| Wednesday, 17th March 2021, 1:23 pm

അതുകൊണ്ട് ഞാന്‍ തന്തയില്ലാത്തവളാണ് | റംസീന ഉമൈബ

റംസീന ഉമൈബ

ഇന്നലെ കന്യാകുമാരിയിലെ ഫീല്‍ഡ് വിസിറ്റിംഗിനിടെ ഒരു അക്ക വീട്ടുവിശേഷങ്ങള്‍ തിരക്കുകയായിരുന്നു. വേഷവും പേരും അറിഞ്ഞുകഴിയുമ്പോള്‍ പലരും ചോദിക്കുന്ന ചോദ്യമാണ്: അപ്പോ വീട്ടുകാര് പ്രശ്‌നമുണ്ടാക്കില്ലേ….? ആദ്യമൊക്കെ പ്രശ്‌നമായിരുന്നു അക്കാ, പക്ഷെ പിന്നീടതു ശരിയായി.

അക്ക ചോദിച്ചു തുടങ്ങിയപ്പോള്‍ ഞാനും പറഞ്ഞുതുടങ്ങി. ഉപ്പയില്ലെന്നും എനിക്ക് ഒന്നോ രണ്ടോ വയസ്സുള്ളപ്പോള്‍ ഉപ്പ ഉമ്മയെ തലാഖു ചൊല്ലി വേറെ കല്യാണം കഴിച്ചു പോയെന്നും ഉപ്പയെ ഞാന്‍ രണ്ടു തവണ മാത്രമെ കണ്ടിട്ടുള്ളൂ എന്നും പറഞ്ഞു. പിന്നീട് ഉമ്മ വേറെ കല്യാണം കഴിച്ച് അതില്‍ എനിക്ക് രണ്ടു അനിയത്തിമാരും ഒരനിയനും ഉണ്ടെന്നും പറഞ്ഞു.

അപ്പോ ആ ഉപ്പ അവരുടെ മക്കളോട് സ്‌നേഹം കാണിക്കുമ്പോള്‍ എനിക്ക് എന്റെ ഉപ്പയെ മിസ് ചെയ്യാറുണ്ടോ എന്നായിരുന്നു അക്കയുടെ അടുത്ത ചോദ്യം. സത്യത്തില്‍ ആ ചോദ്യമാണ് ഞാനിപ്പോള്‍ ഇതെഴുതാനുള്ള കാരണം. ഈ 26 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടായിരുന്നു ഒരാള്‍ അങ്ങനെ ചോദിക്കുന്നത്.

അതിനു ശേഷം ഞാനെന്റെ ഉപ്പയെ (തന്തയെ എന്നു തിരുത്തുന്നു) കുറിച്ചാലോചിച്ചു.
എന്തുകൊണ്ടായിരിക്കും ഞാനയാളെ മിസ് ചെയ്യാതിരുന്നത്?

ഒരാള്‍ക്ക് മറ്റൊരാളെ മിസ് ചെയ്യണമെങ്കില്‍ മിനിമം കണ്ടു പരിചയമെങ്കിലും ഉണ്ടാവണ്ടേ?
എനിക്കയൊളെ കണ്ടു പരിചയമുണ്ടോ? അയാളുടെ ശബ്ദം…..
അയാളുടെ തെലിയുടെ നിറം….മണം…..മുടി…താടി….
എന്തിന് അയാള്‍ മെലിഞ്ഞിരിക്കുന്നുവോ തടിച്ചിരിക്കുന്നുവോ എന്നെങ്കിലും
ഓര്‍മ്മ വേണ്ടേ….?

ഓര്‍ക്കാന്‍ ഒരുമിച്ചൊരു നല്ല നിമിഷം ഉണ്ടായിട്ടുണ്ടെങ്കിലല്ലേ അയാളെ ഞാന്‍ മിസ് ചെയ്യേണ്ടതുള്ളൂ.
തന്തയാണെന്നറിയാം, അയാളെ രണ്ടു തവണ കണ്ടു എന്നതല്ലാതെ എനിക്ക് അയാളുമായി പറയത്തക്കവണ്ണം ഒരു ബന്ധവുമില്ല. എന്നാല്‍ ഓര്‍ത്തുവെക്കത്തക്കവണ്ണം ഒരേയൊരോര്‍മ്മയുണ്ട് താനും.

