മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ രമേശ് പിഷാരടി ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത. 2018ല്‍ റിലീസായ ചിത്രത്തില്‍ ജയറാമായിരുന്നു നായകന്‍. അതുവരെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലായിരുന്നു ജയറാം പഞ്ചവര്‍ണ്ണതത്തയില്‍ പ്രത്യക്ഷപ്പെട്ടത്. മൊട്ടയടിച്ച് കുടവയറുമായി നടക്കുന്ന ജയറാമിന്റെ ലുക്ക് പ്രേക്ഷകര്‍ക്ക് ഫ്രഷ് ഫീല്‍ സമ്മാനിച്ചു. കോമഡിയോടൊപ്പം ഫീല്‍ ഗുഡ് അനുഭവം സമ്മാനിക്കാനും ചിത്രത്തിന് സാധിച്ചു.
ഇന്ത്യയിലെ മികച്ച സംവിധായകരിലൊരാളായ മണിരത്‌നം പഞ്ചവര്‍ണ്ണതത്ത കണ്ടിട്ടുണ്ടെന്ന് പറയുകയാണ് രമേശ് പിഷാരടി. ആ ചിത്രം കണ്ടിട്ടാണ് ജയറാമിനെ പൊന്നിയിന്‍ സെല്‍വനിലേക്ക് കാസ്റ്റ് ചെയ്തതെന്ന് ജയറാം തന്നോട് പറഞ്ഞിട്ടുണ്ടെന്നും അത് തനിക്ക് വളരെ സന്തോഷം തന്നിരുന്നുവെന്നും പിഷാരടി പറഞ്ഞു. ആ ചിത്രത്തിന്റെ കഥ താന്‍ ആദ്യം പറഞ്ഞത് നാദിര്‍ഷയോടായിരുന്നുവെന്നും തന്നോട് സംവിധാനം ചെയ്യാന്‍ പറഞ്ഞത് അദ്ദേഹമായിരുന്നെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ നിര്‍മാതാവായെത്തിയത് മണിയന്‍പിള്ള രാജുവായിരുന്നെന്നും പത്തുവര്‍ഷം മുമ്പ് തന്നെ മണിയന്‍പിള്ള രാജു തനിക്ക് തന്ന വാക്കിന്റെ പുറത്താണ് ആ സിനിമ നിര്‍മിച്ചതെന്നും പിഷാരടി പറഞ്ഞു. മിമിക്രിയുമായി നടക്കുന്ന തന്റെയടുത്ത് നിന്ന് കോമഡി ചിത്രമാണ് ആളുകള്‍ പ്രതീക്ഷിച്ചിരുന്നതെന്നും അത് തനിക്ക് ചെറിയൊരു ബാധ്യതയായിരുന്നെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് പിഷാരടി ഇക്കാര്യം പറഞ്ഞത്.
‘പഞ്ചവര്‍ണ്ണതത്ത കണ്ടിട്ടാണ് ജയറാമേട്ടനെ പൊന്നിയിന്‍ സെല്‍വനിലേക്ക് മണിരത്‌നം സാര്‍ വിളിക്കുന്നത്. ആള്‍വാര്‍ക്കടിയാന്‍ നമ്പി എന്ന ക്യാരക്ടറിന്റെ ഗെറ്റപ്പ് പഞ്ചവര്‍ണതത്തയിലെ ഗെറ്റപ്പ് പോലെയാണ്. മണിരത്‌നം സാര്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് എന്നോട് പറഞ്ഞത് ജയറാമേട്ടനാണ്. പുള്ളിയെ അങ്ങനെയൊരു ഗെറ്റപ്പില്‍ ആരും അതുവരെ ചിന്തിച്ചിട്ടു കൂടിയുണ്ടായിരുന്നില്ല. ആ സിനിമയുടെ കഥ ഞാന്‍ ആദ്യം നാദിര്‍ഷയോടാണ് പറഞ്ഞത്. ‘ഈ കഥ വേറെയാരും ചെയ്യണ്ട, നീ തന്നെ ചെയ്താല്‍ മതി’ എന്നാണ് നാദിര്‍ഷ പറഞ്ഞത്.
അതുപോലെ ‘നീ എന്നെങ്കിലും ഒരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ ഞാനത് പ്രൊഡ്യൂസ് ചെയ്യാം’ എന്ന് പത്തുവര്‍ഷം മുന്നേ മണിയന്‍പിള്ള രാജു ചേട്ടന്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് അദ്ദേഹം ഈ സിനിമയുടെ ഭാഗമാകുന്നത്. ഞാന്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുമ്പോള്‍ ഒരു കോമഡി സിനിമയാണ് ആളുകള്‍ എന്റെയടുത്ത് നിന്ന് പ്രതീക്ഷിക്കുന്നത്. അത് എനിക്കൊരു ബാധ്യതയായി തോന്നി’ രമേശ് പിഷാരടി പറഞ്ഞു.
Content Highlight: Ramesh Pisharody saying that Maniratnam selected Jayaram for Ponniyin Selvan after watching Panchavarnathatha