ചണ്ഡിഗഢ്: ദേരാ സച്ചാ സൗദാ തലവനും സ്വയം ആള്‍ ദൈവവുമായ റാം റഹീം സിങിന് ഏര്‍പ്പെടുത്തിയിരുന്ന ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഹരിയാന സര്‍ക്കാര്‍ പിന്‍വലിച്ചു. ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചത്
റാം റഹീമിന് ജയിലില്‍ കിട്ടിയിരുന്ന പ്രത്യകപരിഗണനയും എടുത്ത് മാറ്റി. ജയിലില്‍ പ്രവേശിപ്പിച്ചിരുന്നപ്പോള്‍ റാം റഹീമിന് മിനറല്‍ വാട്ടറും സഹായിയുമടക്കം പ്രത്യേകസൗകര്യങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഇത് വിവാദമായിരുന്നു.
എന്നാല്‍ പ്രത്യേക പരിഗണനയല്ല നിരവധി ആരാധകരുള്ള ഒരാളായതിനാല്‍ ജയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കുകമാത്രമാണ് ഉണ്ടായത്. മറ്റു തടവുകാരില്‍ നിന്ന് റാം റഹീമിന് അക്രമണമുണ്ടാകാതിരിക്കാന്‍ സുരക്ഷ ഉറപ്പുവരുത്തുക മാത്രമാണ് ചെയ്തതെന്ന് ജയില്‍ ഡി.ജി.പി കെ.പി സിങ് പറഞ്ഞു.
ഒരു സാധാരണ തടവുകാരനായി മാത്രമെ റാം റഹീമിനെ പരിഗണിക്കൂ എന്നും മറ്റ് തടവുകാരെ പോലെ അയാള്‍ തറയില്‍ കിടക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന കലാപത്തെ ശക്തമായി അപലപിച്ച് രാഷ്ട്രപതി രംഗത്തെത്തിയിരുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഷ്ട്രപതി പ്രതികരണം നടത്തിയത്.
“അക്രമത്തെയും പൊതുമുതല്‍ നശിപ്പിക്കുന്നതിനെയും ശക്തമായി അപലപിക്കുന്നു. കോടതി വിധിയെത്തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല.” അദ്ദേഹം ട്വീറ്റ് ചെയ്തു. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Also read ഛത്തീസ്ഗഢിലെ ബി.ജെ.പി നേതാവ് ചത്തപശുക്കളെ അറവുശാലക്കാര്‍ക്ക് വിറ്റു: പൊലീസ്
ഹരിയാനയിലും പഞ്ചാബിലും ആരംഭിച്ച കലാപം ദല്‍ഹിയിലേക്കും യു.പിയിലേക്കും വ്യാപിച്ചിട്ടുണ്ട്. കലാപം ശക്തമായതോടെ ഹരിയാനയില്‍ 10 സി.ആര്‍.പി.എഫ് സംഘത്തേയും പഞ്ച്കുലയില്‍ ആറ് സംഘത്തെയയും വിന്യസിച്ചിട്ടുണ്ട്.
അതിനിടെ കലാപം നിയന്ത്രിക്കാന്‍ കൂടുതല്‍ സൈന്യത്തെ വിട്ടുതരണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ നാളെ ഉന്നതതല യോഗം ചേരുന്നുണ്ട്. ആഭ്യന്തര സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. അക്രമ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസും റിപ്പോര്‍ട്ട് തേടി. വിവിധയിടങ്ങളിലായി ഇതുവരെ 29 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.