| Sunday, 26th May 2019, 12:03 pm

വിജയരാഘവനെതിരായ പരാതിയില്‍ നീതി കിട്ടിയില്ലെന്ന് രമ്യാ ഹരിദാസ്; പരാമര്‍ശം വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാമെന്ന് മന്ത്രി എ.കെ ബാലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരായ പരാതിയില്‍ തനിക്കു വനിതാ കമ്മീഷനില്‍ നിന്നു നീതി ലഭിച്ചില്ലെന്ന ആരോപണവുമായി രമ്യാ ഹരിദാസ്. യു.ഡി.എഫ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പരാതിയുമായി മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കി. മനോരമ ന്യൂസിന്റെ ‘നേരെ ചൊവ്വേ’യിലായിരുന്നു രമ്യ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം രമ്യക്കെതിരായ വിജയരാഘവന്റെ പരാമര്‍ശം ആലത്തൂരിലെ വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചു. ഇക്കാര്യം പാര്‍ട്ടി സമഗ്രമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാതിയില്‍ ഇതുവരെ തന്നെ വിളിക്കാന്‍ പോലും കമ്മീഷന്‍ തയ്യാറായില്ലെന്നും രമ്യ ആരോപിച്ചിരുന്നു.

രമ്യക്കെതിരെ എ.വിജയരാഘവന്‍ മോശം പരാമര്‍ശം നടത്തിയത് നേരത്തെ വന്‍ വിവാദമായിരുന്നു.’ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു, പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു, അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍ വയ്യ. അത് പോയിട്ടുണ്ട്.’- എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍.

ആലത്തൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ബിജുവിനെ ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യ തോല്‍പ്പിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രമ്യയെ അധിക്ഷേപിച്ചുകൊണ്ടുള്ള വിജയരാഘവന്റെ പ്രസ്താവനയും ദീപാ നിശാന്തിന്റെ പോസ്റ്റും വലിയ ചര്‍ച്ചയായിരുന്നു. രമ്യയുടെ വിജയത്തില്‍ ദീപാ നിശാന്തിനും വിജയരാഘവനും നന്ദി പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം രംഗത്തെത്തിയിരുന്നു. വിജയത്തില്‍ രമ്യ വിജയരാഘവനോടും ദീപയോടും കടപ്പെട്ടിരിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ എം.എന്‍ കാരശ്ശേരിയും പറഞ്ഞിരുന്നു.

ഇത്തവണ കേരളത്തില്‍ നിന്നു ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏക വനിതയും, ഇതുവരെ കേരളത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ദളിത് വനിതയുമാണ് രമ്യ. 1971-ല്‍ അടൂരില്‍ നിന്നു ലോക്‌സഭയിലെത്തിയ ഭാര്‍ഗവി തങ്കപ്പനാണ് കേരളത്തിലെ ആദ്യ ദളിത് വനിതാ എം.പി.

We use cookies to give you the best possible experience. Learn more