കോഴിക്കോട്: പൗരത്വ ഭേദഗതി ബില്‍ ഇന്ത്യയുടെ മതനിരപേക്ഷതക്ക് അപവാദമാണെന്ന് എഴുത്തുകാരനും സാമൂഹ്യമാധ്യമപ്രവര്‍ത്തകനുമായ രാം പുനിയാനി. പൗരത്വ ഭേദഗതി ബില്‍ വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അദ്ദേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ജനങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന എല്ലാ നീക്കത്തിനും ഇന്ത്യന്‍ ഭരണഘടന എതിരാണ്. പ്രത്യേക മതത്തിലുള്ളവരെ മാത്രം ലക്ഷ്യം വെക്കുകയും ഹിന്ദുക്കളെ നടപടിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്യുന്ന ബില്‍ കൃത്യമായി മതത്തിന്റെ പേരിലുള്ള വിവേചനമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
മാത്രമല്ല ഈ പ്രദേശത്തുള്ള ജനങ്ങളെ പൊതുവേ അവരുടെ രൂപത്തിന്റെ പേരിലും മറ്റും കുടിയേറ്റക്കാരായിട്ടാണ് കണക്കാക്കുന്നത്. ഭൂരിഭാഗം പേര്‍ക്കും മതിയായ രേഖകള്‍ കൈവശമില്ലാത്തതിന്റെ പേരില്‍ തെറ്റായി കുടിയേറ്റക്കാരെന്ന് മുദ്രകുത്തപ്പെടുകയാണെന്നും
രാം പുനിയാനി പറഞ്ഞു.
ഈ ബില്‍ ഒരുപാട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയുടെ സെക്കുലര്‍ ഭാവത്തതിന് ഇത് അപവാദമാണ് താനും.
രാജ്യസഭയില്‍ ബില്‍ പാസാവില്ല എന്നാണ് തന്റെ വിശ്വാസം . അസം ഗണ പരിഷത് ( എ.ജി.പി) എന്‍.ഡി.എയില്‍ നിന്നും പിന്മാറിയതും ഇതിന്റെ ലക്ഷണമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിമിതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ കഴിഞ്ഞദിവസം പാസാക്കിയിരുന്നു.
ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജയിന്‍, ക്രിസ്ത്യന്‍ എന്നീ ആറ് ന്യൂനപക്ഷ വിഭാഗക്കാരില്‍ ഇന്ത്യയില്‍ നിശ്ചിതകാലം താമസിക്കുന്നവര്‍ക്ക പൗരത്വം നല്‍കുമെന്നാണ് വ്യവസ്ഥ. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആണ് ബില്‍ അവതരിപ്പിച്ചത്.
കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ക്ക് പുറമെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കക്ഷികളുടെയെല്ലാം എതിര്‍പ്പ് മറികടന്നാണ് ബില്‍ പാസാക്കിയത്.