[]ന്യൂദല്‍ഹി: പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയതിനെതിരെ പ്രമുഖ അഭിഭാഷകനും ബി.ജെ.പിയുടെ രാജ്യസഭാംഗവുമായിരുന്ന രാംജത്മലാനി ബി.ജെ.പിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി. തികച്ചും ഏകപക്ഷീയമായാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് നടപടിയുണ്ടായതെന്നും പരാതിയില്‍ പറയുന്നു.
എ.ബി വാജ്‌പേയിയും നരേന്ദ്ര മോഡിയും ഒഴികെയുള്ള പാര്‍ലമെന്ററി ബോര്‍ഡംഗങ്ങള്‍ക്കെതിരെയാണ് രാംജത് മലാനി കേസ് കൊടുത്തിരിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും പാര്‍ലമെന്ററി ബോര്‍ഡിന് അതിനുള്ള അവകാശമില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഓരോ ബോര്‍ഡ് അംഗവും 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് രാം ജത് മലാനിയെ പാര്‍ട്ടിയില്‍ നിന്ന പുറത്താക്കിയത്.
ബി.ജെ.പി ലോക്‌സഭ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജിനും മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റ്‌ലിക്കുമെതിരെ പരസ്യമായി രംഗത്ത് വന്നതിനെ തുടര്‍ന്നാണ് രാംജത് മലാനിയെ പാര്‍ട്ടി പുറത്താക്കിയത്.