ന്യൂദല്‍ഹി: സ്വാതന്ത്ര്യസമര സേനാനി സരോജിനി നായിഡുവിന്റെ പദവി ഗായിക ലതാ മങ്കേഷ്‌ക്കറിന് നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ട്വീറ്റ്.
ലതാമങ്കേഷ്‌ക്കറിന്റെ ജന്മദിനത്തിലായിരുന്നു ഇന്ത്യയുടെ വാനമ്പാടിയാണ് ലതാമങ്കേഷ്‌ക്കര്‍ എന്ന് രാംനാഥ് കോവിന്ദ് പറഞ്ഞത്. ഇന്ത്യയുടെ ആത്മാവും ശബദവുമായി അവരുടെ മെലഡികള്‍ ഇനിയും ഉയരട്ടെയെന്നും രാംനാഥ് കോവിന്ദിന്റെ ട്വീറ്റില്‍ പറഞ്ഞു.
എന്നാല്‍ ബോളിവുഡിന്റെ വാനമ്പാടിയായ ലതാ മങ്കേഷ്‌ക്കറിനെ ഇന്ത്യയുടെ വാനമ്പാടിയാക്കിയതില്‍ വലിയ വിമര്‍ശനമായിരുന്നു രാംനാഥ് കോവിന്ദിനെതിരെ ഉയര്‍ന്നത്.
സര്‍, താങ്കള്‍ ഇന്ത്യയുടെ രാഷ്ട്രപതിയെന്ന നിലയ്ക്കാണ് ട്വീറ്റ് ചെയ്യേണ്ടത് അല്ലാതെ ഒരു രാഷ്ട്രീയക്കാരനായിട്ടല്ലെന്നായിരുന്നു ഒരാളുടെ പ്രതികരണം. രാഷ്ട്രീയക്കാര്‍ക്ക് അവരുടെ പ്രസ്താവനകളില്‍ തെറ്റ് സംഭവിക്കാമെന്നും എന്നാല്‍ രാഷ്ട്രപതിയ്ക്ക് ഒരിക്കലും അത് ഉണ്ടാവാന്‍ പാടില്ലെന്നും ഇദ്ദേഹം പറയുന്നു.
ലതാജി ഇന്ത്യയുടെ വാനമ്പാടിയല്ലെന്നും ബോളിവുഡിന്റെ വാനമ്പാടിയാണെന്നും താങ്കള്‍ക്ക് അറിയില്ലേ..അല്‍പ്പം വിവരത്തോടെ സംസാരിക്കണമെന്നുമായിരുന്നു മറ്റൊരു പ്രതികരണം.
സ്വാതന്ത്ര്യസമര സേനാനിയായ സരോജിനി നായിഡുവാണ് ഇന്ത്യയുടെ വാനമ്പാടി, ലതാ മങ്കേഷ്‌ക്കറല്ല. പുതിയ ഇന്ത്യയിലെ രാഷ്ട്രപതിക്ക് ഇതൊന്നും അറിയില്ലേയെന്നാണ് മറ്റൊരാളുടെ ചോദ്യം.
ഇതില്‍ അത്ഭുതമൊന്നും തോന്നുന്നില്ലെന്നും ബി.ജെ.പിയുടെ സംഘികളുടെ താത്പര്യത്തിന് അനുസരിച്ച് താങ്കളും പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്.
താങ്കള്‍ പ്രസിഡന്റ് ആണെന്ന കാര്യം സമ്മതിച്ചു, എന്ന് കരുതി ഇന്ത്യയുടെ ചരിത്രം മാറ്റാന്‍ താങ്കള്‍ക്കാവില്ല. താങ്കള്‍ ഇന്ത്യയുടെ രാഷ്ട്രപതിയാണ് അല്ലാതെ ബി.ജെ.പിയുടേതല്ല. ബി.ജെ.പിയിലെ താങ്കളുടെ മുന്‍പദവിയില്‍ ഇരുന്ന് ഇത്തരം മണ്ടത്തരങ്ങള്‍ വിളിച്ചുപറയുന്നതായിരുന്നു നല്ലത് എന്നാണ് മറ്റൊരാളുടെ പ്രതികരണം.
ഞാന്‍ കരുതിയത് സരോജിനി നായിഡുവാണ് ഇന്ത്യയുടെ വാനമ്പാടി എന്നാണ്. ഒരുപക്ഷേ ചരിത്രപുസ്തകങ്ങള്‍ക്ക് തെറ്റുപറ്റിയതാവും. അല്ലാതെ പ്രസിഡന്റിന്റെ ഓഫീസിന് തെറ്റുപറ്റില്ലെന്നുമാണ് മറ്റൊരാളുടെ പരിഹാസം.