാണ്.ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേജിലാണ് ആദ്യത്തെ ചിത്രം. ഫണ്ട് ശേഖരണത്തിനുള്ള പരസ്യവാചകം ശ്രദ്ധിക്കുക.” രമ്യ തെരഞ്ഞെടുക്കപ്പെട്ടാല്‍ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം പി ആവും” എന്നാണ് അവകാശവാദം.ദീര്‍ഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാര്‍ഗവി തങ്കപ്പന്‍ 1971ലെ പൊതു തിരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എം പി യായി ലോകസഭയില്‍ എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം.

രണ്ടാമത്തെ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത് ബഹു. എം എല്‍ എ ശ്രീ.അനില്‍ അക്കരയാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥി കടന്നു പോന്ന ജീവിതത്തിന്റെ വേനല്‍വിതാനങ്ങളും കനല്‍വഴികളും പറഞ്ഞ് വോട്ടഭ്യര്‍ത്ഥിക്കുന്നതില്‍ തെറ്റൊന്നുമില്ല. മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യമെന്ന പ്രഖ്യാപനവും നന്നായിട്ടുണ്ട്.

ഒന്നോര്‍ക്കണം പൗരസംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്ന അപേക്ഷയുണ്ട്.ഒരു ജനാധിപത്യമതേതര രാഷ്ട്രത്തില്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്.

“ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്ന് നോക്കണം!

രണ്ടു നാലു ചിരട്ട കുടിച്ചെന്നാല്‍ ,അച്ഛനാരെടാ ഞാനെടാ, മോനെടാ ” എന്ന ചാരായ യുക്തിയാണ് മറുപടിയെങ്കില്‍ സുലാന്‍.

We use cookies to give you the best possible experience. Learn more