ഏഷ്യാ കപ്പില്‍ പാകിസ്ഥാന് മുന്നേറണമെങ്കില്‍ ഓപ്പണിങ് ബാറ്റര്‍ ഫഖര്‍ സമാനെ ടീമില്‍ നിന്നും ഒഴിവാക്കാണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരവും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ റമീസ് രാജ. ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ താരത്തെ പ്ലേയിങ് ഇലവില്‍ നിന്നും മാറ്റാനാണ് ബാബറിനോട് രാജ ആവശ്യപ്പെടുന്നത്.
ഉദ്ഘാടന മത്സരത്തില്‍ നേപ്പാളിനെതിരെ 238 റണ്‍സിന്റെ കൂറ്റം വിജയം പാകിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. മെന്‍ ഇന്‍ ഗ്രീനിന്റെ അടുത്ത മത്സരം ഇന്ത്യയുമായാണ്. സെപ്റ്റംബര്‍ രണ്ടിന് പല്ലെക്കെല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം അരങ്ങേറുക.
ആദ്യ മത്സരത്തില്‍ മികച്ച വിജയം നേടിയെങ്കിലും ഓപ്പണിങ് ബാറ്റര്‍ ഫഖര്‍ സമാന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ലായിരുന്നു. വെറും 14 റണ്‍സാണ് താരം നേപ്പാളിനെതിരെ നേടിയത്. അഫ്ഗാനിസ്ഥാനെതിരെ അടുത്തിടെ അവസാനിച്ച പരമ്പരയിലും ലങ്കന്‍ പ്രീമിയര്‍ ലീഗിലും മോശം ബാറ്റിങ്ങാണ് സമാന്‍ കാഴ്ചവെച്ചത്.
ഇന്ത്യക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി സമാനെ ‘വലിയൊരു പ്രശ്‌നം’ എന്നാണ് റമീസ് രാജ വിശേഷിപ്പിച്ചത്. സമാന്‍ ഒരു അണ്‍ഓര്‍ത്തഡോക്‌സ് ബാറ്ററാണെന്നും അങ്ങനെയുള്ളവര്‍ മോശം ഫോമിലായാല്‍ തിരിച്ചുവരവ് നടത്തുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും രാജ പറയുന്നു.
‘ഫഖര്‍ സമാനാണ് വലിയ പ്രശ്‌നം. അവന്‍ ഒരു അസാധാരണ ഹിറ്ററാണ്, പക്ഷേ അങ്ങനെയുള്ള ഒരാള്‍ ഫോമില്‍ നിന്ന് പുറത്താകുമ്പോള്‍, പരിഹാരങ്ങള്‍ കണ്ടെത്താന്‍ കുറച്ച് സമയമെടുക്കും. അവന്‍ ലെഗ് സൈഡില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന ബോട്ടം ഹാന്‍ഡ് പ്ലെയറാണ്. അവന് അതില്‍ ചില അഡ്ജസ്റ്റ്‌മെന്റൊക്കെ നടത്തി സ്‌കോര്‍ ചെയ്യാറുണ്ട്,’ രാജ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
അഫ്ഗാെനതിരെ സമാന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും താരത്തിന്റെ ശരീരഭാഷ കഷ്ടമാണെന്നും രാജ പറയുന്നു. സമാന് വിശ്രമം നല്‍കണമെന്നും ഒരുപാട് അവസരം നല്‍കിയെന്നും ഇന്ത്യക്കെതിരെ ഈ ഫോമില്‍ താരം അവസരം അര്‍ഹിക്കുന്നില്ലെന്നും മുന്‍ സെലക്ടര്‍ പറയുന്നുണ്ട്.
‘അഫ്ഗാനിസ്ഥാനെതിരെ മൂന്ന് മത്സരങ്ങള്‍ കളിച്ച അദ്ദേഹത്തിന് ഒരു നേട്ടവും ഉണ്ടാക്കാനായില്ല. അവന്റെ ശരീരഭാഷ കഷ്ടമാണ്, പാകിസ്ഥാന് ഒരു ഇന്‍ ഫോം ഓപ്പണറെ ആവശ്യമുണ്ട്. ഇമാം ഉള്‍ ഹഖും ചെറിയ സ്‌കോറിന് പുറത്തായാല്‍ അത് ടീമില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കും. ഫഖാറിനെ പാകിസ്ഥാന്‍ വിലയിരുത്തേണ്ടതുണ്ട്.
അവര്‍ സമാന് വിശ്രമം നല്‍കണമെന്നും കുറച്ച് സമയം നല്‍കണമെന്നും ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹത്തെ സൈഡ്ലൈനുചെയ്യുന്നത് അവനും പാകിസ്ഥാന്‍ ടീമിനും നല്ലതായിരിക്കും. സമാന്‍ ഒരു നല്ല കളിക്കാരനാണ്, പാകിസ്ഥാന്‍ അദ്ദേഹത്തിന് അവസരങ്ങള്‍ നല്‍കി. എന്നാല്‍ ഇന്ത്യക്കെതിരെ, അദ്ദേഹത്തിന്റെ നിലവിലെ ഫോമില്‍, ആ അവസരം നല്‍കുന്നത് വിലമതിക്കില്ല,’ രാജ കൂട്ടിച്ചേര്‍ത്തു.
Content Highlight: Ramiz Raja Says Pakistan should get rid off Fakhar Zaman against India