| Sunday, 5th February 2023, 3:09 pm

ധര്‍മ്മജന്‍ പറയടാ എന്ന് പറഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ ഇറങ്ങിയോടി: രമേഷ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉറ്റ സുഹൃത്തുക്കളായ രണ്ട് താരങ്ങളാണ് രമേഷ് പിഷാരടിയും ധര്‍മജന്‍ ബോള്‍ഗാട്ടിയും. സ്‌റ്റേജ് പരിപാടികളില്‍ ഇരുവരും ഒരുമിച്ച് പെര്‍ഫോം ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ഒരുമിച്ച് ചെയ്ത ഒരു പ്രൊഗ്രാമിന്റെ സമയത്തുണ്ടായ രസകരമായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി.

ഇരുവരും സ്റ്റേജ് ഷോയുടെ ഭാഗമായി പെണ്‍ വേഷത്തിലൊരുങ്ങി നില്‍ക്കുകയായിരുന്നു എന്നും ബ്രേക്ക് വന്നപ്പോള്‍ അതേ വേഷത്തില്‍ രണ്ട് പേരും ഹാളില്‍ പോയി കിടന്നുവന്നും തുടര്‍ന്ന് ചില രസകരമായ സംഭവങ്ങള്‍ നടന്നുവെന്നും പറയുകയാണ് പിഷാരടി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാനും ധര്‍മജനും പരിപാടിയുടെ ഒരു എപ്പിസോഡ് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി പെണ്‍ വേഷം കെട്ടിയിരുന്നു. ഷൂട്ടിനിടയില്‍ ഉച്ചക്ക് ബ്രേക്ക് വന്നു. അങ്ങനെ മേക്കപ്പൊന്നും മാറ്റാതെ ഞങ്ങള്‍ ഒരു ഹാളില്‍ പോയിരുന്നു. ചെറുതായി ഞങ്ങള്‍ അവിടെ കിടന്ന് ഒന്നുറങ്ങി. അതേസമയം തന്നെ ചാനലില്‍ രണ്ട് രണ്ടര വയസുള്ള കുട്ടികളുടെ പരിപാടി നടക്കുന്നുണ്ടായിരുന്നു. അതില്‍ പങ്കെടുക്കാന്‍ കുറേ അമ്മമാരും കുട്ടികളും വന്നിട്ടുണ്ടായിരുന്നു.

താനും ധര്‍മ്മനും സെറ്റിയില്‍ കിടന്ന് ഉറങ്ങുകയാണ്. ആ സമയം രണ്ട് സ്ത്രീകള്‍ ഞങ്ങളുടെ അടുത്ത് വന്നിരുന്നു. കുറച്ച് അമ്മമാര്‍ ഞങ്ങളുടെ അപ്പുറത്തും വന്നിരുന്നു. അവര്‍ക്കും ആ സമയത്ത് ബ്രേക്കായിരുന്നു. അപ്പുറത്തേയും ഇപ്പുറത്തേയും ഫ്ളോറുകളിലായിട്ടാണ് രണ്ട് പരിപാടികളുടെയും ഷൂട്ട് നടക്കുന്നത്.

കുറച്ച് കഴിഞ്ഞ് പ്രസവം, അടുത്ത കുട്ടി വേണോ വേണ്ടയോ തുടങ്ങി ഇവര്‍ തമ്മില്‍ വിമണ്‍സ് ഓണ്‍ലി ചര്‍ച്ചകള്‍ തുടങ്ങി. ഞാനും ധര്‍മ്മനും ഇതിന്റെ ഇടയിലാണ് കിടന്നുറങ്ങുന്നത്. ഇതിനിടയില്‍ ധര്‍മ്മന് ഒരു കോള്‍ വന്നു. അവന്‍ ഫോണ്‍ എടുത്ത് ‘ആ പറയടാ’ എന്ന് പറഞ്ഞതും ഈ പെണ്ണുങ്ങളൊക്കെ ‘അയ്യോ’ എന്ന് പറഞ്ഞ് എഴുന്നേറ്റ് ഓടി.

അവര്‍ പറയുന്നതൊന്നും ഞങ്ങള്‍ ശ്രദ്ധിക്കുന്നില്ലായിരുന്നു. ഞങ്ങള്‍ എഴുനേറ്റ് പോയാലും ഇതേ അവസ്ഥ തന്നെയല്ലേ ഉണ്ടാവുക. മിണ്ടാതെ പോവുകയാണെങ്കില്‍ അങ്ങനെയാകട്ടെ എന്നുകരുതിയാണ് മിണ്ടാതെയിരുന്നത്,’ രമേഷ് പിഷാരടി പറഞ്ഞു.

content highlight: ramesh pisharody shares a funny experience with darmajan

We use cookies to give you the best possible experience. Learn more