new movie
സ്വന്തം ജീവിത കഥ സിനിമയാക്കാന്‍ ഒരുങ്ങി രാംഗോപാല്‍ വര്‍മ്മ; സിനിമയെത്തുന്നത് മൂന്ന് ഭാഗമായി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Aug 25, 04:15 pm
Tuesday, 25th August 2020, 9:45 pm

ഹൈദരാബാദ്: സ്വന്തം ജീവിത കഥ സിനിമയാക്കാന്‍ ഒരുങ്ങി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. രാം ഗോപാല്‍ വര്‍മ്മ തന്നെയാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്. മൂന്ന് ഭാഗമായി എത്തുന്ന സിനിമയുടെ കഥയും തിരക്കഥയും ഒരുക്കുന്നത് രാം ഗോപാല്‍ വര്‍മ്മ തന്നെയാണ്.

നവാഗതനായ ദൊരസയ് തേജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം 2 മണിക്കൂര്‍ വീതമുള്ള 3 പാര്‍ട്ടുകളായാണ് റിലീസ് ചെയ്യുക. ചിത്രം സെപ്റ്റംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും.

ആദ്യ ഭാഗത്തിന് രാമു എന്നാണ് പേരിട്ടിരിക്കുന്നത്. രാം ഗോപാല്‍ വര്‍മ്മയുടെ 20 വയസുവരെയുള്ള ജീവിതമാണ് ആദ്യ ഭാഗത്തില്‍ എത്തുന്നത്.

രണ്ടാംഭാഗത്തില്‍ മറ്റൊരു താരവും മൂന്നാം ഭാഗത്തില്‍ രാം ഗോപാല്‍ വര്‍മ്മ തന്നെയും ചിത്രത്തിലെ നായകനാവും.

ആദ്യ ഭാഗത്തില്‍ തന്റെ കോളെജ് ജീവിതവും തന്റെ ആദ്യ പ്രണയവും വിജയവാഡയിലെ ഗ്യാംഗ് വാറും രണ്ടാഭാഗത്തില്‍ തന്റെ മുംബൈയിലെ പെണ്‍കുട്ടികളുടെ കൂടെയുള്ള ജീവിതവും ഗ്യാങ്ങ്സ്റ്ററുകളും അമിതാബ് ബച്ചനും വിഷയമാവുമെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.

അവസാന ഭാഗത്തില്‍ താന്‍ തന്നെ അഭിനയിക്കുമെന്നും ഇതില്‍ തന്റെ തോല്‍വികളും ദൈവത്തിനെയും ലൈംഗീകതയെയും സമൂഹത്തിനെയും കുറിച്ചുള്ള ചിന്തകളും ഉള്‍പ്പെടുത്തുമെന്നും രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.

നേരത്തെ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെക്കുറിച്ചുള്ള സിനിമ രാം ഗോപാല്‍ വര്‍മ്മ പ്രഖ്യാപിച്ചിരുന്നു. ദി ന്യൂസ് പ്രോസ്റ്റിറ്റിയൂഡ് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു.

വാര്‍ത്താചര്‍ച്ചയ്ക്കിടയില്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെടുത്തി ക്രിമിനല്‍ ബന്ധമുള്ള മേഖലയാണ് ബോളിവുഡെന്ന് അര്‍ണബ് ആരോപിച്ചതിനു പിന്നാലെയാണ് സിനിമാപ്രഖ്യാപനവുമായി രാം ഗോപാല്‍ വര്‍മ്മ രംഗത്തെത്തിയത്.

അര്‍ണബിനെ വിശദമായി പഠിച്ച ശേഷം, ടാഗ്ലൈന്‍ ന്യൂസ് പിമ്പാണോ ന്യൂസ് പ്രോസ്റ്റിറ്റിയൂഡ് ആണോ വേണ്ടതെന്ന് ആലോചിച്ചു, രണ്ടും പ്രസക്തമാണെങ്കിലും ഞാന്‍ ഒടുവില്‍ പ്രോസ്റ്റിറ്റിയൂഡ് മതിയെന്ന് തീരുമാനിച്ചു എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വിറ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Ramu RGV biopic in three part new cinema