രണ്ടാനച്ഛന്റെ പീഡനം സഹിക്കവയ്യാതായപ്പോള്‍ ഞാന്‍ നിര്‍ബന്ധിച്ചിട്ടാണ് എട്ടാം ക്‌ളാസ്സിലെ വേനലവധി കാലത്ത് ഉമ്മയെന്നെ അയാളുടെ നാട്ടിലേക്ക് പറഞ്ഞയക്കുന്നത്.
ആദ്യമായായിരുന്നു അത്രയും ദൂരേക്കൊരു യാത്ര പോകുന്നത്.
വയനാട് ചുരം ഒരുപക്ഷേ അന്നായിരിക്കണം ഞാന്‍ ആദ്യമായി കണ്ടിട്ടുണ്ടാവുക.
ഞാന്‍ അയാളുടെ വീട്ടിലെത്തിയതും, ആദ്യ ഭാര്യയിലെ മകളെ കണ്ടതുകൊണ്ടാവണം അയാളുടെ ഭാര്യ മക്കളെയും കൂട്ടി അവരുടെ വീട്ടിലേക്കുപോയി.

ഞാനും അയാളും മാത്രമായി അവിടെ.
അയാളെന്നെ ആദ്യം കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചിരുന്നില്ല…
ഉമ്മ വെച്ചിരുന്നില്ല…
തലോടിയിരുന്നില്ല…
ചേര്‍ത്തുപിടിച്ചിരുന്നില്ല…
അധികമൊന്നും സംസാരിക്കുകയും ചെയ്തിരുന്നില്ല…

തീര്‍ത്തും അപരിചിതമായൊരു സ്ഥലത്ത് ഞാന്‍ എത്രയോ മണിക്കൂറുകള്‍ തനിച്ചിരുന്നു…
ആ ഏകാന്തത എന്നെ അത്രമേല്‍ മുറിപ്പെടുത്തുന്നുണ്ടായിരുന്നു…
എങ്കിലും ആ നിശബ്ദതയിലും ഞാന്‍ വല്ലാത്തൊരു ഉള്‍ത്തുള്ളല്‍ അനുഭവിക്കുന്നുണ്ടായിരുന്നു…
ഞാനെന്റെ ഉപ്പയുടെ അടുത്താണല്ലോ…
ഇതാണല്ലോ എന്റെ ഉപ്പ…

വൈകുന്നേരം അങ്ങാടിയില്‍ നിന്നു വരുമ്പോള്‍ അയാളെനിക്ക് പരിപ്പുവടയും തേനിലാവും വാങ്ങിവന്നു…
എന്റെ ഉപ്പ എനിക്കാദ്യമായി വാങ്ങി തന്ന പരിപ്പുവട കുറേനേരം ഞാന്‍ ഓമനിച്ചിരുന്നിരിക്കണം…
ഏറെ നേരത്തെ നിശബ്ദതക്കൊടുവില്‍ അയാളെന്നോടു സംസാരിച്ചു.
പഠനത്തെ കുറിച്ച് ചോദിച്ചു…
ഞാനെഴുതിയ കവിതകള്‍ വായിക്കാന്‍ പറഞ്ഞു…
അയാളും പണ്ട് കവിതകള്‍ എഴുതുമായിരുന്നു എന്നു പറഞ്ഞു… ഒടുവില്‍ ഇവിടെ കിടക്കാം എന്നു പറഞ്ഞു ഒരു കട്ടില്‍ കാണിച്ചുതന്നു. ഞാനവിടെ കിടന്നു…
വൈകാതെ അയാളും…

ഉപ്പമാര്‍ മക്കളുടെ അടുത്തു കിടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടല്ലോ…
എന്റെ സ്വന്തം തന്തയല്ലേ… രണ്ടാനച്ഛനല്ലല്ലോ എന്നാശ്വാസിച്ചു…
പിന്നീട്, അയാളെന്നെ കെട്ടിപ്പിടിച്ചു…
ഉപ്പമാര്‍ മക്കളെ കെട്ടിപ്പിടിക്കാറുള്ളതും ഞാന്‍ കണ്ടിട്ടുണ്ടല്ലോ…
പിന്നെന്താ ………..?

