കോഴിക്കോട്: ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി എന്ന ആരോപണത്തില്‍ വിശദീകരണവുമായി ആലത്തൂര്‍ എം.പി. രമ്യ ഹരിദാസ്. പാഴ്‌സല്‍ വാങ്ങാനാണ് ഹോട്ടലില്‍ എത്തിയതെന്നും കയ്യില്‍ കയറി പിടിച്ചതിനാലാണ് പ്രവര്‍ത്തകര്‍ യുവാക്കളോട് അത്തരത്തില്‍ പെരുമാറിയത് എന്നുമാണ് എം.പിയുടെ വിശദീകരണം.
‘പാഴ്‌സല്‍ വാങ്ങാന്‍ എത്തിയതായിരുന്നു. എന്റെ കയ്യില്‍ കയറി പിടിച്ചതിനാലാണ് പ്രവര്‍ത്തകര്‍ അത്തരത്തില്‍ പെരുമാറിയത്. വിഷയത്തില്‍ നേതാക്കളുമായി സംസാരിച്ച് പൊലീസില്‍ പരാതി നല്‍കും,’ രമ്യ ഹരിദാസ് പറഞ്ഞു.
ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ്, തൃത്താല മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാം തുടങ്ങി എട്ടോളം കോണ്‍ഗ്രസ് നേതാക്കള്‍ ഒരു ഹോട്ടലിനകത്ത് ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
സംഭവം ചോദ്യം ചെയ്ത യുവാക്കളെ രമ്യ ഹരിദാസിനൊപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
സമ്പൂര്‍ണ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശത്ത് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല എന്ന നിയമം ലംഘിച്ചാണ് ഇവര്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നതെന്നാണ് ആരോപണം.
ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദനീയമല്ലെന്നും പിന്നെ നിങ്ങള്‍ക്ക് മാത്രം കഴിക്കാന്‍ അനുമതി കിട്ടുന്നതെങ്ങനെയാണെന്നും വീഡിയോ എടുത്ത യുവാവ് എം.പിയടക്കമുള്ള നേതാക്കളോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍ ഭക്ഷണം കഴിക്കാന്‍ കയറിയതല്ലെന്നും പാഴ്സല്‍ വാങ്ങാന്‍ കയറുകയായിരുന്നുവെന്നുമാണ് രമ്യ ഹരിദാസിന്റെ വിശദീകരണം.
വീഡിയോ എടുത്തത് ആരാണെന്ന വിവരം വ്യക്തമല്ല. എന്നാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചോദ്യം ചെയ്യുന്ന യുവാവിനെ കോണ്‍ഗ്രസ് നേതാക്കള്‍ കയ്യേറ്റം ചെയ്യുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഹോട്ടലിനകത്ത് മറ്റു ചിലരും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് വീഡിയോയില്‍ കാണാം. ഹോട്ടലിനെതിരെ കസബ പൊലീസ് കേസെടുത്തിട്ടുണ്ട്.