ഹര്‍മന്‍പ്രീതടക്കം പിന്തുണക്കുന്നു; കോച്ചാവാന്‍ വീണ്ടും അപേക്ഷ നല്‍കി രമേശ് പവാര്‍
Cricket
ഹര്‍മന്‍പ്രീതടക്കം പിന്തുണക്കുന്നു; കോച്ചാവാന്‍ വീണ്ടും അപേക്ഷ നല്‍കി രമേശ് പവാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th December 2018, 11:33 pm

ന്യുദല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷ നല്‍കി രമേശ് പവാര്‍. വനിതാ ലോകകപ്പിന് ശേഷം ടീമില്‍ ഉടലെടുത്ത അസ്വാരസ്യങ്ങളെ തുടര്‍ന്ന് പരിശീലക സ്ഥാനത്തു നിന്നും പവാര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് അദ്ദേഹം വീണ്ടും അപേക്ഷിച്ചിരിക്കുന്നത്.

രണ്ടാഴ്ച്ചത്തോളം നീണ്ടു നിന്ന അനിശ്ചിതത്ത്വത്തിന് ശേഷമാണ് പവാര്‍ അപേക്ഷ നല്‍കിയത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം പതിനാലിന് അവസാനിക്കാനിരിക്കേയാണ് രമേശ് പവാര്‍ ബി.സി.സി.ഐയെ വീണ്ടും സമീപിച്ചിരിക്കുന്നത്.

ക്യാപ്റ്റനടക്കമുള്ള താരങ്ങള്‍ പിന്തുണക്കുന്നതിനാല്‍ കോച്ചാവാന്‍ വീണ്ടും അപേക്ഷ നല്‍കിയിരുക്കുകയാണെന്നും, ഉത്തരവാദിത്തം ഏറ്റടുക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും പവാര്‍ പറഞ്ഞു. വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, കഴിഞ്ഞ അധ്യായങ്ങള്‍ക്ക് അന്ത്യം കുറിക്കുമെന്നും അദ്ധേഹം പറഞ്ഞു.

മുതിര്‍ന്ന താരം മിതാലി രാജും പരിശീലകന്‍ രമേശ് പവാറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പരിശീലകനായി രമേശ് പവാര്‍ തന്നെ മതിയെന്ന ആവശ്യവുമായി ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ദാനയും ബി.സി.സി.ഐക്ക് കത്ത് നല്‍കിയിരുന്നു.

സ്ഥിതി ശാന്തമാക്കുന്നതിനായി ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്റെ പരിശീലിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരോട് അപേക്ഷ നല്‍കാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു. വനിത ട്വന്റി 20 ലോകകപ്പ് വരെയുണ്ടായിരുന്ന രമേശ് പവാറിന്റെ കരാര്‍ നീട്ടേണ്ടന്നായിരുന്നു ബി.സി.സി.ഐയുടെ തീരുമാനം.

അതേസമയം പുതിയ കോച്ചിനെ തെരഞ്ഞെടുക്കാന്‍ കപില്‍ ദേവ്, ശാന്ത രങ്കസ്വാമി, അനുഷ്മാന്‍ ഗയ്ക്വാദ് എന്നിവരടങ്ങിയ മൂന്നംഗ അഡ്ഹോക് കമ്മിറ്റിയെ ബി.സി.സി.ഐ നിയമിച്ചിട്ടുണ്ട്.