ലക്‌നൗ: ഉത്തര്‍പ്രദേശിലെ റാംപൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനും എതിരാളികളും തമ്മിലുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്. അസംഖാന്റെ കുടംുബത്തിന്റെ രാഷ്ട്രീയത്തിലെ ഭാവി ഉപതെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാം. കാരണം അസംഖാന്റെ ഭാര്യയും സമാജ്‌വാജി പാര്‍ട്ടി എം.പിയുമായ തന്‍സീന്‍ ഫാത്തിമയാണ് റാംപൂര്‍ മണ്ഡലത്തില്‍ നിന്ന് വോട്ടഭ്യര്‍ത്ഥിക്കുന്നത്.
എസ്.പി കോട്ട തകര്‍ക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. 84 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അസംഖാന്‍ തന്‍സീര്‍ ഫാത്തിമയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വളരെ സജീവമായിരുന്നു. അതോടൊപ്പം വോട്ടര്‍മാരുടെ പിന്തുണ ലഭിക്കാനാണ് ജില്ലാ ഭരണകൂടം ഇതുവരെയും അസംഖാനെ അറസ്റ്റ് ചെയ്യാത്തതെന്നും പൊതു വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഉത്തര്‍പ്രദേശില്‍ രാംപൂര്‍ മണ്ഡലത്തിന്റെ പ്രാധാന്യം മനസിലാക്കാവുന്ന മറ്റാെരു കാര്യം കൂടിയുണ്ട്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ഏക മണ്ഡലമാണിത്. ഒപ്പം അസംഖാന്‍ 9 തവണ നിയമസഭാംഗമായ മണ്ഡലം കൂടിയാണ് റാംപൂര്‍.
ഇവരുടെ ചുടു പിടിച്ച പ്രചാരണത്തില്‍ മറ്റ് പാര്‍ട്ടികള്‍ അപ്രസക്തമായിത്തീര്‍ന്നന്നും കൂടാതെ റാംപൂരിലെ പലര്‍ക്കും മറ്റ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പോലും അറിയില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
ഇതുവരെയും മണ്ഡലത്തില്‍ ആറ് ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയെ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തിയതിന് ശേഷമുള്ള തെരഞ്ഞെടുപ്പാണിത്. മോദിയുടെ ‘സബ്ക സാത്ത്, സബ്ക വികാസ്, സബ്ക വിശ്വാസ്’ എന്ന ആശയം ഉയര്‍ത്തിയാണ് ബി.ജെ.പി വോട്ട് തേടിയത്.