മുംബൈ: തന്റെ അടുത്ത സിനിമ അധോലോക നായകരായ ദാവൂദ് ഇബ്രാഹിമിന്റെയും ചോട്ടാ രാജന്റെയും ശത്രുതയെപറ്റിയായിരിക്കുമെന്ന് സിനിമാ നിര്‍മാതാവ് രാം ഗോപാല്‍ വര്‍മ. “ഗവണ്‍മെന്റ്” എന്ന് നാമകരണം ചെയ്തിരിക്കുന്ന സിനിമയില്‍ ഇരുവരുടെയും ശത്രുതയും അബു സലിമിന്റെ അപ്രതീക്ഷിത കടന്നുവരവിന്റെയും കഥ പറയുന്നു.
53കാരനായ വര്‍മ തന്റെ പുത്തന്‍ ചിത്രത്തെ കുറിച്ച് ട്വിറ്ററിലാണ് പറഞ്ഞിരിക്കുന്നത്. അധോലോകത്തിനു പിന്നിലെ കഥകളും ബോളീവുഡിലെ അധോലോകവുമായുള്ള ബന്ധവും ചിത്രത്തിലൂടെ വര്‍മ അനാവരണം ചെയ്യുന്നു. “വീരപ്പനു” ശേഷം തന്റെ അടുത്ത ചിത്രം “ഗവണ്‍മെന്റ്” ആയിരിക്കുമെന്നും ചിത്രത്തിലെ ഒരു കഥാപാത്രം ദാവൂദ് ഇബ്രാഹിം ആയിരിക്കുമെന്നും കഥാതന്തുവിനൊപ്പം വര്‍മ ട്വിറ്ററില്‍ പറഞ്ഞിരിക്കുന്നു.
അനീസ് ഇബ്രാഹിം, ചോട്ടാ രാജന്റെ ഭാര്യ സുജാത, മോണിക്ക ബേഡി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്, ബാല സാഹേബ് താക്കറെ, അബു സലിം, അരുണ്‍ ഗൗളി തുടങ്ങിയവരെ പറ്റിയുള്ള കഥാപാത്രങ്ങളും ചിത്രത്തിലുണ്ടായിരിക്കും. സിനിമയിലൂടെ അധോലോകസംഘടനയും ഗവണ്‍മെന്റും തമ്മിലുള്ള ബന്ധവും അനാവരണം ചെയ്യുമെന്ന് രാം ഗോപാല്‍ വര്‍മ പറഞ്ഞു.