| Monday, 18th April 2022, 11:55 pm

ഇടതു കലാകാരന്മാര്‍ നേരിടാത്ത ചോദ്യങ്ങള്‍ കോണ്‍ഗ്രസാകുമ്പോള്‍ കേള്‍ക്കേണ്ടിവരുന്നു; കോണ്‍ഗ്രസ് പ്രവേശനത്തില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തിന് ശ്രീകണ്ഠന്‍ നായരോട് രമേഷ് പിഷാരടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇടതുപക്ഷ അനുഭാവികളായ കലാകാരന്മാര്‍ നേരിടേണ്ടിവരാത്ത ചോദ്യങ്ങള്‍ കോണ്‍ഗ്രസുകാരനായതുകൊണ്ട് തനിക്ക് നേരിടേണ്ടിവരുന്നുവെന്ന് നടനും സംവിധായകനുമായി രമേഷ് പിഷാരടി.

മാധ്യമപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ നായരുമൊത്ത് ഫ്ലവേഴ്സ് ടി.വിയുടെ ‘ഒരു കോടി’ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു പിഷാരടിയുടെ പ്രതികരണം.

‘എന്റെ അറിവുകള്‍ വെച്ച്(ചിലപ്പൊ തെറ്റായിരിക്കും) നോക്കുമ്പോള്‍ ഇതായിരിക്കും ആശയപരമായി നല്ലതെന്ന് തോന്നിയതിനാലാണ് കോണ്‍ഗ്രസിന്റെ ഭാഗമായത്,’ എന്ന് പിഷാരടി പറഞ്ഞപ്പോള്‍ അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ ‘ഇപ്പോള്‍ അതില്‍ വിഷമമുണ്ടോയെന്നും അങ്ങനെയൊരു തീരുമാനം എടുക്കേണ്ടിയില്ലായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ,’ എന്നും ചോദിക്കുമ്പോള്‍ ‘ഇല്ല, ഒരിക്കലും ഇല്ല,’ എന്നാണ് പിഷാരടി മറുപടി പറയുന്നത്.

ഞാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്നതുകൊണ്ടാണ് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ നേരിടേണ്ടിവരുന്നത്. കേരളത്തിലുള്ള കലാകാരന്മാരില്‍ ഒരുപാടധികം ആളുകള്‍ കമ്മ്യൂണിസ്റ്റാണ്, അവരാരും അവരുടെ രാഷ്ട്രീയ ഐഡന്റിറ്റി പ്രഖ്യാപിച്ചാലോ പ്രചരണത്തിന് പോയാലോ, പ്രവര്‍ത്തനത്തിന് പോയലോ, ഇലക്ഷന് നിന്നാലോ ഒന്നും ഒരു സ്ഥലത്തും ഇതൊരു കുഴപ്പമായോ എന്ന തരത്തിലുള്ള ചോദ്യം നേരിടേണ്ടി വരുന്നില്ല. കോണ്‍ഗ്രസിലായാല്‍ മാത്രമേ ചോദ്യം നേരിടേണ്ടിവരുന്നൊള്ളുവെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു. പരിപാടിയുടെ വീഡിയോ യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ ശബരിനാഥനും പങ്കുവെച്ചിട്ടുണ്ട്.

‘ഒരു കലാകാരന്‍ കോണ്‍ഗ്രസ് അനുഭാവിയാണെങ്കില്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങിയെങ്കില്‍ അവര്‍ക്ക് നേരെ ആയിരം ചോദ്യശരങ്ങളാണ്, പിന്നെ എല്ലാവരും ചേര്‍ന്നുള്ള ഓഡിറ്റിങ്ങും.

രമേശ് പിഷാരടി തന്റെ കോണ്‍ഗ്രസ് അനുകൂല നിലപാട് കൃത്യമായി, വ്യക്തമായി അവതരിപ്പിക്കുന്നു,’ എന്നാണ് വീഡിയോ പങ്കുവെച്ച് ശബരിനാഥന്‍ ഫേസ്ബുക്കില്‍ എഴുതിയത്.

Content Highlights: Ramesh Pisharody says that he has to face the some questions  because he is a Congressman.

We use cookies to give you the best possible experience. Learn more