പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസമിന് ക്രിക്കറ്റ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ലെവലിലെത്താന്‍ സാധിക്കുമെന്ന് മുന്‍ പാക് താരവും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ റമീസ് രാജ. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് താരം നടത്തുന്നതെന്നും എന്നാല്‍ ടെസ്റ്റില്‍ ഇനിയുമേറെ ചെയ്യാനുണ്ടെന്നും റമീസ് രാജ പറഞ്ഞു.
തന്റെ യൂട്യൂബ് ചാനലില്‍ ലൈവില്‍ വരവെ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് റമീസ് രാജ ഇക്കാര്യം പറഞ്ഞത്.
‘ടെസ്റ്റ് ക്രിക്കറ്റില്‍ ബാബറിന് ഇനിയും പലതും നേടാനുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വളരെ മികച്ച രീതിയിലാണ് ബാബര്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിക്കുന്നത്. രണ്ട് ഫോര്‍മാറ്റിലും (ഏകദിനം, ടി-20) അവന് 50+ ശരാശരിയുണ്ട്.
ബാബര്‍ അസമില്‍ ഒരുപാട് പൊട്ടെന്‍ഷ്യലുണ്ട്. ഇനി തന്റെ സ്വഭാവവും മനോഭാവവും കൊണ്ട് താനൊരു വിവ് റിച്ചാര്‍ഡ്‌സ് ആണെന്ന് അവന്‍ ലോകത്തിന് കാണിച്ചുകൊടുക്കണം. റിച്ചാര്‍ഡ്‌സ് കളിക്കുന്നതുപോലെ വലിയ വെല്ലുവിളികളും ഇന്നിങ്‌സുകളും അവന്‍ കളിക്കണം,’ റമീസ് രാജ പറഞ്ഞു.
റമീസ് രാജയുടെ പരാമര്‍ശത്തിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. റമീസ് രാജയോട് സ്വപ്‌നലോകത്തില്‍ നിന്നും തിരിച്ചുവരാനും ടീമില്‍ പോലും ഇടമില്ലാത്ത ബാബറിനെ കളിയാക്കാന്‍ ഇട്ടുകൊടുക്കരുതെന്നും ആരാധകര്‍ പറയുന്നു.
ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്ററാണ് സര്‍ ഐസക് വിവിയന്‍ അലക്‌സാണ്ടര്‍ റിച്ചാര്‍ഡ്‌സ് എന്ന കരീബിയന്‍ ഇതിഹാസം. വെസ്റ്റ് ഇന്‍ഡീസിനായി 121 ടെസ്റ്റ് മത്സരം കളിച്ച താരം 50.23 ശരാശരിയില്‍ 8,540 റണ്‍സും നേടിയിട്ടുണ്ട്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 24 സെഞ്ച്വറിയും 45 അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 291 ആണ്.
അതേസമയം, ബാബറാകട്ടെ മോശം പ്രകടനത്തിന് പിന്നാലെ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ട്, മൂന്ന് മത്സരത്തില്‍ ബാബറിന് ഇടമുണ്ടായിരുന്നില്ല. ബാറ്റിങ്ങിന് അനുകൂലമായ പിച്ചൊരുക്കിയ ആദ്യ ഇന്നിങ്‌സിലും ബാബറിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി റെഡ് ബോളില്‍ ഒരിക്കല്‍ പോലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാനും ബാബറിനായിട്ടില്ല. 2022 ഡിസംബറില്‍ ന്യൂസിലാന്‍ഡിനെതിരെ കറാച്ചിയില്‍ സെഞ്ച്വറി നേടിയതിന് ശേഷം ഹാഫ് സെഞ്ച്വറിയെന്നത് ബാബറിന് സ്വപ്‌നം മാത്രമായിരുന്നു. 41 റണ്‍സാണ് അന്നുതൊട്ട് ഇന്നുവരെയുള്ളതില്‍ ബാബറിന്റെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍.
5, 30, 11, 31, 22, 0, 23, 26, 41, 1 എന്നിങ്ങനെയാണ് അവസാന പത്ത് ഇന്നിങ്‌സിലെ ബാബര്‍ സ്വന്തമാക്കിയത്.
അതേസമയം, ടെസ്റ്റ് ടീമില്‍ സ്ഥാനം നഷ്ടപ്പെട്ട ബാബറിന് പാകിസ്ഥാന്റെ സിംബാബ്‌വേ പര്യടനത്തിലും ഇടം ലഭിച്ചിട്ടില്ല. മൂന്ന് ഏകദിനവും അത്ര തന്നെ ടെസ്റ്റ് മത്സരവുമാണ് പാകിസ്ഥാന്‍ സിംബാബ്‌വേയിലെത്തി കളിക്കുക. ഇതില്‍ ഏകദിന പരമ്പരയാണ് ആദ്യം. നവംബര്‍ 24നാണ് ആദ്യ മത്സരം. ബുലവായോയിലെ ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വേദി.
Content highlight: Ramiz Raja says Babar Azam has the potential to be Viv Richards