അവൻ ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലെയും ഇതിഹാസമാണ്: റമീസ് രാജ
Cricket
അവൻ ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലെയും ഇതിഹാസമാണ്: റമീസ് രാജ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th July 2024, 11:39 am

നീണ്ട 17 വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ടാണ് ഇന്ത്യ വീണ്ടും ടി-20 ലോകകപ്പ് ഇന്ത്യന്‍ മണ്ണിലെത്തിച്ചത്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ ഏഴു റണ്‍സിന് പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മയും സംഘവും ലോക ജേതാക്കളായത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ ആയിരുന്നു രോഹിത്തിന്റെ കീഴില്‍ ഇന്ത്യ കിരീടം സ്വന്തമാക്കിയത്.

ടൂര്‍ണമെന്റില്‍ ഉടനീളം തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നടത്തിയത്. ഇപ്പോഴിതാ ബുംറയുടെ തകര്‍പ്പന്‍ പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം റമീസ് രാജ. നിലവില്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളുടെയും ഇതിഹാസമാണ് ബുംറ എന്നാണ് റമീസ് പറഞ്ഞത്.

‘എന്റെ പുസ്തകത്തില്‍ ജസ്പ്രീത് ബുംറ മൂന്ന് ഫോര്‍മാറ്റുകളിലേയും ഇതിഹാസമാണ്. മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കുന്ന ആളുകള്‍ വലിയവരാണ്. നിങ്ങള്‍ അവനെ നോക്കൂ, അവനെവിടെ നിന്നാണ് വന്നത് എന്ന്.

ആദ്യ കാലങ്ങളില്‍ അവന് നല്ലൊരു ബൗളിങ് ആക്ഷന്‍ ഉണ്ടായിരുന്നില്ല ആത്മവിശ്വാസവും വളരെ കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഇതില്‍ നിന്നെല്ലാം ശക്തമായി തിരിച്ചെത്തി ഇന്ത്യയെ ലോകകപ്പ് ജേതാക്കളാക്കി,’ റമീസ് രാജ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകള്‍ ആണ് ബുംറ നേടിയത്. ടി-20 ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും മികച്ച ആവറേജ് നേടുന്ന താരമായി മാറാനും ബുംറക്ക് സാധിച്ചിരുന്നു.

8.3 ആവറേജിലാണ് ബുംറ ഈ ലോകകപ്പില്‍ പന്തെറിഞ്ഞത്. ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് അവാര്‍ഡ് ബുംറയാണ് സ്വന്തമാക്കിയത്. ഇതോടെ ജൂണിലെ ഐ.സി.സിയുടെ ഏറ്റവും മികച്ച താരമായും ബുംറ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

 

Content Highlight: Ramiz Raja Praises Jasprit Bumrah