|

രോഹിത്തിനെ തീര്‍ക്കാനുള്ള വഴിയുണ്ട്; പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ബാബര്‍ അസവുമായുള്ള ചാറ്റ് പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

കറാച്ചി: 2021ടി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ പയറ്റിയ തന്ത്രങ്ങളെ കുറിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ. പാക് നായകന്‍ ബാബര്‍ അസവുമായുള്ള ചാറ്റിന്റെ വിവരങ്ങളാണ് റമീസ് പുറത്ത് വിട്ടിരിക്കുന്നത്.

ടൂര്‍ണമെന്റില്‍ പാകിസ്ഥാനുമായി ആയിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യയോട് ഇത് വരെ ഐ.സി.സി ലോകകപ്പില്‍ വിജയിക്കാനായിട്ടില്ല എന്ന ചീത്തപ്പേര് മാറ്റി വിജയത്തോടെയായിരുന്നു പാകിസ്ഥാന്‍ ടൂര്‍ണമെന്റ് ആരംഭിച്ചത്.

ടോസ് നേടിയ പാക് നായകന്‍ ബാബര്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മയെ കൂടാരത്തിലേക്ക് മടക്കിയാണ് ഷഹീന്‍ അഫ്രിദി കളിക്ക് തിരികൊളുത്തിയത്.

രോഹിത്തിനെ നേരിടാന്‍ എന്ത് തന്ത്രമാണ് തങ്ങള്‍ പയറ്റിയത് എന്നാണ് റമീസ് പറയുന്നത്. ബി.ബി.സി പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് റമീസ് ഇക്കാര്യം വ്യക്തമാക്കുന്നത്.

‘രോഹിത്തിനെ നേരിടാന്‍ ഞങ്ങള്‍ക്ക് പ്രത്യേക തന്ത്രങ്ങളുണ്ടായിരുന്നു. ഷഹീനിനോട് ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡറെ നിര്‍ത്തി നൂറ് മൈല്‍ സ്പീഡില്‍ എറിയാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

ഇന്‍സ്വിംഗ് യോര്‍ക്കറുകളെറിഞ്ഞ് സ്‌ട്രൈക്ക് മാറാന്‍ അനുവദിക്കാതിരുന്നാല്‍ രോഹിത്തിനെ ഔട്ടാക്കാന്‍ സാധിക്കും. ഇതായിരുന്നു രോഹിത്തിനെതിരെയുള്ള ഞങ്ങളുടെ തന്ത്രം, ‘ റമീസ് രാജ പറയുന്നു.

തങ്ങളുടെ പ്ലാന്‍ വര്‍ക്കൗട്ടായെന്നും നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് പുറത്തായെന്നും റമീസ് രാജ പറയുന്നു. ഓപ്പണറായ കെ.എല്‍. രാഹുലിനേയും ഷഹീന്‍ മടക്കിയതോടെ ഇന്ത്യ പരുങ്ങലിലാവുകയായിരുന്നു.

ക്യാപ്റ്റന്‍ വിരാടിന്റെ അര്‍ധസെഞ്ച്വറിയുടെ ബലത്തിലാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ഇന്ത്യയെത്തിയത്. എന്നാല്‍ പാകിസ്ഥാന്‍ അനായാസം സ്‌കോര്‍ മറികടക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ramiz Raja reveals details of chat with Babar Azam ahead of T20 WC 2021