| Thursday, 12th September 2024, 4:45 pm

ഞാന്‍ സിനിമ ചെയുമ്പോള്‍ അതൊരു ബാധ്യതയാണ്; എന്നെ അടിക്കാനുള്ള വടി അതില്‍ തന്നെ ഉണ്ടായിരുന്നു: രമേശ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിലൂടെ മണിയന്‍പിള്ള രാജു നിര്‍മിച്ച ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ജയറാമും കുഞ്ചാക്കോ ബോബനും ആയിരുന്നു.

ആദ്യ സിനിമ ചെയ്യുമ്പോള്‍ താന്‍ കുറെ കാലമായി ഇന്‍ഡസ്ട്രിയില്‍ ഉള്ളതായിരുന്നു തന്റെ പ്രശ്‌നമെന്ന് രമേശ് പിഷാരടി പറയുന്നു. എബ്രിഡ് ഷൈനോ മാര്‍ട്ടിന്‍ പ്രക്കാട്ടോ ആയിരുന്നെങ്കില്‍ അവര്‍ ആദ്യം ചെയ്യുന്ന സിനിമ മുതലായിരിക്കും അറിയപ്പെടുന്നതെന്നും എന്നാല്‍ താന്‍ സിനിമ ചെയ്യുമ്പോള്‍ ആളുകള്‍ അതുവരെയുള്ള തന്നെ വെച്ച് കമ്പയര്‍ ചെയ്യുമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

ഒരു നൂല്‍പ്പാലത്തില്‍ നിന്നാണ് താന്‍ സിനിമ ചെയ്തതെന്നും അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് പിഷാരടി.

‘മണിയന്‍ പിള്ളച്ചേട്ടന്‍ എന്നെങ്കിലും നീ ഒരു സിനിമ ചെയ്താല്‍ എന്നോട് പറഞ്ഞിട്ടേ ചെയ്യാവു എന്ന് ഒരു പത്തു വര്‍ഷം മുന്നേ എന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ വിളിച്ച് ഇങ്ങനെ ഒരു കഥയുണ്ടെന്ന് പറഞ്ഞു. പിന്നീട് ജയറാമേട്ടനോടും ഈ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹവും ചെയ്യാമെന്ന് തന്നെ പറഞ്ഞു. അതിന് ശേഷം കുഞ്ചാക്കോ ബോബനും ഈ സിനിമയിലേക്ക് വന്നു.

ഞാന്‍ ആ സിനിമക്ക് മുമ്പേ ഈ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെന്നുള്ളതാണ് പ്രശ്‌നം. ഇപ്പോള്‍ ഒരു എബ്രിഡ് ഷൈനോ മാര്‍ട്ടിന്‍ പ്രക്കാട്ടോ ഒക്കെ ആയെങ്കില്‍ അവര്‍ തുടങ്ങുന്നത് ആ സിനിമയില്‍ നിന്നാണ്. അവര്‍ക്ക് അഡ്രസ് കൊടുക്കുന്നത് തന്നെ ആ ചിത്രമായിരിക്കും. പക്ഷെ ഞാന്‍ ഒരു പത്ത് പതിനഞ്ച് വര്‍ഷമായി ആളുകള്‍ക്ക് മുന്നിലുണ്ട് അതും എനിക്ക് പൈസ തന്ന് പരിപാടി ചെയ്യാന്‍ കൊണ്ടുപോയവരുടെ മുന്നില്‍.

അതുകൊണ്ട് എനിക്ക് രണ്ട് ബാധ്യത വരും. ഒന്നാമത്തേത് നിങ്ങളുടെ സിനിമാ ആയതുകൊണ്ട് തമാശ പ്രതീക്ഷിച്ചു, രണ്ടാമത്തേത് ഇവന്‍ ടി.വിയില്‍ ചെയ്യുന്നത് തന്നെയാ ഇതിലും ചെയ്തത് പുതുതായൊന്നും ചെയ്തില്ലെന്നതും, ഇതിനിടയില്‍ ഒരു നൂലുണ്ട്.

ഈ സിനിമ ഓണത്തിന് തീരുമാനിച്ചതിലും നേരത്തെ റീലിസാക്കി. വലിയ സിനിമകള്‍ കൂട്ടത്തിലുണ്ട്. സിനിമ തീരുന്നതിന് അഞ്ചു മിനിറ്റ് മുന്നേ ഒരു മെലഡി ഗാനമുണ്ട്. എല്ലാവരും പറഞ്ഞു അത് വെക്കേണ്ടെന്ന് ഞാന്‍ വെച്ചു. അങ്ങനെ കുറെ കാര്യങ്ങള്‍ ഞാന്‍ എന്റെ ഇഷ്ടത്തിന് തന്നെ ആ സിനിമയില്‍ വെച്ചിട്ടുണ്ട്. അതാണ് ഈ സിനിമ ഒരു നൂലാണെന്ന് പറഞ്ഞത്. എന്നെ അടിക്കാനുള്ള വടി അതില്‍ തന്നെ ഉണ്ടായിരുന്നു,’ രമേശ് പിഷാരടി പറയുന്നു.

Content Highlight: Ramesh Pisharody Talks  About His First Film Panchavarnathatha

We use cookies to give you the best possible experience. Learn more