ഹാസ്യനടനായും ടെലിവിഷന്‍ അവതാരകനായും ചലച്ചിത്രസംവിധായകനായും പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് രമേഷ് പിഷാരടി. 2007ല്‍ പുറത്തിറങ്ങിയ ‘നസ്രാണി’ എന്ന ചിത്രത്തിലുടെയാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
2018ല്‍ ജയറാമും കുഞ്ചാക്കോ ബോബനും പ്രധാനകഥാപാത്രങ്ങളായ പഞ്ചവര്‍ണതത്ത എന്ന സിനിമയിലൂടെയാണ് പിഷാരടി സംവിധാനരംഗത്തും അരങ്ങേറ്റം കുറിച്ചു. മമ്മൂട്ടി നായകനായ ഗാനഗന്ധര്‍വന്‍ എന്ന ചിത്രവും താരം സംവിധാനം ചെയ്തിട്ടുണ്ട്.
കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനമായി റിലീസ് ചെയ്തത്. രമേഷ് പിഷാരടി നായകന്റെ വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘നോ വേ ഔട്ട്’ റിലീസിനൊരുങ്ങുകയാണ്.
സിനിമ ഷൂട്ടിംഗിനിടയില്‍ ശരീരത്തിലുണ്ടായ ചതഞ്ഞ പാടുകളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെച്ചിരുന്നു. സിനിമയുടെ ഭാഗമായ 13 ദിവസങ്ങളാണ് പിഷാരടി പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ തെളിയുന്നത്.
നടന്റെ കൈത്തണ്ടയില്‍, വലത്തേ തോളില്‍, ഇടത്തേ തോളില്‍, ഇടതുവശത്തും വലതുവശത്തും പിറകിലായും ചതഞ്ഞ പാടുകളാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
”13 ദിവസം റോപ്പില്‍ തൂങ്ങിയതിന്റെ ഓര്‍മ ചിത്രങ്ങള്‍. നോ വേ ഔട്ട് സിനിമയുടെ റിലീസ് തീയതി മാര്‍ച്ച് 22 വൈകുന്നേരം 6 മണിക്ക് പ്രഖ്യാപിക്കും.
ഇത് വലിയ ത്യാഗമൊന്നും അല്ല. ഇതിലും വലിയ വേദനകള്‍ സഹിച്ചു തൊഴിലെടുക്കുന്ന എത്രയോ പേരുണ്ട്. എനിക്കിതൊരു സന്തോഷമാണ്. അതുകൊണ്ട് പങ്കുവെയ്ക്കുന്നു,” എന്നായിരുന്നു പിഷാരടി ചിത്രത്തിനൊപ്പം കുറിച്ചത്.
രമേഷ് പിഷാരടി ഒരു വ്യത്യസ്ത വേഷത്തിലാണ് ഈ സിനിമയില്‍ എത്തുന്നത്. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളിലും പിഷാരടി മാത്രമാണുള്ളത്. മറ്റ് ചില കഥാപാത്രങ്ങള്‍ ഫ്ളാഷ്ബാക്കുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
View this post on Instagram
സര്‍വൈവല്‍ ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിധിന്‍ ദേവീദാസാണ്. റിമോ എന്റെര്‍ടേയ്ന്‍മന്റ്സിന്റെ ബാനറില്‍ എം.എസ് റിമോഷാണ് ചിത്രം നിര്‍മിക്കുന്നത്.
ബേസില്‍ ജോസഫ്, രവീണ നായര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 17 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
Content Highlight: ramesh pisharody shares the pictures from set