മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി. മിമിക്രി താരമായെത്തി അവതാരകനായും നടനായും ഒടുവില്‍ സംവിധായകനായും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് അദ്ദേഹം.
2007ല്‍ പുറത്തിറങ്ങിയ നസ്രാണി എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെയാണ് താരം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
തിയേറ്ററില്‍ പോയപ്പോള്‍ ഒരാള്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കിയതിനെ കുറിച്ചും പിന്നീട് അയാള്‍ ബാധ്യതയായതിനെ കുറിച്ചും പറയുകയാണ് പിഷാരടി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
”എനിക്ക് ബാധ്യതയായി തോന്നിയ ഒരുപാട് പേരുണ്ട്. ഈ അടുത്ത കാലം വരെ നോ പറയാന്‍ എനിക്കറിയില്ലായിരുന്നു. ചേട്ടാ നമ്പര്‍ തരുമോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ കൊടുക്കും. വേറെയും ഇഷ്ടം പോലെ ബാധ്യതകളുണ്ടായിട്ടുണ്ട്.
ഞാന്‍ നരന്‍ എന്ന സിനിമ കാണാന്‍ തിയേറ്ററില്‍ പോയപ്പോള്‍ അവിടെ ഒരുത്തന്‍ എന്റെ അടുത്ത് വന്ന് വര്‍ത്തമാനം പറഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. ബാക്കി ഉള്ളവര്‍ക്ക് ഇവന്‍ എന്റെ കൂടെ വന്നതാണ് എന്നേ തോന്നുകയുള്ളു. പക്ഷേ ഇവന്‍ എന്റെ കൂടെ വന്നവനല്ല. എനിക്ക് ഇവനെ അറിയില്ല.
തിയേറ്ററില്‍ ഇവന്‍ എന്റെ കൂടെ വന്ന് ഇരിക്കുകയും ചെയ്തു. ഇവന്‍ കുറച്ച് കഴിഞ്ഞ് കടല വാങ്ങി കൊണ്ട് വരും, എനിക്ക് വെച്ച് നീട്ടും. ഞാന്‍ അതില്‍ നിന്ന് രണ്ടെണ്ണം തിന്നും, ഇവനും തിന്നും.
ഒരു പച്ച ഷര്‍ട്ടാണ് അവനിട്ടത്. തിയേറ്ററില്‍ ലൈറ്റ് ഓഫ് ചെയ്തപ്പോള്‍ ഇവന്റെ ഷര്‍ട്ട് തിളങ്ങുകയാണ്. ഇവനെ മാത്രം മകരവിളക്ക് തെളിഞ്ഞ് നില്‍ക്കുന്നത് പോലെ തിയേറ്ററില്‍ തെളിഞ്ഞ് കാണുകയാണ്. അപ്പോള്‍ തൊട്ട് ഇവന്‍ എനിക്ക് ബാധ്യതയായി. എന്ത് ചെയ്യാന്‍ പറ്റും. ഒരു രക്ഷയുമില്ല.
ഇന്റര്‍വെല്ലിന് പുറത്ത് പോയിട്ട് ഇവനെ കാണാനില്ല. ഞാന്‍ രക്ഷപ്പെട്ടു എന്ന് വിചാരിച്ചു. പത്ത് മിനിറ്റ് കഴിഞ്ഞ് ഇവന്‍ വിണ്ടും നടന്ന് വരികയാണ്. ഇവന്‍ കയറി വരുമ്പോള്‍ എല്ലാവരും തിയേറ്ററില്‍ കയ്യടിക്കുകയാണ്. ഇതൊക്കെ നമുക്ക് ബാധ്യതയാണ്.
ഇത് പോലെ ഒരു ഷര്‍ട്ടിട്ട് എന്റെ കൂടെ ഞാന്‍ എവിടെയെങ്കിലും ഒരാളെ കൊണ്ട് പോവുമോ? കുറച്ച് കഴിഞ്ഞ് ഞാന്‍ ഇവനോട് എന്ത് ഷര്‍ട്ടാണ് നീയിട്ടത് എന്ന് ചോദിച്ചപ്പോള്‍ ഇത് പോലുള്ള അഞ്ച് ഷര്‍ട്ട് കൂടിയുണ്ട് എന്നായിരുന്നു അവന്റെ മറുപടി. അങ്ങനെ പല കാലഘട്ടങ്ങളില്‍ നമുക്ക് ആവശ്യമില്ലാത്ത പലരും നമുക്ക് ബാധ്യതയായിട്ടുണ്ട്,” രമേഷ് പിഷാരടി പറഞ്ഞു.
”വേറെ ഒരാളുണ്ട്. രാത്രി മാത്രം വിളിക്കുകയുള്ളൂ. അര്‍ധരാത്രി രണ്ടര മൂന്ന് മണിയാവുമ്പോള്‍ വിളിക്കും. ഒരു ദിവസം മൂന്ന് മണിയ്ക്ക് എന്നെ വിളിച്ചിട്ട് രാജ് കലേഷിന്റെ നമ്പര്‍ തരുമോ എന്ന്് ചോദിച്ചു. എനിക്ക് ദേഷ്യം വന്ന് അയാളെ ഞാന്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ട്,” രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിതിന്‍ ദേവിദാസിന്റെ സംവിധാനത്തില്‍ രമേഷ് പിഷാരടി നായകനായ ‘നോ വേ ഔട്ട്’ എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 2009ലെ ‘കപ്പല് മുതലാളി’ എന്ന ചിത്രത്തിന് ശേഷം പിഷാരടി നായകനായ ചിത്രം കൂടിയാണ് നോ വേ ഔട്ട്.
റെമോ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ റെമോഷ് എം. എസ് നിര്‍മിച്ചിരിക്കുന്ന നോ വേ ഔട്ടില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്‍. എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.