നമ്മള്‍ ചെയ്യുന്നത് തെറ്റാണെന്ന് ഒരാള്‍ പറഞ്ഞാലും അത് പെട്ടെന്ന് അംഗീകരിക്കാന്‍ ജനിതകപരമായി നമുക്ക് പറ്റില്ല; തമാശകളിലെ വംശീയ പരാമര്‍ശങ്ങളെക്കുറിച്ച് രമേഷ് പിഷാരടി
നടനായും സംവിധായകനായും കൊമേഡിയനായും മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് രമേഷ് പിഷാരടി. സിനിമകളിലൂടെ മാത്രമല്ല നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെയും അദ്ദേഹം പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്.
കോമഡികളില്‍ കടന്നുവരുന്ന വംശീയമായ പരാമര്‍ശങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് ഇപ്പോള്‍ പിഷാരടി. വണ്ടര്‍വാള്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഗായിക സിതാര കൃഷ്ണകുമാറായിരുന്നു അവതാരക.
മുന്‍പ് കോമഡി പരിപാടികള്‍ ചെയ്തപ്പോള്‍ ആളുകളുടെ നിറത്തിനെക്കുറിച്ചൊക്കെയുള്ള വംശീയപരമായ തമാശകള്‍ കടന്നുവന്നിട്ടുണ്ടല്ലോ എന്നും അതിന്റെ തിരിച്ചറിവ് വൈകി എന്ന് തോന്നുന്നുണ്ടോ എന്ന സിതാരയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പിഷാരടി.
നമ്മള്‍ ചെയ്യുന്ന തെറ്റുകള്‍ മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചാലും അത് തിരിച്ചറിഞ്ഞ് തിരുത്താന്‍ സമയമെടുക്കുമെന്നായിരുന്നു പിഷാരടി പ്രതികരിച്ചത്.
”തിരിച്ചറിവ് വൈകിയെന്ന് തന്നെയാണ് തോന്നുന്നത്. കാരണം, നമ്മള്‍ പെട്ടെന്ന് ചില കാര്യങ്ങള്‍ മാറ്റി എന്ന് കരുതി നമുക്കത് ഉള്‍ക്കൊള്ളാനാവില്ല. ഇതിന് ഒരു സമയം വേണം. അതാണ് ഈ വൈകലിന് ഉള്ള കാരണം.
നമ്മളോടൊരാള്‍ നമ്മള്‍ ചെയ്യുന്നത് തെറ്റാണെന്നും മറ്റൊന്നാണ് ശരിയെന്നും പറഞ്ഞാലും അത് അംഗീകരിക്കാന്‍ ജനിതകപരമായി നമുക്ക് പറ്റില്ല. നമ്മള്‍ മറ്റൊരു ശരി വിശ്വസിച്ച് വെച്ചിരിക്കുകയാണല്ലൊ.
അതിന്റേതായ സമയമെടുത്ത് നമ്മള്‍ അത് മനസിലാക്കി കഴിഞ്ഞാല്‍ പിന്നീട് അത് ആവര്‍ത്തിക്കില്ല. പിന്നെ, പണ്ട് ചെയ്ത പല കോമഡികളുടേയും വീഡിയോകളും മറ്റും പൊന്തിവരുന്നതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ,” പിഷാരടി പറഞ്ഞു.