| Tuesday, 12th April 2022, 12:02 pm

റമീസ് രാജയുടെ പണി തെറിക്കുമോ? ഇമ്രാന്‍ ഖാന്‍ പുറത്തായതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റും ചോദ്യചിഹ്നത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ നിന്നും പുറത്തായതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലും പ്രതിസന്ധി ഉയരുന്നു. നിലവിലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ചെയര്‍മാന്‍ റമീസ് രാജ സ്ഥാനത്ത് നിന്നും തെറിക്കുമെന്ന് സൂചന.

റമീസ് രാജയ്ക്ക് പകരമായി മുന്‍ പി.സി.ബി ചെയര്‍മാന്‍ നജാം സേഥി പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ അധികാരസ്ഥാനത്തേക്കെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പി.സി.ബി തന്നെയാണ് ഇക്കാര്യം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്.

റമീസ് രാജ ഉടന്‍ തന്നെ അധികാരസ്ഥാനത്ത് നിന്നും രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്.

റമീസ് രാജ

അടുത്ത പാക് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്ന ഷഹബാസ് ഷെരീഫുമായി അടുത്ത ബന്ധമാണ് സേഥിക്കുള്ളത്. ഇതിനാല്‍തന്നെ സേഥി ഉടന്‍ തന്നെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തേക്കെത്തുമെന്നാണ് കരുതപ്പെടുന്നത്.

തന്റെ പഴയ ചുമതലയിലേക്ക് തിരിച്ചെത്തുന്നതില്‍ സേഥി ഏറെ സന്തോഷവാനാണെന്നും ഇതിനായി ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ ആരംഭിച്ചെന്നും സേഥിയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നജാം സേഥി

2017ല്‍ ഏകപക്ഷീയമായാണ് സേഥി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായതോടെ സേഥിയുടെ പണി തെറിക്കുകയായിരുന്നു.

ഇപ്പോള്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായതോടെയാണ് സേഥി വീണ്ടും പാക് ക്രിക്കറ്റിനെ നിയന്ത്രിക്കാനൊരുങ്ങുന്നത്.

എന്നാല്‍, പാകിസ്ഥാന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഈ മാറ്റം എത്രത്തോളം ഗുണകരമാകുമെന്നത് വളരെ വലിയൊരു ചോദ്യമായി തന്നെ അവശേഷിക്കുകയാണ്.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഓസ്‌ട്രേലിയ പോലൊരു ടീം പാകിസ്ഥാനിലെത്തി പരമ്പര കളിക്കുകയും പാകിസ്ഥാന്‍ ക്രിക്കറ്റിനെ സാമ്പത്തികമായി വന്‍ നേട്ടവുമുണ്ടാക്കിയ സാഹചര്യത്തിലാണ് റമീസ് രാജയ്ക്ക് പുറത്തേക്കുള്ള വഴി തുറക്കുന്നതെന്നും ശ്രദ്ധേയമാണ്.

ക്രിക്കറ്റില്‍ രാഷ്ട്രീയം കലരുമോ എന്ന ചോദ്യത്തിനാണ് ഇനി പ്രധാനമായും ഉത്തരം തേടേണ്ടത്.

പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയിലെ അവിശ്വാസ പ്രമേയത്തിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായത്.

പാകസ്ഥാനില്‍ അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനഭൃഷ്ടനാവുന്ന ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍.

Content Highlight:  Ramiz Raja to lose job as PCB Chairman after Imran Khan’s departure – Reports

We use cookies to give you the best possible experience. Learn more