പക്ഷെ നിമിഷങ്ങള്‍ക്കകം തന്നെ ആ കെട്ടിപ്പിടുത്തം എനിക്ക് അസഹനീയമായി തോന്നിതുടങ്ങിയിരുന്നു…
അയാളുടെ വരിഞ്ഞു മുറുക്കലില്‍ എനിക്ക് ശ്വാസം മുട്ടി തുടങ്ങിയിരുന്നു… മുല വലുതായോ എന്നു നോക്കട്ടെ എന്നു പറഞ്ഞു അയാള്‍ കൈ മുലകള്‍ക്ക് നേരെ കൊണ്ടുവന്നതും ഞാന്‍ ചാടിയെണീറ്റു.

‘ഇത്തരം പിടുത്തങ്ങളില്‍ നിന്നും പേടിച്ചോടിയാണുപ്പാ ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വന്നത്’ എന്നെനിക്ക് പറയണമെന്നുണ്ടായിരുന്നു.
പക്ഷെ തൊണ്ടയിടറിപ്പോയീ…. ആരോടും ഒന്നും പറയരുതെന്നു പറഞ്ഞയാള്‍ എന്നെ കണ്ണുരുട്ടി കാണിച്ചു.
ആ കണ്ണുരുട്ടലും എനിക്കേറെ പരിചിതമായിരുന്നു.

ഉമ്മയോട് ഒരിക്കലും പറഞ്ഞുപോകരുതെന്നയാള്‍ അപേക്ഷിച്ചു. അടുത്ത ദിവസം തന്നെ എന്നെ നാട്ടിലേക്ക് തിരിച്ചയച്ചാല്‍ ഞാന്‍ ഉമ്മയോട് ഒന്നും പറയില്ലെന്ന് ഞാനും പറഞ്ഞു. എന്തില്‍ നിന്നോടിയൊളിക്കാനാണ് ഞാനിവിടെയെത്തിയതെന്നോര്‍ത്ത് മരിക്കാന്‍ തോന്നീ…
അയാള്‍ എന്നെ പിറ്റേ ദിവസം വണ്ടി കയറ്റി വിട്ടു. എനിക്ക് വേറെ വഴികളില്ലായിരുന്നു.

ഇതായിരുന്നു എനിക്ക് എന്റെ തന്തയുമായുള്ള ആദ്യത്തെ ഓര്‍മ്മ. ഒരു മകള്‍ക്ക് അവളുടെ അച്ഛനെ കുറിച്ചുണ്ടാകേണ്ട ആദ്യ ഓര്‍മ്മയാണോ ഇത്? പിന്നീട് ഒരിക്കല്‍ കൂടി ഞാനയാളെ കണ്ടിട്ടുണ്ട്. നാലഞ്ചു വര്‍ഷം മുമ്പ് സുഹൃത്തുക്കളുമൊത്ത് വയനാട്ടിലേക്കുള്ള ഒരു യാത്രയില്‍ അവരുടെ നിര്‍ബന്ധ പ്രകാരം അയാളെ അന്വേഷിച്ചു ചെന്നു.

