റൊണാള്‍ഡോയുടെ ഡയറ്റ് തീരുമാനിക്കുന്നത് നാസ; വിചിത്ര വാദവുമായി പാക് മുന്‍ ക്രിക്കറ്റ് താരം
Football
റൊണാള്‍ഡോയുടെ ഡയറ്റ് തീരുമാനിക്കുന്നത് നാസ; വിചിത്ര വാദവുമായി പാക് മുന്‍ ക്രിക്കറ്റ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th November 2023, 10:00 am

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കുറിച്ച് വിചിത്രമായ വാദവുമായി മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ. എക്സിലൂടെ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് രാജ രസകരമായ വാദം ഉന്നയിച്ചത്.

യു.എസ്.എയുടെ ബഹിരാകാശ ഏജന്‍സിയായ നാസ (നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്‍)ആണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഭക്ഷണത്തിന്റെ ഡയറ്റ് തയ്യാറാക്കിയതെന്നാണ് റമീസ് രാജ പറഞ്ഞത്.

‘ഫുട്‌ബോളിന്റെ ഉദാഹരണം എടുക്കുകയാണെങ്കില്‍ നാസ ശാസ്ത്രജ്ഞര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കായി ഒരു ഡയറ്റ് പ്ലാന്‍ തയ്യാറാക്കി,’ സുനോ ന്യൂസിലെ ഒരു സ്‌പോര്‍ട്‌സ് ഷോയില്‍ രാജ പറഞ്ഞു.

റമീസ് രാജയുടെ ഈ വിചിത്രമായ വാദത്തിന് പിന്നാലെ ആരാധകരില്‍ നിന്നും തമാശകള്‍ നിറഞ്ഞ പ്രതികരണങ്ങളാണ് ലഭിച്ചത്.

അതേസമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗില്‍ അല്‍ നസറിനായി മിന്നും ഫോമിലാണ് കളിക്കുന്നത്. ഈ സീസണില്‍ 17 മത്സരങ്ങളില്‍ നിന്നും 16 ഗോളുകളും ഒമ്പത് അസിസ്റ്റുകളും റൊണാള്‍ഡോ നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകളില്‍ കളിച്ച താരം ഒരുപിടി അവിസ്മരണീയ നേട്ടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും റൊണാള്‍ഡോയാണ്. 865 ഗോളുകളാണ് റോണോയുടെ അക്കൗണ്ടിലുള്ളത്.

Content Highlight: Ramiz Raja Bizarre Claim against Cristaino Ronaldo.