മിമിക്രിയിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ വ്യക്തിയാണ് രമേശ് പിഷാരടി. ഇപ്പോള്‍ നടന്‍ പൊളിറ്റിക്കല്‍ കറക്ട്‌നസിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ചര്‍ച്ചയാകുന്നത്. പൊളിറ്റിക്കല്‍ കറക്ട്‌നസിന്റെ ഏരിയയില്‍ എപ്പോഴും പിടിക്കപ്പെടുന്നത് നര്‍മമാണെന്നാണ് രമേശ് പിഷാരടി പറയുന്നത്.
താന്‍ തമാശക്ക് വേണ്ടി മണ്ടനായ ഒരു കൂട്ടുകാരനെ കൊണ്ടുനടക്കുമ്പോള്‍ സിനിമയിലെ വില്ലന്‍ ചാകാന്‍ വേണ്ടി പത്ത് വില്ലന്മാരെ കൂടെ കൊണ്ടുനടക്കുന്നുണ്ടല്ലോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
താന്‍ ഒരാളെ ബോഡി ഷെയിമിങ് ചെയ്യുന്നതാണോ അതോ ഒരാളെ കൊല്ലുന്നതാണോ യഥാര്‍ത്ഥത്തില്‍ കൂടുതല്‍ ക്രൂരതയെന്നും രമേശ് പിഷാരടി ചോദിക്കുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. അതേസമയം അദ്ദേഹത്തിന്റെ അഭിപ്രായത്തിന് എതിരെ നിരവധി ആളുകള്‍ കമന്റുമായി വരുന്നുണ്ട്.
‘പൊളിറ്റിക്കല്‍ കറക്ട്‌നസിന്റെ ഏരിയയില്‍ എപ്പോഴും പിടിക്കപ്പെടുന്നത് നര്‍മമാണ്. നര്‍മം കുറച്ച് താഴെ നില്‍ക്കുന്നത് കാരണം അതിന്റെ മുതുകത്ത് കയറാന്‍ എല്ലാവര്‍ക്കും എളുപ്പമാണ്. തമാശക്ക് വേണ്ടി മണ്ടനായ ഒരു കൂട്ടുകാരനെ കൊണ്ടുനടക്കുന്നു എന്നാണ് പലപ്പോഴും പറയുന്നത്.
അതേസമയം കൊല്ലാന്‍ വേണ്ടി എല്ലാ വില്ലന്മാരും പത്ത് വില്ലന്മാരെ കൂടെ കൊണ്ടുനടക്കുന്നുണ്ടല്ലോ. എന്തിനാണ് അയാളുടെ കൂടെ ഈ പത്ത് വില്ലന്മാര്‍ വന്നത്? ചാകാനാണ്. ഞാന്‍ ഇയാളെ ബോഡി ഷെയിമിങ് ചെയ്യുന്നതാണോ അതോ ഒരാളെ കൊല്ലുന്നതാണോ യഥാര്‍ത്ഥത്തില്‍ കൂടുതല്‍ ക്രൂരത?
പൊളിറ്റിക്കല്‍ കറക്ടായിട്ട് നിങ്ങള്‍ നേരെ ഒരു വര വരച്ച് ചിന്തിച്ചാല്‍ കൂടുതല്‍ ക്രൂരത ഞാന്‍ ഒരാളെ കൊല്ലുന്നതാണ്. ഒരു സിനിമയില്‍ വരുന്നവഴിയില്‍ വെച്ച് കൊല്ലാന്‍ വേണ്ടി മാത്രം മിനിമം 100 പേരെ കാസ്റ്റ് ചെയ്തിട്ടുണ്ടാകും. ആ ഗുണ്ടകളെയെല്ലാം ചാകാന്‍ വേണ്ടി മാത്രം കാസ്റ്റ് ചെയ്തതാണ്.
അതുപോലെയാണ് നര്‍മത്തിന് കാസ്റ്റ് ചെയ്ത ആളുകള്‍. അതില്‍ അവരുടെ ശരീരത്തെ വെച്ച് അധിക്ഷേപിക്കുകയെന്നത് ഉറപ്പായിട്ടും ചെയ്യാതിരിക്കേണ്ടതാണ്. പരിഷ്‌കൃത സമൂഹം തീര്‍ച്ചയായും മാറേണ്ടതാണ്. ഞാന്‍ പറഞ്ഞത് ഈ പൊളിറ്റിക്കല്‍ കറക്ട്‌നെസ് ആകെ കണ്‍ഫ്യൂസിങ്ങായി കിടക്കുന്ന ഒരു ഏരിയയുണ്ട്.
അത് ഭരണഘടനയില്‍ എഴുതി ഉണ്ടാക്കിയിട്ടില്ലാത്തത് കൊണ്ട് വ്യക്തിപരമായി വ്യക്തികള്‍ക്ക് തോന്നുന്ന രീതിയില്‍ എങ്ങോട്ട് വേണമെങ്കിലും മാറാം. പഴയ സദാചാരവാദം പൊളിറ്റിക്കല്‍ കറക്ടനസിന്റെ ഭാഗമായിരുന്നു. നിങ്ങള്‍ ഇപ്പോള്‍ സദാചാരവാദികള്‍ എന്ന പേരില്‍ പരിഹസിക്കുന്ന സംഘം 25 വര്‍ഷം മുമ്പുളള പൊളിറ്റിക്കല്‍ കറക്ടനസിന്റെ ടീമാണ്.
അവര്‍ക്ക് അന്ന് അത് പറ്റില്ലായിരുന്നു. അതിന്റെ വേര്‍ഷന്‍ ഇപ്പോള്‍ പരിഷ്‌ക്കരിക്കപ്പെട്ടു. ശാരീരികമായി ആക്ഷേപിക്കുക, ബോഡി ഷെയിമിങ് ചെയ്യുക, ഒരാളുടെ പരിമിധികളെ പരിഹസിക്കുക എന്നതൊക്കെ അന്യായവും ക്രൂരവുമാണ്. അത് എന്നും അങ്ങനെ തന്നെയാണ്,’ രമേശ് പിഷാരടി പറയുന്നു.
Content Highlight: Ramesh Pisharody Talks About Political Correctness