| Monday, 13th February 2023, 6:56 pm

അവനിപ്പോഴും നല്ല ഫിറ്റ് ആണ്, കഴിവുമുണ്ട്, പിന്നെന്തിനാണ് അല്‍ നസറിലേക്ക് പോയത്? റൊണാള്‍ഡോയെക്കുറിച്ച് മുന്‍ റയല്‍ മാഡ്രിഡ് പ്രസിഡന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്പ് വിട്ട് സൗദി അറേബ്യയിലേക്ക് ചേക്കേറിയതിന്റെ ഞെട്ടല്‍ ഇനിയും വിട്ടുമാറാത്തവരുണ്ട്. അവരിലൊരാളാണ് മുന്‍ റയല്‍ മാഡ്രിഡ് പ്രസിഡന്റ് റമോണ്‍ കാല്‍ഡെറോണ്‍.

പോര്‍ച്ചുഗല്‍ ഇതിഹാസം മിഡില്‍ ഈസ്റ്റിലേക്ക് പോയത് തന്നെ നിരാശപ്പെടുത്തുകയാണുണ്ടായതെന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. കുറച്ച് കാലം കൂടി റൊണാള്‍ഡോ ടോപ്പ് ലീഗില്‍ കളിച്ചുകാണണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജി.ബി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രണ്ടോ മൂന്നോ വര്‍ഷം കൂടി റൊണാള്‍ഡോ ടോപ്പ് ലീഗില്‍ കളിച്ച് കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എനിക്ക് തോന്നുന്നു അദ്ദേഹം ഇപ്പോഴും ഫിറ്റ് ആണെന്ന്, നല്ല ഷെയ്പ്പും ഉണ്ട്. കരിയറിലുടനീളം സ്വന്തം കാര്യങ്ങളില്‍ നന്നായി ശ്രദ്ധ പുലര്‍ത്തിയ താരമാണ് റൊണാള്‍ഡോ. പക്ഷേ, ഇങ്ങനെ ചെയ്യുന്നതായിരിക്കാം അവന് നല്ലതെന്ന് തോന്നിയത്. റൊണാള്‍ഡോക്ക് ഞാനെല്ലാ ആശംസകളും നേരുന്നു,’ കാല്‍ഡെറോണ്‍ പറഞ്ഞു.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും വാര്‍ത്താ അവതാരകനുമായ പിയേഴ്സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്.

അഭിമുഖത്തില്‍ കോച്ച് എറിക് ടെന്‍ ഹാഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചും ക്ലബ്ബില്‍ താന്‍ അഭിമുഖീകരിച്ചിരുന്ന അസ്വാരസ്യങ്ങളെ കുറിച്ചുമെല്ലാം റൊണാള്‍ഡോ പരാമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും റൊണാള്‍ഡോയും പരസ്പരണ ധാരണയോടെ പിരിഞ്ഞത്.

യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ റൊണാള്‍ഡോ ജനുവരിയില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറുമായി സൈനിങ് നടത്തുകയായിരുന്നു. 200 മില്യണ്‍ ഡോളര്‍ നല്‍കിയാണ് താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്. അല്‍ നസറില്‍ മികവോടെ കളിക്കുകയാണ് റൊണാള്‍ഡോ.

ഇതുവരെ നാല് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. കൂടാതെ ലീഗ് ഫുട്ബോളില്‍ 500 ഗോളുകള്‍ എന്ന നേട്ടം അല്‍ നസറില്‍ പൂര്‍ത്തിയാക്കിയ റൊണാള്‍ഡോ, ഈ വര്‍ഷം മെസി നേടിയ ഗോളുകളെക്കാള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു.

Content Highlights: Ramon Calderon praises Cristiano Ronaldo

We use cookies to give you the best possible experience. Learn more