എന്റെ തന്ത? ഗൂഡല്ലൂര്‍ ആണെന്നവര്‍ക്കറിയാമായിരുന്നു. ഇതിന് മുമ്പ് എന്റെ തന്തയെ കണ്ട കാര്യം ഞാനവരോടു പറഞ്ഞിരുന്നില്ല. ചെറുപ്പത്തിലെപ്പോഴോ കണ്ടതാണ്, ഓര്‍മ്മയില്ല എന്നു പറഞ്ഞതുകൊണ്ടാണവര്‍ അയാളെ കാണാനായി എന്നെ നിര്‍ബന്ധിച്ചത്. അവരോടതെല്ലാം പറഞ്ഞ് ആ കൂടിക്കാഴ്ച്ച ഒഴിവാക്കാനുള്ള ശേഷിയും അന്നെനിക്കില്ലായിരുന്നു.
അയാളുടെ വീട്ടിലേക്കുള്ള നടവഴികളിലെല്ലാം ഇപ്പോഴുമെന്റെ കിതപ്പുകളുണ്ടാകും. വര്‍ഷങ്ങള്‍ക്കു ശേഷം അയാളെ കാണുമ്പോള്‍ ഞാന്‍ ആ എട്ടാം ക്ലാസ്സുകാരിയായി വിറക്കുന്നത് ആ സുഹൃത്തുക്കള്‍ കണ്ടിട്ടുണ്ടാവാന്‍ സാധ്യതയില്ല.

ഒരു മകള്‍ അവളുടെ അച്ഛനെ ആദ്യമായി കാണുന്ന കാഴ്ച്ച അവര്‍ ആസ്വദിച്ചിട്ടുണ്ടാവണം. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതുപോലെ തന്നെ അയാള്‍ പ്രതികരിച്ചു. വന്നവരുടെ പേരും നാടും തിരക്കി എന്നല്ലാതെ അയാളെന്നോട് സുഖമാണോ മോളെ?
ഇപ്പോള്‍ എന്തു ചെയ്യുന്നു?
ജീവിതം എങ്ങിനെ പോകുന്നു?
ഇപ്പോഴും കവിതകളെഴുതാറുണ്ടോ? എന്നൊന്നും ചോദിച്ചില്ല….

മുടിയെല്ലാം വെട്ടി തട്ടമിടാതെ മൂന്നു ആണുങ്ങളുമൊത്ത് അവിടെ ചെന്നതില്‍ അയാളെന്നെ മാറ്റിനിര്‍ത്തി ചീത്ത വിളിച്ചു.
ഞാനിവിടെ അന്തസായി ജീവിക്കുകയാണ് നാണക്കേടുണ്ടാക്കരുത് എന്നും പറഞ്ഞു.
നിന്നെ ആവശ്യമാണെങ്കില്‍ ഞാനെപ്പോഴേ നിന്നെ തേടി വരുമായിരുന്നു എന്നും ഇനിയെന്നെ കാണാന്‍ ശ്രമിക്കരുത് എന്നും പറഞ്ഞ് ഇറക്കി വിട്ടു.

അത് ഞാന്‍ പ്രതീക്ഷിച്ചതായിരുന്നു. നാണക്കേടുണ്ടാക്കാന്‍ വേണ്ടി തന്നെയാണ് പോയതും.
ഇതായിരുന്നു എന്റെ തന്തയോര്‍മ്മകള്‍.
ഈ ഓര്‍മ്മകളില്‍ ഏതിനെയാണ് ഞാന്‍ മിസ് ചെയ്യേണ്ടത്?
ഇതില്‍ ഏതോര്‍മ്മയെയാണ് ഞാന്‍ താലോലിക്കേണ്ടത്?

ഇങ്ങനെയൊരു തന്തയെ മിസ് ചെയ്യുന്നുണ്ടോ എന്ന അക്കയുടെ ആ ഒരൊറ്റ ചോദ്യത്തില്‍ നിന്ന് പറയുന്നതല്ല ഇത്…
എന്റെ പെണ്‍കുട്ടികളോടാണ്, അവരുടെ തന്തമാരെക്കുറിച്ചാണ്…

നിങ്ങള്‍ക്ക് നിങ്ങളുടെ തന്തമാരില്‍ നിന്നും രണ്ടാം തന്തമാരില്‍ നിന്നും ലൈംഗികാതിക്രമങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അന്നത്തെ എന്നെപ്പോലെ കരഞ്ഞിറങ്ങിപ്പോകരുത്.

