| Wednesday, 3rd July 2019, 6:48 pm

മത തീവ്രവാദിയുടെ വേഷമാണെങ്കില്‍ ജെയിംസ് ബോണ്ടില്‍ വില്ലന്‍ വേഷം ചെയ്യില്ലെന്ന് ഹോളിവുഡ് നടന്‍ റാമി മലേക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതിയ ജെയിംസ് ബോണ്ട് ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാമെന്നേറ്റത് കഥാപാത്രത്തിന് മതപരമായ മാനം നല്‍കില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണെന്ന് ഓസ്‌കാര്‍ ജേതാവ് റാമി മാലേക്.

ഏതെങ്കിലും മത തീവ്രവാദിയുമായി വില്ലന്‍ കഥാപാത്രത്തെ ബന്ധപ്പെടുത്താന്‍ കഴിയില്ലെന്നും അങ്ങനെ ഉദ്ദേശിച്ചാണ് തന്നെ കാസ്റ്റ് ചെയ്തതെങ്കില്‍ തന്നെ ഒഴിവാക്കാമെന്നും ഡയറക്ടറായ കാരി ജോജി ഫുക്വാങ്കയോട് പറഞ്ഞിരുന്നുവെന്ന് റാമി പറഞ്ഞു. സംവിധായകന്റെയും കാഴ്ചപ്പാട് അങ്ങനെയല്ലെന്നും വ്യത്യസ്തനായ തീവ്രവാദിയാണ് കാരക്ടറെന്നും റാമി ദ മിററിനോട് പറഞ്ഞു.

തന്റെ വംശപരമായ ചുറ്റുപാടുകളും പോസിറ്റീവ് റെപ്രസന്റേഷനെ കുറിച്ചുള്ള അവബോധവുമാണ് താന്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമെന്ന് റാമി മലേക് പറഞ്ഞു.

‘ഞാനൊരു ഈജിപ്ഷ്യനാണ്. ഈജിപ്ഷ്യന്‍ സംഗീതം കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഒമര്‍ ഷെരീഫിനെ എനിക്ക് ഇഷ്ടമാണ്. അവിടത്തെ ജനങ്ങളുമായും സംസ്‌ക്കാരവുമായും താന്‍ ഏറ്റവും മനോഹരമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുകയാണ്. റാമി മലേക് പറഞ്ഞു.

പ്രശസ്ത ഇംഗ്ലീഷ് റോക്ക് ബാന്റായ ക്വീനിന്റെ ചരിത്രം പറഞ്ഞ ഹോളിവുഡ് സിനിമയായ ബൊഹീമിയന്‍ റാപ്‌സഡിയില്‍ ഗായകന്‍ ഫ്രെഡ്ഡി മെര്‍ക്കുറിയുടെ വേഷം ചെയ്തിരുന്നത് റാമി മലേക് ആയിരുന്നു. ചിത്രത്തിലെ പ്രകടനത്തിനാണ് അദ്ദേഹത്തിന് ഓസ്‌കാര്‍ ലഭിച്ചത്.

We use cookies to give you the best possible experience. Learn more