തമാശകള്‍ ഏറെ ആസ്വദിക്കുന്നവരാണ് മലയാളികള്‍. നര്‍മത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു കോമ്പോയായി മാറിയവരാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും രമേശ് പിഷാരടിയും. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയായിരുന്നു ഇരുവരും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയത്. അതിന് പുറമെ നിരവധി സ്റ്റേജ് ഷോകളിലും ഇരുവരും ഒരുമിച്ചിരുന്നു.
ഇപ്പോള്‍ മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ധര്‍മ്മജനെ കുറിച്ച് സംസാരിക്കുകയാണ് പിഷാരടി. ധര്‍മ്മജനെ പിഷാരടി ചേര്‍ത്ത് പിടിക്കാത്ത അവസ്ഥയിലേക്ക് പോകുന്നു എന്ന ചര്‍ച്ച ഉയരുന്നുണ്ടെന്ന് അവതാരകന്‍ പറയുകയായിരുന്നു. അതിനുള്ള മറുപടിയായാണ് പിഷാരടി ധര്‍മ്മജനെ കുറിച്ച് സംസാരിച്ചത്.
ധര്‍മ്മജന്‍ അങ്ങനെ താന്‍ ചേര്‍ത്ത് പിടിക്കേണ്ടതില്ലെന്നും അയാള്‍ തന്നെക്കാള്‍ വലിയ ആളാണെന്നും നല്ല പ്രതിഭയാണെന്നുമാണ് പിഷാരടി പറഞ്ഞത്.
‘അതൊക്കെ ചുമ്മാ പറയുന്നതാണ്. ഞങ്ങള്‍ ഒരുപാട് വര്‍ഷങ്ങളായി ഒരുമിച്ച് പ്രോഗ്രാമുകള്‍ ചെയ്യുന്നവരാണ്. പിന്നെ ധര്‍മ്മന്‍ അങ്ങനെ ഞാന്‍ ചേര്‍ത്ത് പിടിക്കേണ്ട ഒരാളല്ല.
ധര്‍മ്മന്‍ എന്നെക്കാള്‍ വലിയ ആളാണ്. അവന്‍ നല്ല ഉഗ്രന്‍ പ്രതിഭയാണ്. പിന്നെ ഓരോ മനുഷ്യരും വ്യത്യസ്തരാണ്, അതിനനുസരിച്ചാണ് അവര്‍ അധ്വാനിക്കുന്നതും കാര്യങ്ങളുമെല്ലാം.
ഞങ്ങള്‍ ഒരുമിച്ച് പരിപാടികള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ ഞങ്ങളെ ഒരുമിച്ച് കാണുന്നു. എന്നാല്‍ ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്ന നിമിഷം നിങ്ങള്‍ കാണുന്നില്ല. ഇന്നലെ കൂടെ അവന്‍ എന്നെ വിളിച്ചതേയുള്ളൂ,’ രമേശ് പിഷാരടി പറഞ്ഞു.
എന്തുകൊണ്ടാണ് ഇരുവരും ഒരുമിച്ചുള്ള പരിപാടികള്‍ കുറഞ്ഞത് എന്ന അവതാരകന്റെ ചോദ്യത്തിന് ഒരുമിച്ചുള്ള പ്രോഗ്രാമുകള്‍ കുറവായത് കൊണ്ടല്ലെന്നും പൊതുവായി പ്രോഗ്രാമുകള്‍ ചെയ്യുന്നത് കുറഞ്ഞതാണ് കാരണമെന്നും രമേശ് പിഷാരടി അഭിമുഖത്തില്‍ പറയുന്നു.
കൊവിഡിന് മുമ്പുതന്നെ സ്റ്റേജ് പരിപാടികള്‍ താന്‍ കുറച്ചിരുന്നെന്നും പെട്ടെന്ന് വ്രണപെടാന്‍ തയ്യാറായി നില്‍ക്കുന്ന വികാരങ്ങള്‍ കാരണം ഒന്നും പറയാന്‍ പറ്റില്ലെന്നും താരം പറഞ്ഞു.
പറയുന്ന തമാശകളില്‍ നിന്ന് ചിലത് മാത്രമെടുത്ത് വളച്ചൊടിക്കപെടുകയാണെന്നും അതിന്റെ പേരില്‍ ചീത്ത കേള്‍ക്കപെടുമ്പോള്‍ സ്റ്റേജ് പരിപാടികള്‍ കുറക്കാമെന്ന് തോന്നുകയായിരുന്നെന്നും പിഷാരടി അഭിമുഖത്തില്‍ പറയുന്നുണ്ട്.
Content Highlight: Ramesh Pisharody Talks About Dharmajan Bolgatty