ഉമ്മമാരോട്/അമ്മമാരോട് പറയരുതെന്ന് പറഞ്ഞ് അവര്‍ നിങ്ങള്‍ക്കു മുമ്പില്‍ കിടന്നു കരയുമ്പോള്‍ ഉമ്മ വിഷമിക്കുമെന്നു കരുതി പറയാതിരിക്കരുത്. ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നു പറഞ്ഞവര്‍ ഭീഷണിപ്പെടുത്തുമ്പോള്‍ ആരോടും ഒന്നും പറയാതെ വര്‍ഷങ്ങളോളം ഇതെല്ലാം മനസ്സില്‍ കൊണ്ടു നടക്കരുത്. ഈ ട്രോമകളുമായി ജീവിക്കുക എന്നത് അത്ര എളുപ്പമല്ലാ.

അതുകൊണ്ടു നമ്മുടെ വൃത്തിക്കെട്ട തന്തമാരെ നമ്മള്‍ സംരക്ഷിക്കരുത്. അന്നെനിക്ക് അതിനുള്ള ശേഷിയുണ്ടായിരുന്നില്ല. ഭയമായിരുന്നു.
തന്തയേയും, രണ്ടാനച്ഛനെയും, വീട്ടുകാരെയും, നാട്ടുകാരെയും ഒക്കെ ഭയമായിരുന്നു. ഇന്നതിന്റെ ഒരാവശ്യവുമില്ല.

ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല. ചിലതെല്ലാം ഡെറ്റോള്‍ പോലും വേണമെന്നില്ല ഒരൊറ്റ കപ്പ് വെള്ളത്തില്‍ പോലും ഒലിച്ചുപോകും.
മറ്റു ചിലതെല്ലാം നമുക്കു ചുറ്റും സ്‌നേഹവും കരുതലുമുള്ള ആളുകളുണ്ടായാല്‍ തീര്‍ന്നു പോകും. ഇതെല്ലാം തുറന്നു പറഞ്ഞാല്‍ തന്തയില്ലാതാകുമോ, കുടുംബമില്ലാതാകുമോ എന്നൊന്നും വിചാരിക്കരുത്. അങ്ങനെ പോകുന്നതാണെങ്കില്‍ പോകട്ടേന്നേ…നിങ്ങള്‍ക്കു ചുറ്റും വിശാലമായൊരു ലോകമുണ്ട്.

തള്ളമാരോട്,….
നിങ്ങളുടെ മക്കള്‍ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ അവരുടെ തന്തമാരില്‍ നിന്നോ രണ്ടാം തന്തമാരില്‍ നിന്നോ ഉണ്ടാകുന്നുവെന്നു നിങ്ങള്‍ക്ക് സ്വയം മനസ്സിലാകുകയോ അവരു തന്നെ തുറന്നു പറയുകയോ ചെയ്താല്‍ ആ തന്തമാരെ അപ്പോള്‍ തന്നെ വീട്ടില്‍ നിന്നും ഇറക്കി വിടുക.
നിങ്ങളുടെ മകളെ ചേര്‍ത്തുപിടിക്കുക. തന്തയില്ലാതെയും ജീവിക്കാനുള്ള ഊര്‍ജ്ജം പകരുക. തന്തയില്ലാത്തവളായി തന്നെ അവളെ വളര്‍ത്തുക.
ഇങ്ങനെയുള്ള തന്തമാരുള്ളിടത്ത് കഴിയുന്നതിലും നല്ലത് അവള്‍ തന്തയില്ലാത്തവളായി ജീവിക്കുന്നതല്ലേ…! തന്തയില്ലാത്തവളെന്നു അഭിമാനത്തോടെ തന്നെ പറയുക…

Content Highlight: Ramseena Umaiba writes about her experience from her father

റംസീന ഉമൈബ

We use cookies to give you the best possible experience. Learn more