| Thursday, 18th March 2021, 11:47 pm

'ചാക്കോച്ചനോട് ആദ്യം ഉണ്ടായ വികാരം കട്ട അസൂയ'; രസകരമായ അനുഭവം പങ്കുവെച്ച് രമേഷ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബനോട് ആദ്യം ഉണ്ടായ വികാരം അസൂയയായിരുന്നെന്ന് നടനും അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടി. ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പിഷാരടി ഇക്കാര്യം തുറന്നുപറഞ്ഞത്.

ചാക്കോച്ചനോട് ആദ്യം ഉണ്ടായ വികാരം കട്ട അസൂയയായിരുന്നു. തന്റെ കോളേജിലെ പെണ്‍കുട്ടികള്‍ ഓട്ടോഗ്രാഫിലും നോട്ട്ബുക്ക് കവറിലുമെല്ലാം ചാക്കോച്ചന്റെ ഫോട്ടോ കൊണ്ടു നടക്കുക. പി.സി.എം കോളേജില്‍ ചാക്കോച്ചന്‍ ഉദ്ഘാടനത്തിനു വന്നപ്പോള്‍ തന്റെ ചേച്ചി പുള്ളീടെ ഫോട്ടോ വാങ്ങാന്‍ വീട്ടില്‍ നിന്ന് പൈസ ചോദിച്ചോണ്ടു പോവുക. ചാക്കോച്ചന്റെ ഫോട്ടോ വിറ്റുമാത്രം ഒരു സ്റ്റുഡിയോക്കാരന്‍ വീടു വെയ്ക്കുക? അങ്ങനത്തെ ഒരു അവസ്ഥ കണ്ടിട്ടുണ്ടെന്നും. അതിലെനിക്ക് ഭയങ്കര അസൂയ ഉണ്ടായിരുന്നെന്നുമാണ് രമേഷ് പിഷാരടി പറഞ്ഞത്.

താന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇടയ്ക്ക് ഉണ്ടായ അനുഭവം രമേഷ് പിഷാരടി പങ്കുവെച്ചു. ഞ്ചവര്‍ണ്ണതത്തയില്‍ ചാക്കോച്ചന്‍ ഓടി വരുമ്പോള്‍ പത്രം എറിഞ്ഞിട്ട് മുഖത്ത് കൊള്ളുന്ന ഒരു സീനുണ്ട്. അത് ചെയ്തിട്ട് എത്രയായിട്ടും ശരിയാവുന്നില്ല. ഒടുവില്‍ മണിയന്‍പിള്ള ചേട്ടന്‍ എന്നോട് എറിയാന്‍ പറഞ്ഞു. കാറ്റില്‍ പത്രം പറന്നുപോവാതിരിക്കാനും കറക്റ്റായി ഏറുകൊള്ളാനും അതിനകത്ത് ഒരു ചെറിയ കഷ്ണം വെയിറ്റ് വെച്ചിട്ടുണ്ട്. പത്രം എറിയാനായി കയ്യിലെടുത്തപ്പോള്‍ എന്റെ മനസ്സൊന്നു പാളി. ഈ മുഖമാണല്ലോ ദൈവമേ പണ്ട് ഞാന്‍ അസൂയപ്പെട്ടു നോക്കിയിരുന്നത്, ഒരെണ്ണം അങ്ങട്… പിന്നെ ഞാനെന്റെ മനസ്സിനെ നിയന്ത്രിച്ചിട്ടാണ് എറിഞ്ഞത്,’ പിഷാരടി പറഞ്ഞു.

വിജയ് സൂപ്പറും പൗര്‍ണമിക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘മോഹന്‍കുമാര്‍ ഫാന്‍സ്’ മാര്‍ച്ച് 20നാണ് തിയേറ്ററുകളിലെത്തുന്നത്.
ബോബി-സഞ്ജയ് ആണ് ചിത്രത്തിന് കഥ ഒരുക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

പുതുമുഖം അനാര്‍ക്കലി നാസര്‍ ആണ് നായിക. സിദ്ദീഖ്, കെ.പി.എ.സി ലളിത, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Ramesh Pisharody shares a funny experience about actor Kunchacko Boban

We use cookies to give you the best possible experience. Learn more