ലാലേട്ടന്റെ വീടിന് മുമ്പില്‍ ആള് കൂടി പ്രകടനം നടക്കുന്നു എന്ന വാര്‍ത്ത കണ്ടതും മമ്മൂക്ക അസ്വസ്ഥനായി, മൂഡെല്ലാം മാറി : രമേഷ് പിഷാരടി
Film News
ലാലേട്ടന്റെ വീടിന് മുമ്പില്‍ ആള് കൂടി പ്രകടനം നടക്കുന്നു എന്ന വാര്‍ത്ത കണ്ടതും മമ്മൂക്ക അസ്വസ്ഥനായി, മൂഡെല്ലാം മാറി : രമേഷ് പിഷാരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd April 2022, 12:24 pm

നടന്‍ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ ‘ഗാനഗന്ധര്‍വ്വന്‍’. മമ്മൂട്ടി നായകനായ ചിത്രത്തില്‍ പുതുമുഖമായ വന്ദിത മനോഹരനായിരുന്നു നായിക. കലാസദന്‍ ഉല്ലാസ് എന്ന ഗാനമേള ഗായകനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്.

ഗാനഗന്ധര്‍വ്വന്‍ സിനിമയുടെ കഥ പറയാന്‍ പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് പിഷാരടി. ആ സമയത്ത് അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നും അവസാനം ക്ലൈമാക്സിന്റെ ഒരു ഡയലോഗും കുറച്ച് വരികളും മാത്രമാണ് അദ്ദേഹത്തോട് പറഞ്ഞതെന്നും പിഷാരടി പറഞ്ഞു. ഫില്‍മി ബീറ്റ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”മമ്മൂക്കയുമായി 15 വര്‍ഷത്തെ പരിചയമുണ്ട് എനിക്ക്. ഇമ്മാനുവല്‍ എന്ന സിനിമയില്‍ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. പല പരിപാടികളിലും വെച്ച് അദ്ദേഹത്തെ കാണാറുമുണ്ട്. എന്നാല്‍ അദ്ദേഹം എനിക്ക് കുറച്ച് കൂടി സ്വാതന്ത്ര്യം നല്‍കിയത് ഗാനഗന്ധര്‍വ്വന് ശേഷമാണ്.

ഗാനഗന്ധര്‍വ്വന്‍ സിനിമയുടെ കഥ പറയാന്‍ മമ്മൂക്കയെ സമീപിച്ചപ്പോള്‍ അദ്ദേഹം കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. കോഴിക്കോട് പോകുന്ന വഴിക്ക് എന്നോട് പറഞ്ഞത് ഇടപ്പള്ളിയില്‍ നിന്നും കാറില്‍ കേറുക, ഒരു പറവൂര്‍ കൊടുങ്ങല്ലൂരിനുള്ളില്‍ കഥ പറയണമെന്നാണ്. എന്റെ കാര്‍ പുറകെ വരും. അദ്ദേഹത്തിന് സമയമില്ല. അപ്പോള്‍ കാറിലിരുന്ന് കഥ കേള്‍ക്കും. കൊടുങ്ങല്ലൂര്‍ ആവുമ്പോള്‍ കഥ പറഞ്ഞ് കഴിഞ്ഞ് എനിക്കിറങ്ങി എന്റെ കാറില്‍ പോകാം,” പിഷാരടി പറഞ്ഞു.

”പക്ഷേ, എനിക്ക് തോന്നുന്നു ആ ദിവസം അമ്മ സംഘടനയുമായി ബന്ധപ്പെട്ട് എന്തോ വിഷയം നടക്കുന്നുണ്ട്. അന്ന് ലാലേട്ടന്റെ വീടിന് മുമ്പില്‍ ആളുകള്‍ കൂടി പ്രകടനം നടക്കുന്നുണ്ടായിരുന്നു. മമ്മൂക്ക ഇത് വാര്‍ത്തയില്‍ കണ്ടതും ആകെ അസ്വസ്ഥനായി. ലാലിന്റെ അമ്മയ്ക്ക് വയ്യാതിരിക്കുകയാണ്. അതിന്റെയിടയില്‍ ഇവന്മാര്‍ വാതില്‍ക്കല്‍ ചെന്ന് പ്രകടനം വിളിക്കുന്നു എന്നൊക്കെ പറഞ്ഞ് മമ്മൂക്ക അസ്വസ്ഥനാവുകയും അദ്ദേഹത്തിന്റെ മൂഡ് ആകെ മാറുകയും ചെയ്തു.

കഥ പറയാന്‍ കോഴിക്കോട് വരെ വന്നാലോ എന്ന് മമ്മൂക്ക എന്നോട് ചോദിച്ചു. അങ്ങനെ ഞാന്‍ കോഴിക്കോട് വരെ പോയി. കോഴിക്കോട് എത്താന്‍ ഏതാണ്ട് പത്ത് കിലോമീറ്റര്‍ ഉള്ളപ്പോഴും കഥ പറഞ്ഞ് തുടങ്ങിയിട്ടുണ്ടായിരുന്നില്ല. വേറെ കാര്യങ്ങളാണ് നമ്മള്‍ സംസാരിച്ചത്. അവസാനം സ്ഥലം എത്താറായപ്പോള്‍ സിനിമയുടെ ക്ലൈമാക്സിന്റെ ഒരു ഡയലോഗും കുറച്ച് വരികളും മാത്രം അദ്ദേഹത്തോട് പറഞ്ഞു. താന്‍ ഒന്ന് കൂടെ അത് ഡെവലപ്പ് ചെയ്ത് കൊണ്ട് വരൂ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാന്‍ കോഴിക്കോട് ഇറങ്ങി ഫ്ളൈറ്റില്‍ തിരിച്ച് കൊച്ചിയിലേക്ക് വന്നു. ഇതാണ് സിനിമയുടെ കഥ പറയാന്‍ പോയ സമയത്തുള്ള ഓര്‍മ,” രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിതിന്‍ ദേവദാസിന്റെ സംവിധാനത്തില്‍ രമേഷ് പിഷാരടി നായകനാവുന്ന ‘നോ വേ ഔട്ട്’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. റെമോ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ റെമോഷ് എം.എസ് നിര്‍മിച്ചിരിക്കുന്ന നോ വേ ഔട്ടില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്‍. എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നോ വേ ഔട്ടിന് പുറമെ മമ്മൂട്ടി നായകനാവുന്ന ‘സി.ബി.ഐ 5 ദി ബ്രെയ്‌നി’ലും പിഷാരടി അഭിനയിക്കുന്നുണ്ട്. മെയ് ഒന്നിനാണ് സി.ബി.ഐ 5 തിയേറ്ററുകളിലെത്തുന്നത്.

Content Highlight: ramesh Pisharody shares his experience with mammooty when he went to tell the story of the film Gana Gandharva.