സിനിമകളിലൂടെയും കോമഡി ഷോകളിലൂടെയും പ്രേക്ഷകരെ ഒരു പാട് പൊട്ടിചിരിപ്പിച്ചിട്ടുള്ള താരമാണ് രമേഷ് പിഷാരടി. തന്റെ ചെറുപ്പകാലത്ത് ശബരിമലക്ക് പോകവേ ഉണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് താരം. പോപ്പര്‍സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പിഷാരടി.
‘ഒരിക്കല്‍ ഞങ്ങള്‍ കൂട്ടുകാര്‍ കൂടി ശബരിമലക്ക് പോകാന്‍ തീരുമാനിച്ചു. ഷെയറിട്ട് കാറിനാണ് പോകുന്നത്. ഞാനുമുണ്ട്, എന്റെ വേറെ രണ്ട് കൂട്ടുകാരുമുണ്ട്. ഒരാളും കൂടി വേണം ഷെയര്‍ ഇടാന്‍. അപ്പോള്‍ ഒരു കൂട്ടുകാരന്‍ ഞങ്ങള്‍ക്ക് പരിചയമില്ലാത്ത അവന്റെ ഒരു കൂട്ടുകാരനെ കൊണ്ടുവന്നു.
കെട്ടുനിറയുടെ സമയമായപ്പോള്‍ പുതുതായി വന്നവന്‍ ശരണംവിളി തുടങ്ങി. ഞങ്ങള്‍ക്കൊക്കെ അറിയാവുന്ന ഐറ്റം മുഴുവന്‍ കഴിഞ്ഞിട്ടും ഇവന്‍ വിളി നിര്‍ത്തുന്നില്ല. ഞങ്ങളിതുവരെ കേട്ടിട്ടില്ലാത്ത തരം വിളികളൊക്കെ. ദൃഷ്ടിതൃപായനേ, ധഷ്ഠാങ്കധിഷ്ഠനെ എന്നൊക്കെ പറഞ്ഞങ്ങ് വിളിയോട് വിളി. അപ്പോള്‍ എന്റെ കൂടെ ഒരു അരവിന്ദുണ്ട്, ഇവനാണെങ്കില്‍ ഈഗോ അടിച്ചിട്ട് വയ്യ, ഇവനായിരുന്നു അവിടുത്തെ ആസ്ഥാന വിളിക്കാരന്‍. അവനൊന്നും ചെയ്യാന്‍ പറ്റുന്നില്ല.
അത്രയും നേരം പൂച്ചയെ പോലെ നിന്നവനാണ് കെട്ടുനിറ കഴിഞ്ഞപ്പോള്‍ ഉഗ്രന്‍ ശരണംവിളി തുടങ്ങിയത്. കേട്ടുനില്‍ക്കുന്നവരും ഒപ്പം ശരണമയ്യപ്പോ എന്ന് പറഞ്ഞ് ഏറ്റു വിളിക്കുന്നുണ്ട്.
ഇവന്‍ ശ്വാസം വലിക്കുന്ന ഗ്യാപ്പില്‍ മറ്റവന്‍ കേറിപിടിച്ചു. പതിനഞ്ച് പതിനാറെണ്ണം ഒക്കെ വിളിച്ച് കഴിഞ്ഞപ്പോള്‍ അവന്റെ സ്റ്റോക്ക് തീര്‍ന്നു. അപ്പോള്‍ അവിടെയുള്ള പ്രോപ്പര്‍ട്ടി ഒക്കെ നോക്കി വിളിക്കാന്‍ തുടങ്ങി. കര്‍പ്പൂര പ്രിയനേ, ഇരുമുടി കെട്ടേ, നെയ്യഭിഷേക പ്രിയനേ എന്നൊക്കെ പറഞ്ഞ് അവിടെയുള്ള ഓരോ സാധനങ്ങള്‍ നോക്കി വിളിതുടങ്ങി. വിളിക്കുന്നതിനിടക്ക് ഇവന്‍ അവിടിരുന്ന ഗണപതിയുടെ ഫോട്ടോ നോക്കിയിട്ട് ഗണപതി ഭഗവാനേ എന്ന് വിളിച്ച് ആ ഒരു ഫ്‌ളോയില്‍ ഗണപതിയുടെ എലിയേ എന്നങ്ങ് വിളിച്ചു. കുട്ടിക്കാലത്ത് നടന്ന കാര്യമാണ്,’ പിഷാരടി പറഞ്ഞു.
വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ തിയേറ്ററുകളില്‍ എത്തിയ മാളികപ്പുറം ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രം കഴിഞ്ഞ ഡിസംബര്‍ 30നാണ് റിലീസ് ചെയ്തത്. ദേവനന്ദ, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, മനോജ് കെ. ജയന്‍, ശ്രീപത് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.
Content Highlight: ramesh pisharody talks about his sabarimala experience