റാഞ്ചി: ബീഫ് കടത്ത് ആരോപിച്ച് ഒരു സംഘമാളുകള്‍ ട്രക്ക് ഡ്രൈവര്‍ അലിമുദ്ദീന്‍ അന്‍സാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന സാക്ഷിയുടെ ഭാര്യ കോടതി പരിസരത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട അലിമുദ്ദീന്‍ അന്‍സാരിയുടെ സഹോദരനും പ്രധാന സാക്ഷിയുമായ ജലീല്‍ അന്‍സാരിയുടെ ഭാര്യ ജുലേഖയാണ് കൊല്ലപ്പെട്ടത്.
കോടതി കേസ് പരിഗണിക്കാനിരിക്കെ സാക്ഷി പറയാനെത്തിയ ജലിലിനൊപ്പം കോടതിയിലെത്തിയതായിരുന്നു ജുലേഖ. ജലീലിന്റെ ഐഡന്റിറ്റി കാര്‍ഡ് എടുക്കാന്‍ മറന്നതിനെ തുടര്‍ന്ന് ഇത് എടുക്കാനായി അലിമുദ്ദീന്റെ മകനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ അജ്ഞാതരായ രണ്ടുപേര്‍ ജുലേഖ സഞ്ചരിക്ക ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ജുലേഖ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. അലിമുദ്ദീന്റെ മകന് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.
വാഹനാപകടം ആസൂത്രിതമാണെന്ന് ആരോപിച്ച് അലിമുദ്ദീന്‍ അന്‍സാരിയുടെ ഭാര്യ രംഗത്തെത്തിയിട്ടുണ്ട്. കോടതിയില്‍ സാക്ഷി പറയാന്‍ വരുന്ന വേളയില്‍ എതിര്‍ഭാഗത്തുനിന്നും ആക്ഷേപങ്ങളും ഭീഷണിയും നേരിടേണ്ടിവന്നിട്ടുണ്ടെന്ന് ജലീല്‍ അന്‍സാരിയും പറയുന്നു.
“കോടതിയില്‍ വിചാരണയ്ക്കായി പോകുമ്പോള്‍ ഇവര്‍ കൂട്ടത്തോടെയാണ് വരിക. അവര്‍ തങ്ങളുടെ അംഗബലം കാണിക്കുംപോലെയാണ് തോന്നിയത്. കോടതി പരിസരത്ത് ഞങ്ങള്‍ നടക്കുമ്പോഴേക്കും അവര്‍ തുറിച്ചുനോക്കും, ഭയപ്പെടുത്താന്‍ ശ്രമിക്കും. ഇതെല്ലാം നേരിട്ടിട്ടും ഞങ്ങള്‍ കോടതിയില്‍ പോകുന്നത് നിര്‍ത്തിയിരുന്നില്ല.” അദ്ദേഹം പറയുന്നു.