ലയണല്‍ മെസി-ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫാന്‍ ഡിബേറ്റില്‍ പങ്കെടുത്ത് പി.എസ്.ജിയുടെ സ്പാനിഷ് താരം സെര്‍ജിയോ റാമോസ്. മെസിക്കും റൊണാള്‍ഡോക്കുമൊപ്പം മത്സരിക്കാന്‍ അവസരം ലഭിച്ച അപൂര്‍വം താരങ്ങളില്‍ ഒരാളാണ് റാമോസ്. ആധുനിക ഫുട്ബോളില്‍ ആരാണ് ഗോട്ട് എന്നുള്ളതിന് മറുപടി നല്‍കിയിരിക്കുകയാണ് താരം.
മെസിക്കെതിരെ കളിക്കുമ്പോള്‍ ധാരാളം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ കളി ആസ്വദിക്കുകയാണെന്നും റാമോസ് പറഞ്ഞു. ലോകത്തെ ഫുട്ബോള്‍ താരങ്ങളില്‍ ഏറ്റവും മികച്ചത് മെസിയാണെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.ജി ടി.വിയോട് സംസാരിക്കുന്നതിനിടെയാണ് റാമോസ് ഇക്കാര്യം സംസാരിച്ചത്.
‘മെസിക്കെതിരെ കളിക്കുമ്പോള്‍ ഒത്തിരി കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ പി.എസ്.ജിയില്‍ ഞാന്‍ അദ്ദേഹത്തിന്റെ കളി ആസ്വദിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറില്‍ ഒരാളാണ് മെസി,’ റാമോസ് പറഞ്ഞു.
റൊണാള്‍ഡോക്കൊപ്പം റയല്‍ മാഡ്രിഡില്‍ കളിച്ചിട്ടുള്ള താരമാണ് റാമോസ്. മെസി ബാഴ്സലോണക്കായി കളിക്കുമ്പോള്‍ റാമോസ് മെസിക്കെതിരെ കളത്തിലിറങ്ങിയിട്ടുണ്ട്. 2010ല്‍ റയലിനെ ബാഴ്സ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പിച്ച മത്സരത്തില്‍ മെസിക്കെതിരെ അപകടകരമായ ഫൗള്‍ നടത്തി റാമോസ് ചുവപ്പ് കാര്‍ഡ് വാങ്ങിയിരുന്നു.
നിലവില്‍ പി.എസ്.ജിയിലാണ് മെസിയും റാമോസും ബൂട്ടുകെട്ടുന്നത്. പാരീസിയന്‍ ക്ലബ്ബില്‍ ഇരുവരുടെയും ഭാവി അനിശ്ചിതത്വത്തിലാണ്. ഈ വര്‍ഷം ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ ഇരുവരും പി.എസ്.ജിയുമായി കോണ്‍ട്രാക്ട് പുതുക്കുന്നതില്‍ തങ്ങളുടെ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.
മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അടുത്തിടെ സ്‌പെയിന്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച റാമോസ് ക്ലബ്ബ് ഫുട്‌ബോളിലെ ഭാവിയെ കുറിച്ച് തീരുമാനം അറിയിച്ചിട്ടില്ല.