ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയിലെ എ.ബി.വി.പി അക്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം. ദല്‍ഹി സര്‍വകലാശാല, ജെ.എന്‍.യു വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്ത മാര്‍ച്ചില്‍ നേതാക്കളായ സീതാറാം യെച്ചൂരി, ഡി.രാജ, യോഗേന്ദ്ര യാദവ് തുടങ്ങിയവരും അണി നിരന്നു.
എ.ബി.വി.പി ഗുണ്ടായിസത്തില്‍ നിന്നും ആസാദി പ്രഖ്യാപിച്ച വിദ്യാര്‍ത്ഥികള്‍ ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നും എ.ബി.വി.പിക്കെതിരെ ഒറ്റക്കെട്ടായി പൊരുതണമെന്നും ആഹ്വാനം ചെയ്തു.
ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാറും ഷെഹല റാഷിദും മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിച്ചു. ലേഡീ ശ്രീരാം കോളേജ്, ദല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക് എന്നീ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും മാര്‍ച്ചില്‍ പങ്കെടുത്തു.
സ്വാതന്ത്ര്യ സമരത്തില്‍ യതൊരു സംഭാവനയും നല്‍കാതെ ഒരിക്കല്‍ പോലും ദേശീയപതാക ഉയര്‍ത്താത്ത ആര്‍.എസ്.എസിന് ദേശീയത പഠിപ്പിക്കാന്‍ അവകാശമില്ലെന്ന് മാര്‍ച്ചില്‍ പങ്കെടുത്ത് കൊണ്ട് സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.
രാംജാസ് കോളേജിലെ സെമിനാറിലേക്ക് ഉമര്‍ഖാലിദിനെയും ഷെഹല റാഷിദിനെയും ക്ഷണിച്ചതിനെ തുടര്‍ന്നാണ് എ.ബി.വി.പി സംഘര്‍ഷമുണ്ടാക്കിയിരുന്നത്. തൊട്ടടുത്ത ദിവസം എ.ബി.വി.പിക്കെതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചവര്‍ക്ക് നേരെ എ.ബി.വി.പി അക്രമം അഴിച്ചുവിട്ടിരുന്നു. അധ്യാപകര്‍ക്കടക്കം ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നു.
എ.ബി.വിപി അക്രമത്തിനെതിരെ ഓണ്‍ലൈനില്‍ പ്രതികരിച്ചതിന് ലേഡിശ്രീരാം കോളേജ് വിദ്യാര്‍ത്ഥിനിയും കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളുമായി ഗുര്‍മെഹര്‍ കൗറിനെതിരെ ബലാല്‍സംഗ ഭീഷണി വരെ ഉയര്‍ന്നിരുന്നു.