തൃണമൂല്‍ എം.പി രമേശ് ത്രിവേദി ബി.ജെ.പിയിലേക്ക് കൂട് മാറുന്നു
Daily News
തൃണമൂല്‍ എം.പി രമേശ് ത്രിവേദി ബി.ജെ.പിയിലേക്ക് കൂട് മാറുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th January 2015, 7:48 pm

ramesh
ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ റെയില്‍വെ മന്ത്രിയുമായിരുന്ന രമേശ് ത്രിവേദി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം. ഇദ്ദേഹത്തിന് പുറമെ മറ്റ് നാല് തൃണമൂല്‍ മന്ത്രിമാരും ബി.ജെ.പിയിലേക്ക്  ചാടാനായി തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകള്‍. ദിനേശ് ത്രിവേദിയെ കൂടാതെ  മന്ത്രിമാരായ രജ്പാല്‍ സിംഗ്, രവി രജ്ഞന്‍ ചാറ്റര്‍ജി, കൃഷ്‌ണേന്ദു ചൗധരി, സാധന്‍ പാണ്ഡെ തുടങ്ങിയ നേതാക്കളാണ് ബി.ജെ.പി ക്യാമ്പുമായി അടുക്കുന്നത്.

അറുപത്തിനാലുകാരനായ ത്രിവേദി കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയും മമത സര്‍ക്കാരിനെ ഇകഴ്ത്തിയും രംഗത്തെത്തിയിരുന്നു. മോദി വലിയ നേതാവാണെന്നും, ബംഗാളില്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ മമതയ്ക്ക് സാധിച്ചില്ലെന്നുമാണ് സൂചനകള്‍ നല്‍കി കൊണ്ട് അദ്ദേഹം സംസാരിച്ചിരുന്നത്.

ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച് ഇദ്ദേഹം മുതിര്‍ന്ന  നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച ബംഗാളിലെ മമത ബാനര്‍ജി മന്ത്രിസഭാംഗമായ മഞ്ജുള്‍ കൃഷ്ണ താക്കൂര്‍ തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മില്‍ കടുത്ത ഭിന്നതയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിന് കനത്ത പ്രഹരമേല്‍പ്പിക്കാവുന്ന കൂടുമാറ്റം.

ശാരദ ചിട്ടി അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ യെ ഉപയോഗിച്ച് ബി.ജെ.പി നടത്തുന്ന നീക്കങ്ങള്‍ ബംഗാളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ നിന്നും പാര്‍ട്ടിയെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ബി.ജെ.പി ശ്രമമായി തൃണമൂല്‍ ആരോപിച്ചിരുന്നു.

ഇതിന് ശക്തി പകരുന്ന രീതിയില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായ അമിത് ഷായും ബംഗാളില്‍ പൊതു റാലികളില്‍ മമതയെ വെല്ലു വിളിച്ചിരുന്നു.

നേരത്തെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിവിധ രാഷ്ട്രീയ നേതാക്കള്‍ ബി.ജെ.പിയിലേക്ക് കൂട് മാറിയിരുന്നു. ആപ് നേതാക്കളായിരുന്ന ഷാസിയ ഇല്‍മി, വിനോദ് കുമാര്‍ ബിന്നി ഇവര്‍ക്ക് പുറമെ ജന്‍ലോക്പാല്‍ ബില്ലിനായി അണ്ണാ ഹസാരെക്കൊപ്പം പോരാടിയിരുന്ന കിരണ്‍ ബേദി ഏറ്റവും ഒടുവില്‍ മുന്‍ കോണ്‍ഗ്രസ് മന്ത്രി കൃഷ്ണ തിരത്ത് എന്നിവരെല്ലാമായിരുന്നു ഭാഗ്യന്വേഷികളായി ബി.ജെ.പിയില്‍ എത്തിയിരുന്നത്.

നിലവില്‍ പശ്ചിമ ബമഗാളില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അതിന് ശേഷം നിയമസഭ തെരഞ്ഞെടുപ്പ് എന്നിവയെല്ലാം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പി ലക്ഷ്യമാക്കി തൃണമൂല്‍ ക്യാമ്പില്‍ നിന്നും ചോര്‍ച്ച തുടങ്ങിയിരിക്കുന്നത്.