'രാഷ്ട്രപതിയും പറഞ്ഞു, കേരളം നമ്പര്‍ 1'; മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളത്തെ കണ്ടു പഠിക്കണമെന്ന് രാംനാഥ് കോവിന്ദ്
Kerala
'രാഷ്ട്രപതിയും പറഞ്ഞു, കേരളം നമ്പര്‍ 1'; മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളത്തെ കണ്ടു പഠിക്കണമെന്ന് രാംനാഥ് കോവിന്ദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th October 2017, 5:01 pm

 

കൊല്ലം: മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളത്തെ കണ്ടു പഠിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സംസ്‌കാരവും മൂല്യങ്ങളും സംരക്ഷിക്കുന്നതില്‍ കേരളത്തിന്റെ സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് അമൃതപുരിയിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷതയുടെ കാര്യത്തിലും സാംസ്‌കാരിക സംരക്ഷണത്തിലും കേരളത്തെ കണ്ടു പഠിക്കാന്‍ ഏറെയുണ്ട്. രാജ്യത്തിന്റെ നെടുംതൂണായ സാംസ്‌കാരിക സംരക്ഷണത്തിന് ഏറെ പ്രയത്‌നിച്ച നാടാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നത് യോഗി ആദിത്യനാഥിന്റെ ആരോപണം മാത്രമെന്ന് ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച


ശാസ്ത്രത്തിന്റെയും ആധ്യാത്മികതയുടെയും സമ്മേളനവേദിയാണ് കേരളമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ആധ്യാത്മികതയ്‌ക്കൊപ്പം സാമൂഹ്യ പരിഷ്‌കരണത്തിലും ഒരേപോലെ പരിവര്‍ത്തനം സൃഷ്ടിച്ചവരാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

“ക്രൈസ്തവര്‍ ഇന്ത്യയില്‍ ആദ്യമെത്തിയത് കേരളത്തിലാണ്. ആദ്യ മുസ്‌ലിം പള്ളിയും കേരളത്തിലാണുണ്ടായത്. ജൂതരും റോമാക്കാരും എല്ലാം കേരളത്തിലെത്തി. ഇവരൊക്കെ പരസ്പര ധാരണയോടെയും സഹവര്‍ത്തിത്വത്തോടെയും ഓരോരുത്തരുടെയും വിശ്വാസത്തെ ആദരിച്ചു ജീവിച്ചു. ഈ പാരമ്പര്യം തികച്ചും അഭിമാനാര്‍ഹമാണ്”.


Also Read: ഓട്ടോയില്‍ നിന്ന് ചാടിയിറങ്ങി അനസ്; പാടത്തെ ചളിയില്‍ നിന്ന് ഗോളടിച്ച് സി.കെ വിനീത്; തരംഗമായി ഐ.എസ്.എല്‍ പ്രമോ വീഡിയോ


മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ പാരമ്പര്യം ഉജ്വലമാണെന്ന് രാഷ്ട്രപതി പ്രകീര്‍ത്തിച്ചു. ആധ്യാത്മിക പാരമ്പര്യത്തിലും സാമൂഹ്യ പരിഷ്‌കരണത്തിലും കേരളം മികച്ചു നില്‍ക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആദിശങ്കരനും അയ്യങ്കാളിയുടെയും പ്രവര്‍ത്തനം കേരളം ഇന്നു തുടരുന്നുവെന്നും സഹജീവികളെ സ്‌നേഹിക്കുകയും നല്ല ആരോഗ്യവും നല്ല വിദ്യാഭ്യാസവും തുല്യ അവസരവും നല്‍കുകയും ചെയ്യുന്നത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാവിലെ തിരുവനന്തപുരം വ്യോമസേന വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയേ ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്നാണ് സ്വീകരിച്ചത്.