| Wednesday, 6th July 2022, 11:46 am

ജീവന് ഭീഷണി; ബുള്ളറ്റ്പ്രൂഫ് കാറ് ഉപയോഗിച്ചിരുന്നെന്ന് റമീസ് രാജ

സ്പോര്‍ട്സ് ഡെസ്‌ക്

താന്‍ ഉപയോഗിച്ചിരുന്നത് ബുള്ളറ്റ് പ്രൂഫ് വണ്ടിയാണ് തുറന്നുപറഞ്ഞു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായ റമീസ് രാജ. ദേശീയ അസംബ്ലി സ്പോര്‍ട്സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെയാണ് അദ്ദേഹം ഇത് അറിയിച്ചത്.

സുരക്ഷാ ഭീഷണിയുള്ളതിനാലാണ് ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡിന്റെ ചെയര്‍മാനെന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു റമീസ് ഇത് പറഞ്ഞത്. താന്‍ ബോര്‍ഡിനൊരു ബാധ്യതയല്ലെന്നും തന്റെ ചികിത്സാ ചെലവുകളും മറ്റു ചില ചെലവുകളും മാത്രമാണ് ബോര്‍ഡ് വഴി കിട്ടുന്ന ആനുകൂല്യമെന്നും അദ്ദേഹം വ്യക്തമാക്കി.

”സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ബോര്‍ഡിന്റെ ബുള്ളറ്റ് പ്രൂഫ് വാഹനം മാത്രമാണ് താന്‍ ഉപയോഗിച്ചതെന്ന് റമീസ് ഒരു ഘട്ടത്തില്‍ കമ്മിറ്റി അംഗങ്ങളോട് പറഞ്ഞിരുന്നു, അല്ലാത്തപക്ഷം പി.സി.ബിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ എടുക്കുന്നത് ഒഴിവാക്കി,” മീറ്റിങ് നടപടികളെക്കുറിച്ച് അറിയാവുന്ന ഒരു സോഴ്‌സ് പറഞ്ഞു.

ദേശീയ അസംബ്ലി കമ്മിറ്റി അംഗങ്ങളാരും റമീസിനോട് ഭരണം മാറിയതിന് ശേഷം ബോര്‍ഡ് ചെയര്‍മാനായി തുടരുന്നതിനെ പറ്റി അന്വേഷിച്ചിട്ടില്ല. സര്‍ക്കാര്‍ മാറിയപ്പോഴെല്ലാം രാജിവെക്കുന്നതിനെക്കുറിച്ച് താന്‍ മുമ്പ് ചിന്തിച്ചിട്ടില്ലാത്തത് എന്തുകൊണ്ടാണെന്ന് ആരും തന്നെ ചോദിച്ചില്ലെന്നും സോഴ്‌സ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍വീസ് റൂള്‍സ് പ്രകാരം ചെയര്‍മാന്റെ ദൈനംദിന അലവന്‍സുകള്‍, ഹോട്ടല്‍, യാത്രാ ചെലവുകള്‍ എന്നിവ മാത്രമാണ് താന്‍ ഉപയോഗിച്ചതെന്ന് രണ്ട് മണിക്കൂര്‍ നീണ്ട സെഷനില്‍ റമീസ് കമ്മിറ്റി അംഗങ്ങളോട് വ്യക്തമാക്കി. സുരക്ഷാഭീഷണിയുള്ളതിനാല്‍ പി.സി.ബി.യിലെ തന്റെ മുന്‍ഗാമികളും ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ഉപയോഗിച്ചിരുന്നതായി റമീസ് പറഞ്ഞിരുന്നു.

ഇതാദ്യമായാണ് റമീസ് ഏതെങ്കിലും പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം റമീസിന് വധഭീഷണി ഉണ്ടായിരുന്നു, അതിനുശേഷം അദ്ദേഹം ബുള്ളറ്റ് പ്രൂഫ് കാറിലാണ് യാത്ര ചെയ്തത്. എന്നാല്‍ ഭീഷണിയുടെ തീയതിയോ കൂടുതല്‍ വിവരങ്ങളോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

രണ്ട് മണിക്കൂര്‍ നീണ്ട യോഗത്തില്‍, റമീസിന്റെ പ്രവര്‍ത്തനങ്ങളില്‍ സമിതി തൃപ്തരായതിനാല്‍ ഭാവിയിലും അദ്ദേഹം തുടരണമെന്ന് ആവശ്യപ്പെട്ടു.

റമീസിന്റെയും ബോര്‍ഡിന്റെയും പ്രകടനത്തില്‍ സന്തോഷമുണ്ടെങ്കിലും, വാര്‍ഷിക ചെലവുകളെക്കുറിച്ചുള്ള ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടുകള്‍ ബോര്‍ഡ് സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് അംഗങ്ങള്‍ ചോദിച്ചു.

അടുത്ത മീറ്റിങ്ങില്‍ ഫയല്‍ തയ്യാറാക്കാന്‍ റമീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫയല്‍ കമ്മിറ്റിക്ക് കൈമാറണം എന്നും റമീസിനോട് കമ്മിറ്റി ആവശ്യപ്പെട്ടു.

Content Highlights: Ramiz Raja says he is using Bullet Proof vehicle

We use cookies to give you the best possible experience. Learn more