| Friday, 12th January 2024, 8:09 am

'അച്ഛൻ ചെണ്ടയെടുത്താൽ മകൻ തൊപ്പിയെടുക്കും' ജയറാമിനെ ട്രോളി രമേഷ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സിനിമയിലേക്ക് എത്തിയ നടനാണ് രമേഷ് പിഷാരടി. കോമഡിറോളുകളിലൂടെ സിനിമയിൽ അഭിനയം ആരംഭിച്ച പിഷാരടി 2009ൽ കപ്പല് മുതലാളി എന്ന സിനിമയിലൂടെ നായകനുമായി. 2018ൽ ജയറാമിനെ നായകനാക്കി പഞ്ചവർണതത്ത എന്ന സിനിമ ചെയ്ത് സംവിധാനരംഗത്തും അരങ്ങേറി.

ജയറാമിന്റെ ഏറ്റവും പുതിയ ചിത്രമായ അബ്രഹാം ഓസ്‌ലറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചർ മീഡിയയിൽ നടന്ന പരിപാടിയിലാണ് പിഷാരടി രസകരമായ അനുഭവം പങ്കുവെക്കുകയായിരുന്നു ‘പണ്ട് അമേരിക്കയിലേക്ക് പ്രോഗ്രാമിന് പോയപ്പോൾ ധർമജന്റെ കൈയിൽ നിന്ന് ഒരു കുപ്പി പ്രിയാമണിയുടെ തലയിൽ വീണ് അവർ ആശുപത്രിയിലായി. ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ കുറെ സമയമെടുക്കുമെന്ന് പറഞ്ഞപ്പോൾ ഞാനും ജയറാമേട്ടനും പുറത്ത് കറങ്ങാൻ ഇറങ്ങി.

മെക്സികോ ബോർഡറിന്റെ അടുത്തായിരുന്നു ആ സ്ഥലം. ഒരൊറ്റ മലയാളികൾ ആ പരിസരത്തില്ല. അത് കണ്ട ജയറാമേട്ടൻ വണ്ടിയിൽ വെച്ചിരുന്ന ഗഞ്ചിറയും ചെറിയ ഡ്രമ്മും ഒക്കെ എടുത്ത് റോഡിലേക്കിറങ്ങി. അവിടെ ഇരുന്ന് കൊട്ടാൻ തുടങ്ങി. ജയറാമേട്ടൻ ഡ്രമ്മും ഞാൻ ഗഞ്ചിറയും. ഒരു മണിക്കൂറിനടുത്ത് ഞങ്ങൾ അവിടെയിരുന്ന് കൊട്ടി.

കൊട്ട് കഴിഞ്ഞ ഉടനെ ജയറാമേട്ടൻ കണ്ണനോട് (കാളിദാസ് ) ഒരു ആംഗ്യം കാണിച്ചു. കണ്ണൻ അപ്പോൾ തന്നെ തൊപ്പി ഊരി ആളുകളുടെ അടുത്ത് നിന്ന് പൈസ വാങ്ങാൻ തുടങ്ങി. പിന്നീട് ഞാൻ ജയറാമേട്ടനോട്‌ ചോദിച്ചു, നിങ്ങൾ വീട്ടിൽ നിന്ന് പറഞ്ഞു പഠിപ്പിച്ചിട്ടാണോ എല്ലാരേയും കൊണ്ടിറങ്ങുന്നത്? അച്ഛൻ ചെണ്ടയെടുക്കുമ്പോൾ മകൻ തൊപ്പിയെടുക്കും. ഞാൻ ഇത് പറഞ്ഞ് ജയറാമേട്ടനെ ഒരുപാട് കളിയാക്കാറുണ്ട് ‘ രമേഷ് പിഷാരടി പറഞ്ഞു.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്‌ലർ തിയേറ്ററുകളിൽ എത്തി. മെഡിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയുടെ സംഗീതം മിഥുൻ മുകുന്ദനാണ്. ജയറാമിനെ കൂടാതെ അനശ്വര രാജൻ, സൈജു കുറുപ്പ്, ജഗദീഷ്, അർജുൻ അശോകൻ തുടങ്ങിയവരും സിനിമയിൽ ഉണ്ട്. മമ്മൂട്ടി ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

Content Highlight: Ramesh Pisharody trolling Jayaram

We use cookies to give you the best possible experience. Learn more